Your Image Description Your Image Description

2024ൽ ഇന്ത്യയിൽ ആഡംബര വീടുകളുടെ വിൽപ്പനയിൽ വൻവർദ്ധനവ്. കഴിഞ്ഞവർഷം59 വീടുകള്‍ വിറ്റു പോയത് 4754 കോടി രൂപയ്ക്ക്. രാജ്യത്തെ കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ ഇടപാടായാണ് ഇവ കണക്കാക്കുന്നത്. വീട് ഒന്നിന് കുറഞ്ഞത് 40 കോടി രൂപ വിലയുള്ള വീടുകളെയാണ് ഈ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 2023നേക്കാള്‍ 17 ശതമാനമാണ് വര്‍ധന. 2024-ല്‍ വിറ്റഴിക്കപ്പെട്ട 59 അത്യാഡംബര വീടുകളില്‍ 53 എണ്ണം അപ്പാര്‍ട്ടുമെന്‍റുകളായിരുന്നു, 6 എണ്ണം മാത്രമാണ് ബംഗ്ലാവുകള്‍. അത്യാഡംബര വീടുകളുടെ പട്ടികയില്‍ 52 എണ്ണവും മുംബൈ ആയിരുന്നു. അതായത് ആകെ ഇടപാടുകളുടെ 88 ശതമാനവും മുബൈയില്‍ ആണ് നടന്നത്.

2024ല്‍ വിറ്റഴിച്ച 59 അത്യാഡംബര വീടുകളില്‍ കുറഞ്ഞത് 17 എണ്ണത്തിന് ഓരോന്നിനും 100 കോടി രൂപയില്‍ കൂടുതല്‍ വിലയുണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ 17 വീടുകളുടെ ആകെ മൂല്യം മാത്രം 2,344 കോടി രൂപയായിരുന്നു. മുംബൈയിലെ കഫ് പരേഡിലെ ഒരു ബംഗ്ലാവ് 500 കോടി രൂപയ്ക്കാണ് വിറ്റത്. മലബാര്‍ ഹില്ലിലെ രണ്ട് അപ്പാര്‍ട്ട്മെന്‍റുകള്‍ 270 കോടി രൂപയ്ക്കും വര്‍ളിയിലെ രണ്ട് അപ്പാര്‍ട്ട്മെന്‍റുകള്‍ 225 കോടി രൂപയ്ക്കും കഴിഞ്ഞ വര്‍ഷം വിറ്റുപോയി. വര്‍ളിയിലെ ലോധ സീ ഫേസ് അപ്പാര്‍ട്ട്മെന്‍റിന്‍റെ വില 185 കോടിയാണ്.ഗുരുഗ്രാമില്‍ രണ്ടെണ്ണവും ഡല്‍ഹി-എന്‍സിആറില്‍ മൂന്ന് ആഡംബര വീടുകളുടേയും വില്‍പന നടന്നു.ഹൈദരാബാദിലും ബെംഗളൂരുവിലും 40 കോടി രൂപയിലധികം രണ്ട് വീടുകളുടെ വില്‍പന നടന്നു. ഗുരുഗ്രാമിലെ ഡിഎല്‍എഫ് കാമെലിയാസില്‍ ഒരു അപ്പാര്‍ട്ട്മെന്‍റ് 190 കോടി രൂപയ്ക്കാണ് വിറ്റത്.

കോവിഡിന് ശേഷം ആഡംബര, അത്യാഡംബര ഭവനങ്ങള്‍ക്കുള്ള ഡിമാന്‍ഡില്‍ ഗണ്യമായ കുതിച്ചുചാട്ടം ഉണ്ടായിട്ടുണ്ട്. 2022, 2023, 2024 വര്‍ഷങ്ങളിലെ കണക്കുകള്‍ വിശകലനം ചെയ്തപ്പോള്‍, രാജ്യത്തെ ഏഴ് നഗരങ്ങളില്‍ ഏകദേശം 9,987 കോടി രൂപ വിലമതിക്കുന്ന കുറഞ്ഞത് 130 അത്യാഡംബര വീടുകളുടെ വില്‍പന നടന്നു.

Leave a Reply

Your email address will not be published. Required fields are marked *