Your Image Description Your Image Description

കാസർകോട്: കേരളത്തിലെ റോഡുകളുടെ നിർമ്മാണത്തിലും ഫുൾ ഡെപ്ത്ത് റിക്ലമേഷൻ സാങ്കേതിക വിദ്യ വ്യാപകമാകുന്നു. പഴയ റോഡ് തന്നെ പൊളിച്ചെടുത്ത് പുതിയ റോഡ് നിർമ്മിക്കുന്ന സാങ്കേതിക വിദ്യയാണ് ഫുൾ ഡെപ്ത്ത് റിക്ലമേഷൻ അഥവാ എഫ്ഡിആർ. ക്വാറി ഉത്പന്നങ്ങളൊന്നും കൂടുതലായി വേണ്ട എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. ഇതിനൊപ്പം വളരെ ചുരുങ്ങിയ സമയംകൊണ്ട് നിർമ്മാണം പൂർത്തിയാക്കാനാകുമെന്നതും എഫ്ഡിആറിനെ കൂടുതൽ ജനകീയമാക്കുന്നു.

നിലവിലുള്ള റോഡ് പൊളിച്ചെടുത്ത് യന്ത്രസഹായത്താൽ തരികളാക്കി സിമൻറും രാസപദാർത്ഥങ്ങളും ചേർത്ത് മിശ്രിതമാക്കുന്ന സാങ്കേതിക വിദ്യയാണ് ഫുൾ ഡെപ്ത്ത് റിക്ലമേഷൻ. ജർമ്മൻ സാങ്കേതിക വിദ്യയാണ് എഫ്ഡിആർ. സാധാരണ നിലയിൽ ഒരു കിലോമീറ്റർ റോഡ് നവീകരിക്കാൻ 1650 ഘന മീറ്റർ ക്വാറി ഉത്പന്നങ്ങൾ വേണം. എന്നാൽ എഫ്ഡിആർ സാങ്കേതിക വിദ്യയിൽ ഇത് ഒരു ലോഡ് പോലും വേണ്ടെന്നതാണ് പ്രത്യേകത.

30 സെൻറീമീറ്റർ വരെ ആഴത്തിൽ കുഴിച്ച് സിമൻറ്, രാസ സംയുക്തങ്ങൾ എന്നിവ നിശ്ചിത അനുപാതത്തിൽ ചേർത്ത് ബലപ്പെടുത്തിയാണ് റോഡിൻറെ ഉപരിതലം നിർമിക്കുന്നത്. കാസർകോട് ജില്ലയിൽ ഒൻപത് റോഡുകളാണ് എഫ്ഡിആർ സാങ്കേതിക വിദ്യയിൽ നിർമ്മിക്കുന്നത്. പ്രധാനമന്ത്രി ഗ്രാമ സഡക് യോജനയിൽ ഉൾപ്പെടുത്തിയാണ് നിർമ്മാണം. ഏഴ് ദിവസത്തെ ക്യൂറിംഗിന് ശേഷം റോഡ് ഗതാഗതത്തിന് തുറന്ന് കൊടുക്കാനാകും. പരിസ്ഥിതി സൗഹൃദത്തിന് അപ്പുറം വളരെ വേഗത്തിൽ ടാറിംഗ് പൂർത്തിയാക്കാൻ പറ്റും എന്നതാണ് ഈ സംവിധാനത്തിൻറെ പ്രത്യേകത. അരകിലോമീറ്റർ ദൂരം ഒരു ദിവസം കൊണ്ട് തന്നെ നിർമ്മാണം പൂർത്തിയാക്കാനാവും.

നിലവിൽ കാസർകോട് ജില്ലയിലെ പല റോഡുകളും ഈ സാങ്കേതിക വിദ്യ ഉപയോ​ഗിച്ച് നിർമ്മാണം പൂർത്തിയാക്കി കഴിഞ്ഞു. അതൃക്കുഴി- നെല്ലിക്കട്ട റോഡിൻറെ ടാറിംഗാണ് നിലവിൽ ജില്ലയിൽ എഫ്ഡിആർ സാങ്കേതിക വിദ്യ ഉപയോ​ഗിച്ച് പുരോഗമിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *