Your Image Description Your Image Description

പത്തനംതിട്ട: വടശേരിക്കരയിൽ വൈദ്യുതി തൂണിനു സമീപം പൊട്ടിക്കിടന്ന കേബിളിൽ നിന്നും ഷോക്കേറ്റ് ശബരിമല തീർത്ഥാടകൻ മരിച്ചു. തമിഴ്നാട് കൃഷ്ണഗിരി ഹൊസൂർ സ്വദേശിയായ നാഗരാജയാണ് (55) മരിച്ചത്. ചൊവ്വാഴ്ച രാത്രി 11മണിയോടെയാണ് സംഭവം നടന്നത്. 20 പേരടങ്ങുന്ന തീർഥാടക സംഘത്തിനൊപ്പം ശബരിമല ദർശനം കഴിഞ്ഞു മടങ്ങുകയായിരുന്ന നാഗരാജ. വടശേരിക്കര പാലത്തിനടുത്തുള്ള വൈദ്യുതി തൂണിന് സമീപം മൂത്രമൊഴിക്കുന്നതിനിടയിലാണ് നാഗരാജന് ഷോക്കേറ്റത്.

ദർശനം കഴിഞ്ഞു മടങ്ങവെ, വടശേരിക്കര ചെറുകാവ് ദേവീക്ഷേത്രത്തിനു സമീപം ഇവർ സഞ്ചരിച്ചിരുന്ന വാഹനം നിർത്തിയിരുന്നു. ഇതിനിടയിലാണ് നാഗരാജ് ഉൾപ്പെടെ എല്ലാവരും പുറത്തിറങ്ങിയത്. തുടർന്ന് വടശേരിക്കര പാലത്തോടു ചേർന്ന വൈദ്യുതി തൂണിനു സമീപമിരുന്നു മൂത്രമൊഴിക്കുന്നതിനിടെ അപകടം സംഭവിക്കുകയായിരുന്നു. സംഭവം അറിഞ്ഞെത്തിയ കെഎസ്ഇബി ജീവനക്കാർ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. നാഗരാജനെ ഉടൻ തന്നെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഇക്കഴിഞ്ഞവർഷം ശബരിമല തീർഥാടന സമയത്ത് വടശേരിക്കര പാലത്തിൽ താൽക്കാലികമായി വൈദ്യുതി വിളക്കുകൾ സ്ഥാപിച്ചിരുന്നു. വിളക്കുകൾ പിന്നീട് മാറ്റിയിരുന്നെങ്കിലും വൈദ്യുതി നൽകാൻ വലിച്ച കേബിളുകൾ നീക്കം ചെയ്തിരുന്നില്ല. ഇവയിൽ പൊട്ടിക്കിടന്ന ഒരു കേബിളിൽ തട്ടിയാണ് നാഗരാജന് ഷോക്കേറ്റത്. കേബിൾ പുറത്തു കാണാൻ കഴിയാത്ത നിലയിലായിരുന്നു. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് നാഗരാജയുടെ മകൻ മഹേന്ദ്ര, വടശേരിക്കര പൊലീസിനും കെഎസ്ഇബി എക്സിക്യൂട്ടീവ് എൻജിനീയർക്കും പരാതി നൽകിയിട്ടുണ്ട്. കെഎസ്ഇബി ജീവനക്കാരുടെ അനാസ്ഥയാണ് നാഗരാജിന്റെ മരണത്തിനുള്ള കാരണമെന്നാണ് ഉയർന്നുവരുന്ന ആരോപണം.

Leave a Reply

Your email address will not be published. Required fields are marked *