Your Image Description Your Image Description

ന്യൂഡൽഹി: ഇന്ത്യൻ ഐസിസി ചാമ്പ്യൻസ് ട്രോഫി ടീമിൽ നിന്ന് സഞ്ജു സാംസണെ ഒഴിവാക്കിയത് ആശങ്ക ഉയർത്തിയെന്ന് മുൻ ക്രിക്കറ്റ് താരം ഹർഭജൻ സിംഗ്. ഏകദിനത്തിൽ 56-ലധികം ശരാശരിയുള്ള സാംസൺ, 2023 ഡിസംബറിലാണ് അവസാനമായി ഫോർമാറ്റ് കളിച്ചത്. സ്ഥിരതയാർന്ന പ്രകടനങ്ങൾക്കിടയിലും പിന്നീട് സഞ്ജു അവഗണിക്കപ്പെട്ടു. സഞ്ജുവിനെക്കുറിച്ചോര്‍ക്കുമ്പോള്‍ തനിക്ക് സങ്കടമുണ്ടെന്നും താരം എങ്ങനെയാണ് ഈ സാഹചര്യം അതിജീവിക്കുന്നതെന്ന് തന്നെ അത്ഭുതപ്പെടുത്തുന്നുവെന്നും ഹര്‍ഭജന്‍ പറഞ്ഞു.

‘സത്യം പറഞ്ഞാല്‍ സഞ്ജുവിനെ കുറിച്ച് ഓർത്ത് എനിക്ക് സങ്കടമുണ്ട്. എത്ര റൺസ് നേടിയാലും സഞ്ജുവിനെ ഒഴിവാക്കും. ചാമ്പ്യൻസ് ട്രോഫി ടീമില്‍ 15 പേരെ മാത്രമേ പരമാവധി ഉള്‍പ്പെടുത്താനാവൂ എന്ന് എനിക്കറിയാം. പക്ഷേ, സഞ്ജുവിന്‍റെ കളിശൈലിക്ക് ഏറ്റവും കൂടുതല്‍ യോജിക്കുന്ന ഫോര്‍മാറ്റ് ഏകദിനമാണ്. മധ്യനിരയിൽ റൺ കുറയുമ്പോൾ ആശ്രയിക്കാവുന്ന ചുരുക്കം താരങ്ങളിൽ ഒരാളാണ് സഞ്ജു’,ഹർഭജൻ പറഞ്ഞു.

‘അവസാനം കളിച്ച ടി 20 പരമ്പരകളിലും ഇപ്പോൾ കളിക്കുന്ന പരമ്പരയിലും താരം മിന്നുന്ന ഫോമിൽ തന്നെ. എന്നിട്ടും രണ്ടാം വിക്കറ്റ് കീപ്പറായിപ്പോലും സഞ്ജുവിനെ ചാമ്പ്യൻസ് ട്രോഫി ടീമിലേക്ക് പരിഗണിക്കാത്തത് മോശമാണ്. സഞ്ജുവിനെ ടീമിലെടുക്കുന്നതിനെക്കുറിച്ച് ചോദിക്കുമ്പോൾ ആരുടെ സ്ഥാനത്ത് എന്നതാണ് പലരും ചോദിക്കുന്നത്. സ്ഥാനങ്ങളൊക്കെ വിചാരിച്ചാല്‍ ഉണ്ടാക്കാവുന്നതേയുള്ളൂ. സ്പെഷ്യലിസ്റ്റ് കീപ്പറായി അല്ലാതെ ടീമിൽ ഉൾപ്പെടുത്തിയാൽ എന്താണ് പ്രശ്‌നമെന്ന് എനിക്ക് മനസിലാകുന്നില്ല,’ ഹർഭജൻ കൂട്ടിച്ചേർത്തു.

ലെഗ് സ്പിന്നർ യുസ്‌വേന്ദ്ര ചഹലിനെ ഒഴിവാക്കിയതിനെയും ഹർഭജൻ വിമർശിച്ചു. ‘ഇത് ഇന്ത്യയുടെ സ്പിൻ ആക്രമണത്തിലെ വ്യതിയാനത്തിൻ്റെ അഭാവം എടുത്തുകാണിച്ചു. നിങ്ങൾ നാല് സ്പിന്നർമാരെ തിരഞ്ഞെടുത്തു, അവരിൽ രണ്ട് പേർ ഇടംകൈയ്യൻമാർ. വ്യത്യസ്തതയ്ക്കായി നിങ്ങൾക്ക് ഒരു ലെഗ് സ്പിന്നറെ ഉൾപ്പെടുത്താമായിരുന്നു. ചഹൽ ഒരു മികച്ച ബൗളറാണ്. അയാളെ ഒഴിവാക്കാൻ എന്ത് തെറ്റാണ് ചെയ്തതെന്ന് എനിക്കറിയില്ല’ ഹർഭജൻ ചോദിച്ചു.

ഋഷഭ് പന്ത്, കെ.എൽ. രാഹുൽ, എന്നിവരാണ് വിക്കറ്റ് കീപ്പറായി ചാമ്പ്യൻസ് ട്രോഫി ടീമിലിടം നേടിയത്. സഞ്ജുവിനെ ഉൾപ്പെടുത്താതിൽ ഇന്ത്യൻ ടീമിനെതിരെയും സെലക്ടർമാർക്കെതിരെയും ഒട്ടനവധിപ്പേർ വിമർശനമുന്നയിച്ച് രംഗത്തെത്തിയിരുന്നു. നിലവിൽ ഇംഗ്ലണ്ടിനെതിരെയുള്ള ട്വന്‍റി-20 പരമ്പരയിൽ കളിക്കുകയാണ് സഞ്ജു. ആദ്യ ഏകദിനത്തിൽ 20 പന്തിൽ നിന്നും 26 റൺസ് അദ്ദേഹം സ്വന്തമാക്കിയിരുന്നു. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ രണ്ടാം ട്വന്‍റി-20 മത്സരം ഇന്നാണ്.

Leave a Reply

Your email address will not be published. Required fields are marked *