Your Image Description Your Image Description

ബെം​ഗളൂരു: കർണാടക സർക്കാർ പ്രഖ്യാപിച്ച മികച്ച നടനുള്ള പുരസ്കാരം നിരസിച്ച് നടൻ കിച്ച സുദീപ്. വ്യക്തിപരമായ കാരണങ്ങൾക്കൊണ്ടാണ് പുരസ്കാരം നിരസിച്ചതെന്ന് താരം വ്യക്തമാക്കി. അടുത്തിടെയാണ് കർണാടക സർക്കാർ 2019 -ലെ ചലച്ചിത്ര ഉരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. അതേവർഷം തന്നെ റിലീസ് ചെയ്ത ‘പൈൽവാൻ’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് കിച്ചാ സുദീപിനെ മികച്ച നടനായി തെരഞ്ഞെടുത്തത്. എന്നാൽ ഈ പുരസ്കാരം താൻ സ്വീകരിക്കില്ലെന്നും അർഹതപ്പെട്ട മറ്റാർക്കെങ്കിലും നൽകണമെന്നും താരം സർക്കാരിനോടും ജൂറി അംഗങ്ങളോടും അഭ്യർത്ഥിച്ചു. തന്റെ തന്നെ സമൂഹ മാധ്യമ അക്കൗണ്ടിലൂടെയായിരുന്നു നടൻ ഇക്കാര്യം അറിയിച്ചത്.

കുറെ നാളുകളായി പുരസ്കാരങ്ങളൊന്നും സ്വീകരിക്കില്ലെന്ന് താൻ തീരുമാനിച്ചിട്ടുണ്ടെന്നാണ് അവാർഡ് നിരസിച്ചതിന് കാരണമായി കിച്ച സുദീപ് വിശദീകരിച്ചിരിക്കുന്നത്. ഭാവിയിലും ഒരു പുരസ്കാരവും സ്വീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വ്യക്തിപരമായ കാരണങ്ങൾകൊണ്ടാണ് ഇങ്ങനെയൊരു തീരുമാനമെടുത്തത്. സിനിമയ്ക്കുവേണ്ടി ഹൃദയം നൽകിയ അർഹരായ മറ്റ് അഭിനേതാക്കൾ ഇൻഡസ്ട്രിയിലുണ്ട്. ഈ പുരസ്കാരം അങ്ങനെ ആർക്കെങ്കിലും നൽകണം. അതുകാണുമ്പോൾ താൻ ഏറെ സന്തോഷിക്കുമെന്നും അദ്ദേഹം കുറിച്ചു.

“പുരസ്കാരങ്ങൾ ലഭിക്കണമെന്ന ഉദ്ദേശത്തോടെയല്ല ആളുകളെ രസിപ്പിക്കുന്നതിനായുള്ള എന്റെ സമർപ്പണം. കൂടുതൽ മികവിനായി പരിശ്രമിക്കാനുള്ള പ്രോത്സാഹനമായാണ് ജൂറിയിൽ നിന്നുള്ള ഈ അം​ഗീകാരത്തെ കാണുന്നത്. എന്നെ തിരഞ്ഞെടുത്തതിന് എല്ലാ ജൂറി അംഗങ്ങളോടും ഞാൻ നന്ദിയുള്ളവനാണ്. കാരണം ഈ അംഗീകാരം തന്നെ എന്റെ പ്രതിഫലമാണ്. എന്റെ തീരുമാനം ഉണ്ടാക്കിയേക്കാവുന്ന ഏതൊരു നിരാശയ്ക്കും ജൂറി അംഗങ്ങളോടും സംസ്ഥാന സർക്കാരിനോടും ഞാൻ ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു. എന്റെ തിരഞ്ഞെടുപ്പിനെ നിങ്ങൾ ബഹുമാനിക്കുകയും ഞാൻ തിരഞ്ഞെടുത്ത പാതയിൽ എന്നെ പിന്തുണയ്ക്കുകയും ചെയ്യുമെന്ന് ഞാൻ വിശ്വസിക്കുന്നു. എന്റെ പ്രവർത്തനത്തെ അംഗീകരിച്ചതിനും ഈ അവാർഡിന് എന്നെ പരിഗണിച്ചതിനും ബഹുമാനപ്പെട്ട ജൂറി അംഗങ്ങൾക്കും സംസ്ഥാന സർക്കാരിനും ഒരിക്കൽ കൂടി നന്ദി പറയുന്നു.” സുദീപ് കൂട്ടിച്ചേർത്തു.

2019-ലെ ചലച്ചിത്ര പുരസ്കാരങ്ങൾ രണ്ടുദിവസം മുൻപാണ് കർണാടക സർക്കാർ പ്രഖ്യാപിച്ചത്. കോവിഡ് മഹാമാരി കാരണമാണ് പുരസ്കാരം പ്രഖ്യാപനം ഇത്രയും വർഷം നീണ്ടത്. അനുപമ ​ഗൗഡയാണ് മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത്. കിച്ചാ സുദീപ് പുരസ്കാരം നിരസിക്കുമെന്നത് സംബന്ധിച്ച വാർത്തകൾ ഈയടുത്ത ദിവസങ്ങളിൽ ചില കന്ന‍ടമാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു നടന്റെ സോഷ്യൽ മീഡിയ പോസ്റ്റ് വന്നത്.

Leave a Reply

Your email address will not be published. Required fields are marked *