Your Image Description Your Image Description

ഡെഹ്റാഡൂണ്‍: തണുപ്പിൽ നിന്ന് രക്ഷനേടാൻ തീകത്തിച്ച് ഉറങ്ങാൻ കിടന്ന ദമ്പതികൾ ശ്വാസം മുട്ടി മരിച്ചു. ഉത്തരാഖണ്ഡിലെ ഭിലങ്കനയിലുള്ള ദ്വരി – തപ്‌ല ഗ്രാമത്തിൽ വ്യാഴാഴ്ച രാത്രിയാണ് സംഭവം. ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ദമ്പതികളാണ് മരിച്ചത്. കടുത്ത തണുപ്പിനെ അതിജീവിക്കാനാണ് ഇവർ തീക്കുണ്ഡമൊരുക്കിയത്. ശേഷം ഉറങ്ങാൻ കിടന്ന ഇവർ ഉറക്കത്തിൽ തന്നെ മരണപ്പെടുകയായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

മദൻ മോഹൻ സെംവാലും (52) ഭാര്യ യശോദ ദേവിയും (48) ഒരു വിവാഹത്തിൽ പങ്കെടുക്കാനാണ് ഗ്രാമത്തിലെത്തിയത്. കടുത്ത ശൈത്യമായതിനാൽ രാത്രി 11 മണിയോടെ തീ കായാനായി ഇവർ തീക്കുണ്ഡമൊരുക്കി. ശേഷം ഈ തീക്കുണ്ഡം മുറിയ്ക്കകത്തേക്ക് കൊണ്ടുപോയി ദമ്പതിമാർ വാതിലടച്ച് കിടന്നുറങ്ങി. വെള്ളിയാഴ്ച രാവിലെ ഇവരുടെ മകൻ വാതിലിൽ മുട്ടിയെങ്കിലും ആരും വാതിൽ തുറന്നില്ല. കുറേസമയം കഴിഞ്ഞിട്ടും ഇവർ വാതിൽ തുറക്കാതിരുന്നതോടെ മകൻ വാതിൽ പൊളിച്ച് അകത്തുകടന്നു. അപ്പോഴാണ് ഇരുവരും മരിച്ച് കിടക്കുന്നത് കണ്ടത്.

തീ കായാനായി കത്തിച്ച അടുപ്പിലെ പുകയിൽ നിന്നുള്ള കാർബൺ മോണോക്സൈഡ് വാതകം ശ്വസിച്ചാണ് ദമ്പതികള്‍ മരിച്ചതെന്ന് പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *