Your Image Description Your Image Description

വാഷിങ്ടണ്‍: അമേരിക്കൻ പ്രസിഡന്റ് പദത്തില്‍ നിന്നും പടിയിറങ്ങും മുന്‍പ് നിര്‍ണായക നീക്കവുമായി ജോ ബൈഡന്‍. ഡോണള്‍ഡ് ട്രംപിന്റെ വിമര്‍ശകര്‍ക്ക് മാപ്പ് നല്‍കി. കൊവിഡ് റെസ്‌പോണ്‍സ് ടീമിന്റെ തലവന്‍ ആന്റണി ഫൗച്ചി, റിട്ട.ജനറല്‍ മാര്‍ക്ക് മില്ലി, ക്യാപിറ്റോള്‍ കലാപം അന്വേഷിച്ച സംഘാംഗങ്ങള്‍ എന്നിവര്‍ക്ക് മാപ്പ് പ്രഖ്യാപിച്ചു. ട്രംപ് സര്‍ക്കാരിന് ഇനി ഇവരെ പ്രൊസിക്യൂട്ട് ചെയ്യാനാകില്ല. പ്രത്യേക അധികാരം ഉപയോഗിച്ചാണ് ബൈഡന്റെ തീരുമാനം.നിയുക്ത പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് അധികാരത്തിലെത്തിയാല്‍ ഇവര്‍ക്കെതിരെ പ്രതികാര നടപടികള്‍ സ്വീകരിക്കാതിരിക്കാനാണ് ബൈഡന്‍ പ്രസിഡന്റിന്റെ പ്രത്യേക അധികാരം ഉപയോഗിച്ച് മാപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഒരാള്‍ക്കെതിരെ കുറ്റം ചുമത്തപ്പെടുകയോ കേസെടുത്ത് അന്വേഷണം നടത്തുകയോ ചെയ്യുന്നതിന് മുന്‍പുതന്നെ അയാളെ ശിക്ഷയില്‍ നിന്ന് ഒഴിവാക്കാനുള്ള പ്രസിഡന്റിന്റെ പ്രത്യേക അവകാശമാണിത്.
നേരത്തെ ട്രംപ് തന്റെ ശത്രുക്കളുടെ ലിസ്റ്റ് പ്രഖ്യാപിച്ചിരുന്നു. രാഷ്ട്രീയമായി എതിര്‍ത്തവരും കാപ്പിറ്റോള്‍ കലാപത്തെ തുടര്‍ന്നുണ്ടായ വിവാദങ്ങളില്‍ ട്രംപിനെതിരെ നിലകൊണ്ടവരുമെല്ലാമാണ് ഈ പട്ടികയിലുണ്ടായിരുന്നത്. വീണ്ടും അധികാരത്തിലെത്തിയാല്‍ ഇവര്‍ക്കെതിരെയെല്ലാം നടപടികളുണ്ടാകുമെന്ന സൂചനയും ട്രംപ് പലപ്പോഴായി നല്‍കിയിരുന്നു. കാപ്പിറ്റോള്‍ കലാപത്തിനെ ന്യായീകരിക്കുകയും വിവാദങ്ങളില്‍ കൂടെ നില്‍ക്കുകയും ചെയ്ത പലര്‍ക്കും ട്രംപ് ക്യാബിനറ്റ് പദവികളും പ്രഖ്യാപിച്ചിരുന്നു.

അമേരിക്കയുടെ കോവിഡ് നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങളുടെ നേതൃത്വമായിരുന്നു ബൈഡന്റെ മുന്‍ ആരോഗ്യ ഉപദേഷ്ടാവ് കൂടിയായ ഡോ.ആന്റണി ഫൗച്ചിക്ക്. കോവിഡ് വ്യാപനത്തിന്റെ സമയത്ത് മാസ്‌ക് നിര്‍ബന്ധമാക്കിയത് പോലുള്ള നടപടികള്‍ക്ക് ബൈഡന് ഉപദേശം നല്‍കിയത് ഇദ്ദേഹമായിരുന്നു. ഈ വിഷയത്തില്‍ ആന്റണി ഫൗച്ചിക്കെതിരെ ട്രംപും അദ്ദേഹത്തിന്റെ അനുയായികളും രൂക്ഷ വിമര്‍ശനമുയര്‍ത്തിയിരുന്നു. മുന്‍ സൈനിക തലവനായ ജന. മാര്‍ക്ക് മില്ലിയും ട്രംപിന്റെ പ്രധാന ശത്രുക്കളിലൊരാളാണ്. ട്രംപിനെ ഫാസിസ്റ്റ് എന്ന് വിശേഷിപ്പിച്ചിട്ടുള്ള ജന. മാര്‍ക്ക് മില്ലി കാപ്പിറ്റോള്‍ കലാപത്തില്‍ ട്രംപിനുള്ള പങ്കും ഉയര്‍ത്തിക്കാട്ടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *