Your Image Description Your Image Description

കോട്ടയം: കുമരകം കേന്ദ്രീകരിച്ച് വാട്ടർ തീം പാർക്ക് സാധ്യമാക്കുമെന്ന് സഹകരണ-തുറമുഖ വകുപ്പ് മന്ത്രി വി.എൻ വാസവൻ. പൊതു സ്വകാര്യ പങ്കാളിത്തത്തോടെ വാട്ടർ തീം പാർക്ക നടപ്പിലാക്കുന്നതിന്റെ സാധ്യതകളെക്കുറിച്ച് ടൂറിസം ഡയറക്ടറുമായി ചർച്ച നടത്തിയെന്നും കുമരകം ശ്രീകുമാരമംഗലം ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്ന സ്ത്രീ സൗഹാർദ്ദ ടൂറിസം പദ്ധതിയുടെ പ്രവർത്തനോദ്ഘാടനം നിർവഹിച്ച് മന്ത്രി പറഞ്ഞു.

2007ലാണ് ഉത്തരവാദിത്ത ടൂറിസം മിഷൻ കുമരകത്ത് ആരംഭിച്ചത്. ഇതിലൂടെ നിരവധി വനിതകൾക്ക് തൊഴിലവസരങ്ങളും സംരംഭങ്ങളും തുടങ്ങാൻ സാധിച്ചു. സാമ്പത്തിക- സാമൂഹിക -സാംസ്കാരിക ഉയർച്ച സമൂഹത്തിൽ സൃഷ്ടിക്കാൻ ഉത്തരവാദിത്ത ടൂറിസം മിഷനിലൂടെ സാധിച്ചെന്നും മന്ത്രി പറഞ്ഞു. അയ്മനം, ആർപ്പൂക്കര, നീണ്ടൂർ ഗ്രാമപഞ്ചായത്തുകളിലേക്കും ഉത്തരവാദിത്ത ടൂറിസം വ്യാപിക്കാനും കുമരകത്തെ അന്താരാഷ്ട്ര നിലയിൽ അടയാളപ്പെടുത്താനും ഉത്തരവാദിത്ത ടൂറിസത്തിലൂടെ സാധിച്ചു.

വിനോദസഞ്ചാര മേഖലയിൽ സ്ത്രീ സഞ്ചാരികൾക്ക് സുരക്ഷിത വിനോദ സഞ്ചാരവും സൗകര്യങ്ങളും പശ്ചാത്തല അന്തരീക്ഷവും ഒരുക്കുകയാണ് സ്ത്രീ സൗഹാർദ്ദ ടൂറിസം പദ്ധതിയുടെ ലക്ഷ്യം. ടൂറിസം രംഗത്ത് കുമരകത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
കുമരകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ധന്യ സാബു അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു മുഖ്യാതിഥിയായി. ജൻഡർ സേഫ്റ്റി ഓഡിറ്റ് ഗൈഡ്‌ലൈൻ ഉദ്ഘാടനം ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി നിർവഹിച്ചു.
ഉത്തരവാദിത്ത ടൂറിസം മിഷൻ സംസ്ഥാന കോ-ഓർഡിനേറ്റർ കെ. രൂപേഷ്‌കുമാർ മുഖ്യപ്രഭാഷണം നടത്തി. യു.എൻ. വിമൻ ഇൻ ഇന്ത്യയുടെ സംസ്ഥാന കൺസൾട്ടന്റ് ഡോ. പീജ രാജൻ വിഷയാവതരണം നടത്തി.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ. ജോഷി, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ കവിതാ ലാലു, ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷരായ ശ്രീജ സുരേഷ്, ആർഷാ ബൈജു, പഞ്ചായത്തംഗം മായ സുരേഷ്, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ കെ.കെ. പത്മകുമാർ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *