Your Image Description Your Image Description

ആലപ്പുഴ : സാമ്പത്തിക ഇടപാടുകൾ മാത്രമല്ല , ഭരണപരമായ തീരുമാനങ്ങൾ വൈകുന്നത് അഴിമതിയായിത്തന്നെ കണക്കാക്കണമെന്ന് കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് പറഞ്ഞു. അദാലത്തുകൾ ജനങ്ങളുടെ പ്രശ്ന പരിഹാരത്തിലുള്ള ജനാധിപത്യപരമായ ഇടപെടലാണ്. പരാതിക്കാർക്ക് തന്റെ ഭാഗം വീണ്ടും പറയാൻ അവസരം ലഭിക്കുന്നു. കരുതലും കൈത്താങ്ങും ചെങ്ങന്നൂർ താലൂക്ക് അദാലത്ത് ചെങ്ങന്നൂർ ഐ.എച്ച്.ആർ.ഡി എൻജിനിയറിങ് കോളേജ് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
നിയമത്തിനും ചട്ടത്തിനും അകത്ത് നിന്നുകൊണ്ട് ജനങ്ങളെ പരമാവധി സഹായിക്കാനുള്ള ശ്രമമാണ് അദാലത്തുകളെന്ന് കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു. നിയമങ്ങളും ചട്ടങ്ങളും നിയമസഭ ഉണ്ടാക്കുന്നത് ജനങ്ങളെ ദ്രോഹിക്കാനല്ല. ജനങ്ങളുടെ പ്രശ്നങ്ങൾക്കുമുകളിൽ അടയിരിക്കുന്നത് സർക്കാർ നയമല്ല.സർക്കാർ ഓഫീസുകൾ അദാലത്തിലെ തീരുമാനങ്ങളുടെ രീതി തുടർന്ന് പിന്തുടരണമെന്നും മന്ത്രി പറഞ്ഞു.

വികസനത്തിനൊപ്പം ജനങ്ങളുടെ പ്രശ്നങ്ങളിൽ അതിവേഗം ഇടപെടുന്ന സർക്കാരാണിതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ചെങ്ങന്നൂർ എം.എൽ.എ കൂടിയായ ഫിഷറീസ് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു.ചെങ്ങന്നൂരിൽ നടക്കുന്നത് ജില്ലയിലെ അഞ്ചാമത്തെ അദാലത്താണ്. നൂറുകണക്കിന് പേരുടെ നീറുന്ന പ്രശ്നങ്ങൾ ഇതുവരെ മന്ത്രിമാരുടെ നേതൃത്വത്തിൽ പരിഹരിച്ചിട്ടുണ്ട്. തീരസദസ്സിൽ ഫിഷറീസ് മേഖലയിലെ 28000 പരാതികൾ പരിഹരിച്ചു. വനം, എൽ.എസ്.ജി.ഡി എന്നീ വകുപ്പുകളുടെ മന്ത്രിമാരുടെ നേതൃത്വത്തിലും അദാലത്തുകൾ നടന്നു. റവന്യൂ വകുപ്പിന്റെ അദാലത്തിൽ ചെങ്ങന്നൂരിൽ പരിഹാരം കാത്ത് കിടന്ന 4500 അപേക്ഷകളിൽ 25 അധിക ഉദ്യോഗസ്ഥരെ ഇരുത്തി പരിഹരിച്ചു.ജില്ലിൽ ചെങ്ങന്നൂരിൽ പരാതികൾ കുറഞ്ഞത് ഇത്തരം അദാലത്തുകളുടെ വിജയത്തിന് തെളിവാണെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു.

ഉദ്ഘാടന സമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേശ്വരി, ജില്ലാ കളക്ടര്‍ അലക്‌സ് വര്‍ഗീസ്,നഗരസഭ ചെയർപേഴ്സൺ ശോഭാ വർഗീസ്, ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം സലിം, നഗരസഭ കൗൺസിലർ വി വിജി, വെൺമണി പഞ്ചായത്ത് പ്രസിഡന്റ് സുനിമോൾ ടി.സി., എ.ഡി.എം ആശ സി എബ്രഹാം, ആർ.ഡി.ഓ ജെ.മോബി, ചെങ്ങന്നൂർ തഹസിൽദാർ അശ്വനി അച്യുതൻ തുടങ്ങിയവർ സംസാരിച്ചു.

ഉദ്ഘാടന സമ്മേളനത്തിൽ 15 പേർക്ക് മുൻഗണന റേഷൻ കാർഡുകളും കരം അടക്കാൻ കഴിയാതിരുന്ന എട്ട് പേര്‍ക്ക് കരം അടവ് രസീതുകളും മന്ത്രിമാർ ചേർന്ന് വിതരണം ചെയ്തു. തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ അഞ്ച് പരാതികളിൽ നികുതിയിളവുകൾക്കുള്ള ഉത്തരവും ഗുണഭോക്താക്കൾക്ക് അദ്യം തന്നെ കൈമാറി.

ഉദ്ഘാടന സമ്മേളനത്തിന് ശേഷം മന്ത്രിമാരുടെ നേതൃത്വത്തില്‍ അദാലത്ത് ആരംഭിച്ചു. അദാലത്ത് ദിവസം ഏത് വകുപ്പുമായി ബന്ധപ്പെട്ട പരാതികളിലും നിയമവും ചട്ടങ്ങളും പരിശോധിച്ച് തീര്‍പ്പുകല്‍പ്പിക്കാനുള്ള പ്രത്യേക അധികാരം മന്ത്രിമാര്‍ക്ക് സര്‍ക്കാര്‍ നല്‍കിയിരുന്നു. പുതിയ അപേക്ഷകള്‍ സ്വീകരിക്കാൻ അദാലത്ത് വേദിയില്‍ കൗണ്ടറുകൾ ഒരുക്കിയിരുന്നു. അദാലത്തിന് എത്തുന്നവര്‍ക്കായി അന്വേഷണ കൗണ്ടറുകള്‍, കടിവെള്ളം, ലഘുഭക്ഷണം, വൈദ്യസേവനം തുടങ്ങിയ സൗകര്യങ്ങളും ഒരുക്കി. ഹരിതചട്ടം പാലിച്ചുകൊണ്ടാണ് അദാലത്ത് സംഘടിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *