Your Image Description Your Image Description

മുംബൈ: അനധികൃതമായി രാജ്യത്തെത്തിയ ബംഗ്ലാദേശുകാര്‍ക്കെതിരേ കര്‍ശന നടപടികള്‍ സ്വീകരിച്ച് മുംബൈ പൊലീസ്. ബംഗ്ലാദേശിൽ രാഷ്ട്രീയ അസ്ഥിരതയും ഹിന്ദുക്കൾക്ക് നേരെ ആക്രമണങ്ങളും വർധിക്കുകയാണ്. ഈ സാഹചര്യം ബംഗ്ലാദേശികൾ ഇന്ത്യയിലേക്കുള്ള അനധികൃത നുഴഞ്ഞുകയറ്റത്തിന് കാരണമാക്കി. അതേസമയം ബംഗ്ലാദേശി കുടിയേറ്റക്കാർക്കെതിരായ മുംബൈ പൊലീസിന്റെ നടപടികൾ ശക്തമാക്കി. മുംബൈ പൊലീസും തീവ്രവാദ വിരുദ്ധ സ്ക്വാഡും (എടിഎസ്) നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ അനധികൃതമായി താമസിക്കുന്ന നിരവധി ബംഗ്ലാദേശി പൗരന്മാരെ അറസ്റ്റ് ചെയ്തു.

ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ വര്‍ഷത്തിന്റെ ആദ്യ 15 ദിവസങ്ങളിലായി 90 അനധികൃത ബംഗ്ലാദേശ് പൗരന്മാരെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്യുകയും 60 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. ബംഗ്ലാദേശില്‍ നിന്നുള്ളവരെ ഇന്ത്യയിലേക്ക് കടത്തുന്നതിന് ഏജന്റുമാരുടെ സമഗ്രശൃംഖല പ്രവര്‍ത്തിക്കുന്നതായി പൊലീസിന് അന്വേഷണത്തില്‍നിന്ന് വ്യക്തമായിട്ടുണ്ട്. അനധികൃത പ്രവേശനം ഉറപ്പാക്കുന്നതിനും വ്യാജ തിരിച്ചറിയല്‍ രേഖകള്‍ സമ്പാദിക്കുന്നതിനും ഇന്ത്യയില്‍ തൊഴില്‍ കണ്ടെത്തുന്നതിനുമുള്ള പരമാവധി ചെലവ് 25,000 രൂപ മാത്രമാണെന്ന് പൊലീസ് വെളിപെടുത്തുന്നു.

പശ്ചിമ ബംഗാളിലൂടെ കരമാര്‍ഗമാണ് ഏറ്റവും സുരക്ഷിതവും ചെലവേറിയതുമായ പാത. ഒരാള്‍ക്ക് 20,000 രൂപ വേണ്ടിവരും. ഏജന്റുമാര്‍ സുരക്ഷിതമായ ക്രോസിങ് ഉറപ്പുനല്‍കുന്നുണ്ട്. പര്‍വതപാതയാണ് ദുഷ്‌കരമായ വഴി. ഇതിന് ഒരാള്‍ക്ക് 8,000 രൂപയാണ് ഏജന്റുമാര്‍ ഈടാക്കുന്നത്. ജലപാതകള്‍ വഴിയാണെങ്കില്‍ 4,000 രൂപ മാത്രമേ ചെലവുവരൂ. എന്നാല്‍, മുതലയുടെയും കടുവയുടെയും ആക്രമണം പോലുള്ള അപകടങ്ങള്‍ നിറഞ്ഞ മാര്‍ഗമാണിത്. പര്‍വതപാത പോലെ നുഴഞ്ഞുകയറ്റക്കാര്‍ക്ക് ഇതിനോടും ആഭിമുഖ്യമില്ലെന്ന് പോലിസ് പറയുന്നു.

ഇന്ത്യയില്‍ പ്രവേശിച്ചുകഴിഞ്ഞാല്‍ 2000 രൂപയ്ക്ക് വ്യാജ ജനനസര്‍ട്ടിഫിക്കറ്റുകളും ആധാര്‍ കാര്‍ഡുകളും തരപ്പെടുത്താനും ഏജന്റുമാര്‍ സഹായിക്കുന്നു. ഈ വ്യാജ രേഖകള്‍ ഉപയോഗിച്ച്, നുഴഞ്ഞുകയറ്റക്കാര്‍ രാജ്യത്തുടനീളം അനിയന്ത്രിതമായ സഞ്ചാരം ഉറപ്പാക്കുന്നു. 3,000 രൂപ കമ്മിഷനോടെ ഇവര്‍ക്ക് താമസവും ജോലിയും ക്രമീകരിക്കുന്ന ലേബര്‍ കോണ്‍ട്രാക്ടര്‍മാരുണ്ട്.

ഗോവണ്ടി, മാന്‍ഖുര്‍ദ്, ശിവാജിനഗര്‍, മാല്‍വാനി തുടങ്ങിയ ചേരിപ്രദേശങ്ങളിലാണ് ഇവര്‍ കൂടുതലായി തമ്പടിക്കുന്നതെന്ന് മുംബൈ ക്രൈംബ്രാഞ്ച് വെളിപ്പെടുത്തി. മാള്‍ഡ, മുര്‍ഷിദാബാദ്, പശ്ചിമ ബംഗാളിലെ 24 പര്‍ഗാനാസ് എന്നിവിടങ്ങളിലെ അതിര്‍ത്തി പ്രദേശങ്ങളിലൂടെയാണ് നുഴഞ്ഞുകയറ്റങ്ങളില്‍ ഭൂരിഭാഗവും നടക്കുന്നത്. ദിനാജ്പൂര്‍, ചപ്പായ്, നവാബ്ഗഞ്ച് എന്നിവിടങ്ങളില്‍ ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സിന്റെ (ബി.എസ്.എഫ്.) കണ്ണുവെട്ടിക്കാന്‍ ഏജന്റുമാര്‍ മൂടല്‍മഞ്ഞുള്ള രാത്രികളാണ് ഉപയോഗപ്പെടുത്തുന്നത്.

തീര്‍പ്പുകല്‍പ്പിക്കാത്ത കേസുകള്‍ കാരണം നാടുകടത്തുന്നത് വൈകുന്നതിനാല്‍ ഈ അനധികൃതമായെത്തുന്ന ബംഗ്ലാദേശുകാര്‍ നിയമനടപടികളെ ഭയപ്പെടുന്നില്ലെന്ന് ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അഭിപ്രായപ്പെട്ടു. ജാമ്യം ലഭിച്ചുകഴിഞ്ഞാൽ, അവർ റഡാറിന് കീഴിൽ താമസം പുനരാരംഭിക്കുന്നു. 2021 നും 2025 നും ഇടയിൽ 1,027 ബംഗ്ലാദേശികളെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. എന്നിരുന്നാലും, കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 222 നുഴഞ്ഞുകയറ്റക്കാരെ മാത്രമേ നാടുകടത്തൽ നടപടികൾ അവസാനിപ്പിച്ചിട്ടുള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *