Your Image Description Your Image Description
Your Image Alt Text

2023ലെ ഏറ്റവും നിര്‍ണായകമായ കണ്ടെത്തലുകളിലൊന്നായിരുന്നു ചാറ്റ്ജിപിടി പോലുള്ള എഐ ചാറ്റ് ബോട്ടുകള്‍. എന്തും ഏതും ചോദിക്കാവുന്ന ചാറ്റ്ബോട്ടായിരിക്കും ഒരുപക്ഷേ 2024നെക്കുറിച്ച് പ്രവചനം നടത്താന്‍ ഏറ്റവും പറ്റിയത്. ഈ വര്‍ഷത്തില്‍ സംഭവിക്കാനിടയുള്ള പ്രധാന കാര്യങ്ങളെക്കുറിച്ചും നിര്‍മിത ബുദ്ധിയുടെ വിവിധ മേഖലകളിലെ സ്വാധീനത്തെക്കുറിച്ചും ചാറ്റ് ജിപിടിയോടും ഗൂഗിള്‍ ബാര്‍ഡിനോടും മറ്റും ചോദിച്ചു. ഉത്തരങ്ങള്‍ പലതും അമ്പരപ്പിക്കുന്നതായിരുന്നു.

ബുദ്ധിയെ വെല്ലും നിര്‍മിത ബുദ്ധി

മനുഷ്യനേയും മറികടക്കുമോ എന്നത് തുടക്കം മുതലേ നിര്‍മിത ബുദ്ധിയുടെ സാധ്യതയും ആശങ്കയുമായിരുന്നു. ഇതിനകം തന്നെ പല ജോലികളിലും വസ്തുക്കള്‍ തിരിച്ചറിയുന്നതിലും ഗെയിംസിലും ഭാഷയിലുമെല്ലാം നിര്‍മിത ബുദ്ധി മുന്നിലെത്തിയിട്ടുണ്ടെന്നാണ് ക്ലൗഡ്എ ഐ പറയുന്നത്. ആര്‍ട്ടിഫിഷ്യല്‍ ജനറല്‍ ഇന്റലിജന്‍സ്(എജിഐ) നിര്‍മിത ബുദ്ധികളിലും വരുന്നതിന്റെ സൂചനകള്‍ കണ്ടു തുടങ്ങുമെന്നും ക്ലൗഡ് പ്രവചിക്കുന്നു. എജിഐ ലഭിച്ചാല്‍ പിന്നെ നിര്‍മിതബുദ്ധിക്ക് മനുഷ്യരുടേതിനു സമാനമായ സവിശേഷബുദ്ധിയിലേക്കുള്ള യാത്ര എളുപ്പമാവും.

വലിയ തോതിലുള്ള നിക്ഷേപമാണ് നിര്‍മിതബുദ്ധിയുമായി ബന്ധപ്പെട്ട ഗവേഷണങ്ങള്‍ നടത്തുന്ന സ്റ്റാര്‍ട്ട്അപ്പുകളിലും കമ്പനികളിലും എത്തുന്നത്. ഇത് മേഖലയിലെ ഗവേഷണവും നേട്ടങ്ങളും വര്‍ധിപ്പിക്കും. പല വിഷയങ്ങളിലും സാഹചര്യങ്ങളിലും ഒത്തുപോവാനുള്ള മനുഷ്യന്റെ കഴിവിനു സമാനമായ കഴിവ് നിര്‍മിതബുദ്ധിയും ആര്‍ട്ടിഫിഷ്യല്‍ ജനറല്‍ ഇന്റലിജന്‍സ് പ്രാപ്തമായാല്‍ പ്രകടിപ്പിച്ചു തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡീപ്‌മൈന്‍ഡ്, ഓപണ്‍എഐ, ഗൂഗിള്‍ബ്രെയിന്‍, ആന്‍ത്രോപിക് എന്നിങ്ങനെയുള്ള നിര്‍മിത ബുദ്ധിക്കു പിന്നാലെയുള്ള കമ്പനികള്‍ എ ജി ഐ കൂടി ലക്ഷ്യമിടുന്നുണ്ട്.

മസ്തിഷ്‌കവും ചിപ്പും

ബാര്‍ഡ് പ്രവചിക്കുന്നത് 2024ല്‍ ബയോടെക്‌നോളജി വലിയതോതില്‍ മനുഷ്യരില്‍ മാറ്റങ്ങളുണ്ടാക്കുമെന്നാണ്. മനുഷ്യ മസ്തിഷ്‌കങ്ങള്‍ കമ്പ്യൂട്ടറുമായി ബന്ധിപ്പിക്കുന്ന ബ്രെയിന്‍ കമ്പ്യൂട്ടര്‍ ഇന്റര്‍ഫേസുകളുടെ കാര്യത്തില്‍ നിര്‍ണായകമായ കണ്ടെത്തലുകള്‍ നടക്കുമെന്നാണ് ബാര്‍ഡ് പ്രവചിക്കുന്നത്. ഇലോണ്‍ മസ്‌കിന്റെ ന്യൂറലിങ്ക് പോലുള്ള കമ്പനികള്‍ ഈ മേഖലയില്‍ വലിയ മുന്നേറ്റങ്ങള്‍ ലക്ഷ്യം വെക്കുന്നുണ്ട്.

ടെട്രിസ് ഗെയിമിന്റെ കിൽ സ്ക്രീനിൽ എത്തി വില്ലിസ് ഗിബ്സണ്‍; നിങ്ങൾക്കും താരമാകാം
ശാരീരികവും മാനസികവുമായ പല വെല്ലുവിളികളേയും മറികടക്കാന്‍ മനുഷ്യനെ ഇത്തരം കണ്ടെത്തലുകള്‍ സഹായിക്കും. പ്രത്യേകിച്ച് അപകടങ്ങളെ തുടര്‍ന്നോ അസുഖത്തെ തുടര്‍ന്നോ ശരീരം തളര്‍ന്നു കിടക്കുന്നവരെ പോലുള്ളവര്‍ക്കും പ്രായമായവര്‍ക്കും ബ്രെയിന്‍ കമ്പ്യൂട്ടര്‍ ഇന്‍ര്‍ഫേസുകള്‍ പുതിയ ജീവിതം തന്നെ നല്‍കും. ഇവരുടെ ആശയവിനിമയം കൂടുതല്‍ കാര്യക്ഷമമായി മാറും. മെഡിക്കല്‍ ട്രെയിനിങ്, ഗെയിമിങ് എന്നിങ്ങനെ വ്യത്യസ്തമായ മേഖലകളിലും ഇത്തരം കണ്ടെത്തലുകള്‍ നിര്‍ണായക സ്വാധീനമാവുമെന്നും ബാര്‍ഡിന്റെ പ്രവചനത്തിലുണ്ട്.

എഐ ചികിത്സ

ഓരോ വ്യക്തികളും സവിശേഷമാണെന്ന് നമുക്കറിയാം. എന്നാല്‍ പൊതുവേ വ്യക്തികള്‍ക്കുണ്ടാവുന്ന അസുഖങ്ങള്‍ക്ക് പൊതുവായ മരുന്നുകള്‍ നല്‍കുന്ന രീതിയാണ് ആധുനിക വൈദ്യശാസ്ത്രത്തിനുള്ളത്. ഇതിനു പകരം മരുന്നുകള്‍ വരും വര്‍ഷങ്ങളില്‍ കൂടുതല്‍ വ്യക്തിപരമാവുമെന്നാണ് എഐ പ്രവചനം. മാത്രമല്ല മരുന്നുകളുടേയും ചികിത്സയുടേയും കാര്യത്തില്‍ നിര്‍മിതബുദ്ധിയുടെ സ്വാധീനവും 2024ല്‍ വര്‍ധിക്കും.

ഓരോ വ്യക്തികളുടേയും ഭക്ഷണരീതിയും ശാരീരിക സവിശേഷതകളും ജീവിത ശൈലിയുമൊക്കെ കണക്കിലെടുത്ത് മരുന്നിലും മാറ്റങ്ങളുണ്ടാവും. ഈ മേഖലയില്‍ നിര്‍മിത ബുദ്ധിയുടെ ഇടപെടലും നിര്‍ണായകമാണ്. രോഗത്തിന്റെ അപകട സാധ്യതകള്‍ തിരിച്ചറിയാനും ചികിത്സ സൂഷ്മതയോടെ തെരഞ്ഞെടുക്കാനുമൊക്കെ നിര്‍മിത ബുദ്ധി കൂടി സഹായിക്കും. ഇലക്ട്രോണിക് ഹെല്‍ത്ത് റെക്കോഡുകളില്‍ പരതി മനുഷ്യര്‍ ശ്രദ്ധിക്കാത്ത, കണ്ടെത്താത്ത രോഗങ്ങളും രോഗലക്ഷണങ്ങളും തമ്മിലുള്ള ബന്ധം അടക്കം കണ്ടെത്താന്‍ നിര്‍മിത ബുദ്ധിക്ക് സാധിക്കും.

ചൈനയും അമേരിക്കയും തമ്മില്‍

ചൈനയും അമേരിക്കയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ വര്‍ധിക്കുമെന്നാണ് ആന്ത്രോപികിന്റെ കീഴിലുള്ള ക്ലൗഡ് പ്രവചിക്കുന്നത്. തയ്‌വാനും ചൈനയുമായുള്ള പ്രശ്‌നങ്ങളും വര്‍ധിക്കും. ചൈനയും അമേരിക്കയുടെ സഖ്യകക്ഷികളായ പാശ്ചാത്യ രാഷ്ട്രങ്ങളും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളും 2024ല്‍ വര്‍ധിക്കുമെന്നാണ് നിര്‍മിത ബുദ്ധി കണക്കുകൂട്ടുന്നത്. തായ്‌വാന്‍ സ്വാതന്ത്യം പ്രഖ്യാപിക്കാന്‍ ശ്രമിച്ചാല്‍ ചൈന സൈനിക നടപടിക്കു മടിക്കില്ലെന്നും ക്ലൗഡ് പ്രവചിക്കുന്നു.

തെരഞ്ഞെടുപ്പ് അട്ടിമറി

ലോകമെങ്ങുമുള്ള തെരഞ്ഞെടുപ്പുകളെ സാങ്കേതികവിദ്യ ഉപയോഗിച്ച് അട്ടിമറിക്കാനും സ്വാധീനിക്കാനുമുള്ള സാധ്യത ഏറെയാണെന്ന് ഗൂഗിളിന്റെ ബാര്‍ഡ് പ്രവചിക്കുന്നു. വോട്ടിങ് മെഷീനുകളുടെ പ്രവര്‍ത്തനത്തെ വരെ സ്വാധീനിക്കാവുന്ന ഇത്തരം സൈബര്‍ ആക്രമണങ്ങള്‍ തെരഞ്ഞെടുപ്പ് ഫലങ്ങളുടെ വിശ്വാസ്യത വരെ തകര്‍ക്കുമെന്നും ബാര്‍ഡ് മുന്നറിയിപ്പു നല്‍കുന്നുണ്ട്.

ബോട്ടുകളും ഫേക്ക് അക്കൗണ്ടുകളും ഉപയോഗിച്ച് വലിയ തോതില്‍ കാംപെയിനുകള്‍ നടത്താനും അതുവഴി വോട്ടര്‍മാരില്‍ സ്വാധീനിക്കാനുമുള്ള ശ്രമങ്ങള്‍ വ്യാപകമാവും. വോട്ടര്‍മാരുടെ നിര്‍ണായക വിവരങ്ങളും തെരഞ്ഞെടുപ്പ് പ്രചാരണ തന്ത്രങ്ങളും ചോര്‍ത്തി ബ്ലാക്ക്‌മെയില്‍ ചെയ്യുന്ന രീതികളും വര്‍ധിക്കും. ഡീപ് ഫെയ്ക് വിഡിയോകളും വ്യാജ ഓഡിയോകളുമെല്ലാം വലിയ തോതില്‍ പ്രചരിക്കാനും സാധ്യതയുണ്ടെന്നും ജനങ്ങളില്‍ സത്യവും അസത്യവും തമ്മില്‍ തിരിച്ചറിയാന്‍ പോലും സാധിക്കാത്ത വിധം ഇതു വളര്‍ന്നേക്കാമെന്നും നിര്‍മിത ബുദ്ധി ഓര്‍മിപ്പിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *