Your Image Description Your Image Description

ജോലിയോട് മടുപ്പ് തോന്നുമ്പോൾ രാജി വച്ചാലോ എന്ന് ചിന്തിക്കുന്നവരാണ് മിക്കവരും. എന്നാൽ പുതിയ ഒരു ജോലി കിട്ടാനുള്ള ബുദ്ധിമുട്ടുകൾ ആലോചിച്ചാണ് ജോലിയിൽ തുടരുന്നത്. അങ്ങനെയിരിക്കുമ്പോൾ നമ്മൾ അറിയാതെ നമ്മളുടെ രാജിക്കത്ത് കമ്പനിയിൽ എത്തിയാൽ എന്ത് ചെയ്യും? ഇവിടെ താരം ഒരു പൂച്ചയാണ്. മീൻ കട്ടു തിന്നാന്‍ മാത്രമല്ല, വേണ്ടി വന്നാല്‍ പണി കളയാനുള്ള ‘പണി’ തരാനും വളര്‍ത്തുപൂച്ചയ്ക്ക് സാധിക്കുമെന്ന് ഇതിൽ നിന്ന് മനസിലാക്കാം.

ചൈനയിലാണ് സംഭവം നടന്നത്. വളര്‍ത്തുപൂച്ചയുടെ ലീലാവിലാസത്തില്‍ ഒരു യുവതിക്ക് നഷ്ടമായത് ജോലിയാണ്. ഒപ്പം അവര്‍ക്ക് കിട്ടേണ്ട ബോണസും നഷ്ടപ്പെട്ടത്രേ. സംഭവം ഇങ്ങനെ. ജോലിയോടുള്ള മടുപ്പ് കൊണ്ടാകണം, തെക്കുപടിഞ്ഞാറൻ ചൈനയിലെ ചോങ്‌ക്വിംഗിൽ താമസിക്കുന്ന 25കാരിയായ യുവതി ബോസിന് അയക്കാന്‍ രാജിക്കത്ത് തയ്യാറാക്കി. രാജിക്കത്ത് തയ്യാറാക്കി കഴിഞ്ഞ് അവര്‍ക്ക് അത് അയയ്ക്കാന്‍ മടി തോന്നി. എന്നാല്‍ അത് വഴിയെത്തിയ പൂച്ച മേശയിലേക്ക് ചാടിക്കയറിയപ്പോള്‍ ‘എന്റര്‍’ ബട്ടണില്‍ സ്പര്‍ശിച്ചു. പിന്നാലെ യുവതിയുടെ രാജിക്കത്ത് ബോസിന് കിട്ടി.

രാജിക്കത്ത് എഴുതിയെങ്കിലും വളര്‍ത്തുമൃഗങ്ങളെ പോറ്റാന്‍ പണം ആവശ്യമായതിനാലാണ് അത് അയയ്ക്കാന്‍ മടി കാണിച്ചതെന്ന് യുവതി പറഞ്ഞു. എന്നാല്‍ പൂച്ച പെട്ടെന്ന് മേശയിലേക്ക് ചാടിക്കയറിയപ്പോള്‍ ലാപ്‌ടോപ്പിലെ എന്റര്‍ ബട്ടണില്‍ അമര്‍ത്തുകയായിരുന്നുവെന്ന് യുവതി പറഞ്ഞതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ വീട്ടിലെ നിരീക്ഷണ കാമറയില്‍ പതിഞ്ഞിട്ടുണ്ടെന്നാണ് യുവതിയുടെ അവകാശവാദം. ഒമ്പത് പൂച്ചകളെയാണ് യുവതി വളര്‍ത്തുന്നത്.

ഉടന്‍ തന്നെ സംഭവത്തിന്റെ നിജസ്ഥിതി ബോസിനെ ബോധ്യപ്പെടുത്താന്‍ യുവതി കിണഞ്ഞ് പരിശ്രമിച്ചു. പൂച്ചയാണ് എന്റര്‍ ബട്ടണ്‍ അമര്‍ത്തിയതെന്ന്‌ അവര്‍ പറഞ്ഞെങ്കിലും ബോസ് അത് മുഖവിലയ്‌ക്കെടുത്തില്ല. ബോസ് രാജി സ്വീകരിച്ചതിനെ തുടര്‍ന്ന് യുവതിയുടെ പണിയും പോയി. ഒപ്പം ലഭിക്കേണ്ടിയിരുന്ന വര്‍ഷാവസാന ബോണസും നഷ്ടപ്പെട്ടു. പൂച്ചകളെ പോറ്റാന്‍ പണമില്ലാതെ വലയുകയാണ് യുവതി.

നിലവില്‍ പുതിയ ജോലിക്ക് വേണ്ടിയുള്ള അന്വേഷണത്തിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവം ഉടന്‍ തന്നെ ചൈനയിലും, പിന്നീട് ലോകമെമ്പാടും വൈറലായി

Leave a Reply

Your email address will not be published. Required fields are marked *