Your Image Description Your Image Description

ന്യൂഡൽഹി: ഇന്തോനേഷ്യക്ക് ബ്രഹ്മോസ് മിസൈൽ നൽകാനുള്ള കരാറിന് അന്തിമ രൂപമായി. 450 മില്യൺ ഡോളറിന്റെ കരാറിനാണ് ഇന്ത്യ അന്തിമരൂപം നൽകിയിരിക്കുന്നത്. ഈ മാസം ഇന്തോനേഷ്യൻ പ്രസിഡൻ്റിന്റെ ഇന്ത്യാ സന്ദർശന വേളയിൽ കരാർ പ്രഖ്യാപിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ മുഖ്യാതിഥിയായാണ് ഇന്തോനേഷ്യൻ പ്രസിഡൻ്റ് ഇന്ത്യയിലെത്തുന്നത്.

ബ്രഹ്മോസ് മിസൈൽ ഇടപാട് സംബന്ധിച്ച് ഇന്തോനേഷ്യൻ പ്രതിരോധ മന്ത്രാലയം ജക്കാർത്തയിലെ ഇന്ത്യൻ എംബസിയുമായി ഔദ്യോഗികചർച്ചകൾ നടത്തിയെന്നും റിപ്പോർട്ടുകളുണ്ട്. ഇതിനായുള്ള വായ്പയുടെ ഘടന നിർണ്ണയിക്കുന്നതിനുള്ള ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ്. തുടക്കത്തിൽ എക്‌സിഎം ബാങ്കാണ് ധനസഹായം നൽകാൻ തീരുമാനിച്ചിരുന്നത്. പക്ഷേ ഇപ്പോഴത്തെ റിപ്പോർട്ടുകൾ പ്രകാരം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയോ മറ്റേതെങ്കിലും ദേശീയ ബാങ്കോ വഴി ഇന്തോനേഷ്യയ്‌ക്ക് വായ്പ വാഗ്ദാനം ചെയ്യുന്ന കാര്യം ഇന്ത്യ പരിഗണിക്കുന്നുണ്ട്.

2023 ഏപ്രിലിൽ ഫിലിപ്പൈൻസുമായി ബ്രഹ്മോസ് മിസൈൽ ബാറ്ററികൾ വിതരണം ചെയ്യുന്നതുൾപ്പെടെ 375 ദശലക്ഷം യുഎസ് ഡോളറിന്റെ പ്രതിരോധ കരാർ ഉണ്ടായി. ആഗോള പ്രതിരോധ കയറ്റുമതി വിപണിയിൽ ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന പങ്കിനെയാണ് ഈ കരാറുകൾ പ്രതിഫലിപ്പിക്കുന്നത്.

2024 ജനുവരിയിൽ ഇന്തോനേഷ്യ ബ്രിക്‌സ് ഗ്രൂപ്പിൽ ചേർന്നതോടെയാണ് ഇന്ത്യയും ഇന്തോനേഷ്യയും തമ്മിലുള്ള പ്രതിരോധ ബന്ധം ശക്തിപ്പെട്ടത്. ഇന്ത്യയും റഷ്യയും സംയുക്തമായി വികസിപ്പിച്ചെടുത്തതാണ് ബ്രഹ്മോസ് മിസൈൽ സംവിധാനം. ആഗോളതലത്തിൽ ഏറ്റവും വേഗതയേറിയ സൂപ്പർസോണിക് ക്രൂയിസ് മിസൈലുകളിൽ ഒന്നാണിത്.

Leave a Reply

Your email address will not be published. Required fields are marked *