Your Image Description Your Image Description

കോട്ടയം: പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കി നാടിനു സമർപ്പിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും സാങ്കേതിക തടസത്താൽ ഒരു പദ്ധതിയും ഉപേക്ഷിക്കുന്ന സ്ഥിതിയുണ്ടാകില്ലെന്നും ഫിഷറീസ് – സാംസ്കാരിക- യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. കുമരകം കരിയിൽ പൊങ്ങലക്കരി പാലത്തിന്റെ നിർമാണ ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി. വികസന പ്രവർത്തനങ്ങൾ പ്രഖ്യാപിക്കുക മാത്രമല്ല കൃത്യമായി നടപ്പാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

300 ലക്ഷം രൂപയാണ് പാലത്തിന്റെ ഒന്നാംഘട്ട നിർമ്മാണ പ്രവർത്തനങ്ങൾക്കായി ചെലവഴിക്കുന്നത്. പാലത്തിന്റെ ഇരുവശങ്ങളിലുമായുള്ള നടപ്പാത, കൈവരികൾ എന്നിവയും എസ്റ്റിമേറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പാലത്തിന്റെ ഇരുവശങ്ങളിലുമായി 60 മീറ്റർ അപ്രോച്ച് റോഡ് നിർമ്മിക്കേണ്ടതായിട്ടുണ്ട്. ഇതിനായി 17 മീറ്റർ നീളത്തിൽ അപ്രോച്ച് റോഡിന്റെ നിർമ്മാണം ഈ കരാറിൽ തന്നെ പൂർത്തീകരിക്കാൻ സാധിക്കുമെന്നും രണ്ടാംഘട്ടത്തിൽ 43 മീറ്റർ നീളത്തിൽ പാലത്തിൻ്റെ ഇരുവശത്തും അപ്രോച്ച് കൂടി നിർമ്മിച്ച് പാലത്തിന്റെ പ്രവൃത്തികൾ പൂർത്തീകരിക്കുമെന്നുംഅതിനാവശ്യമായ തുകയും ലഭ്യമാക്കുമെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു.

സഹകരണ- തുറമുഖ വകുപ്പ് മന്ത്രി വി.എൻ. വാസവൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു മുഖ്യാതിഥിയായി. ഹാർബർ എൻജിനീയറിംഗ് വകുപ്പ് സൂപ്രണ്ടിംങ് എൻജിനീയർ വിജി കെ.തട്ടാമ്പുറം റിപ്പോർട്ട് അവതരിപ്പിച്ചു.

കുമരകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ധന്യ സാബു, കുമരകം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ. ജോഷി , ബ്ലോക്ക് പഞ്ചായത്ത് അംഗം മേഘലാ ജോസഫ്, പഞ്ചായത്ത്‌ അംഗങ്ങളായ ഷീമാ രാജേഷ്, വി.കെ. സേതു, ഹാർബർ എൻജിനീയറിങ് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ പി.എസ്. സ്വപ്ന, രാഷ്ട്രീയ പാർട്ടി പ്രതിനിധി ശശികുമാർ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *