Your Image Description Your Image Description

ചെ​ന്നൈ: ഗോമൂത്രത്തിൽ ദോഷകരമായ 14 തരം ബാക്ടീരിയകളെ കണ്ടെത്തി. ഇതെത്തുടർന്ന് ​ഗോമൂത്രം മനുഷ്യർക്ക് ഉപയോഗിക്കാൻ സുരക്ഷിതമല്ലെന്ന് ഇന്ത്യൻ വെറ്റിനറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (ഐ.വി.ആർ.ഐ) അറിയിച്ചു. പശുക്കളുടെയും എരുമകളുടെയും മൂത്ര സാംപിളുകൾ പരിശോധിച്ചപ്പോഴാണ് ദോഷകരമായ 14 തരം ബാക്ടീരിയകൾ കണ്ടെത്തിയത്. തുടർന്ന് ​ഗോമൂത്രം കുടിക്കുന്നതിനെതിരെ ഐ.വി.ആർ.ഐ മുന്നറിയിപ്പ് നൽകി.

ഗോമൂത്രത്തിന് ഔഷധ ഗുണങ്ങളുണ്ടെന്ന് അവകാശപ്പെട്ട് മദ്രാസ് ഐ.ഐ.ടി ഡയറക്ടർ വി.കാമകോടി രംഗത്തെത്തിയിരുന്നു. ഗോമൂത്രത്തിന്റെ ഔഷധ ഗുണങ്ങളെ കുറിച്ച് കാമകോടി പറയുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണിപ്പോൾ. ഈ സാഹചര്യത്തിൽ ഐ.വി.ആർ.ഐ മുന്നറിയിപ്പിന് പ്രസക്തിയേറെയാണ്.

ഗോമൂത്രത്തിന് ബാക്ടീരിയയേയും ഫംഗസിനേയും നശിപ്പിക്കാനുള്ള കഴിവുണ്ടെന്നാണ് മദ്രാസ് ഐ.ഐ.ടി ഡയറക്ടർ വി.കാമകോടിയുടെ അവകാശവാദം. കുടലിനുണ്ടാകുന്ന അസുഖങ്ങൾക്കും ഗോമൂത്രം ഗുണകരമാണ്. മുമ്പ് തന്റെ പിതാവിന് പനി വന്നപ്പോൾ ഗോമൂത്രം നൽകിയതോടെ 15 മിനിറ്റിനകം അസുഖം മാറിയെന്നും അദ്ദേഹം അവകാശപ്പെട്ടു.

അതേസമയം, ഐ.ഐ.ടി ഡയറക്ടർക്കെതിരെ രൂക്ഷവിമർശനമാണുയരുന്നത്. ഡി.എം.കെയും കോൺഗ്രസും പരിഹസിച്ചു. അശാസ്ത്രീയമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് പദവിക്ക് നിരക്കാത്തതാണെന്ന് കോൺഗ്രസ് എം.പി കാർത്തി ചിദംബരം അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *