Your Image Description Your Image Description

വീണ്ടും ഡീസല്‍കാര്‍ മോഡലുകള്‍ ഇന്ത്യയില്‍ അവതരിപ്പിക്കാനൊരുങ്ങി സ്‌കോഡ. അഞ്ചു വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് കമ്പനി ഡീസൽ കാർ ഇന്ത്യയിൽ അവതരിപ്പിക്കുന്നത്.ഡീസല്‍ കാര്‍ മോഡലായ സൂപ്പര്‍ബ് 4×4 ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ചു. 2.0 ലീറ്റര്‍ ഡീസല്‍ എന്‍ജിനുമായെത്തുന്ന സൂപ്പര്‍ബ് 193എച്ച്പി കരുത്തും 400എന്‍എം ടോര്‍ക്കും പുറത്തെടുക്കുന്ന വാഹനമാണ്.

എന്തുകൊണ്ട് വീണ്ടും ഡീസല്‍കാര്‍ മോഡലെന്നതിന് വ്യക്തമായ മറുപടിയും സ്‌കോഡ ഇന്ത്യന്‍ തലവനായ പീറ്റര്‍ ജനേബ നല്‍കുന്നുണ്ട്. ഇന്ത്യന്‍ ഉപഭോക്താക്കള്‍ ഡീസല്‍ കാറുകള്‍ ആഗ്രഹിക്കുന്നവരാണെന്നാണ് സ്‌കോഡ വിശദീകരിക്കുന്നത്. ‘നേരത്തെ ഇന്ത്യന്‍ വിപണിയില്‍ സ്‌കോഡ വിറ്റിരുന്ന കാറുകളില്‍ 80 ശതമാനവും ഡീസല്‍ മോഡലുകളായിരുന്നു. ഉപഭോക്താക്കള്‍ക്ക് ഡീസല്‍ മോഡലുകളോടുള്ള ഇഷ്ടം ഇന്നുമുണ്ട്’ എന്നാണ് പീറ്റര്‍ ജനേബ പറയുന്നത്.

ഹ്യുണ്ടേയ്, കിയ ടാറ്റ, മഹീന്ദ്ര തുടങ്ങിയ പ്രമുഖ വാഹന നിര്‍മാതാക്കൾ പ്രധാനമായും വില്‍പന നടത്തുന്നത് ഡീസല്‍ മോഡലുകളാണ്. മലിനീകരണ നിയന്ത്രണങ്ങള്‍ കര്‍ശനമാവുമ്പോഴും ഡീസല്‍മോഡലുകള്‍ക്കുള്ള ഈ വില്‍പന ഈ മോഡലുകളോടുള്ള ഉപഭോക്താക്കളുടെ ആകര്‍ഷണത്തിനുള്ള സൂചന കൂടിയാണ്. ആഡംബരകാര്‍ നിര്‍മാതാക്കളായ മെഴ്‌സിഡീസും ബിഎംഡബ്ല്യുവും ഡീസല്‍ മോഡലുകള്‍ വിപണിയിലെത്തിക്കുന്നുണ്ട്.

അതേസമയം ഇന്ത്യയില്‍ ആദ്യം എത്തിയപ്പോള്‍ ചെക്ക് വാഹന നിര്‍മാതാക്കളായ സ്‌കോഡ പ്രധാനമായും ഡീസല്‍ മോഡലുകളാണ് അവതരിപ്പിച്ചത്. കാര്യക്ഷമതയും കരുത്തുമായെത്തിയ സ്‌കോഡയുടെ ഡീസല്‍ മോഡലുകള്‍ക്ക് വലിയ സ്വീകാര്യത ലഭിക്കുകയും ചെയ്തു. ആദ്യ തലമുറ ഒക്ടാവിയ, സൂപ്പര്‍ബ്, റാപ്പിഡ് എന്നിങ്ങനെയുള്ള ഡീസല്‍ മോഡലുകളാണ് സ്‌കോഡയുടെ വില്‍പനയില്‍ വലിയ പങ്കും വഹിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *