Your Image Description Your Image Description

തിരുവനന്തപുരം: പത്തനംതിട്ടയിലെ കായിക തെരമായ ദലിത് പെൺകുട്ടിയെ 62 പേർ അഞ്ചുവർഷത്തിനിടെ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവം സമൂഹ മനസാക്ഷിയെ ഞെട്ടിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കേസിൽ ഉൾപ്പെട്ട ഒരു കുറ്റവാളിയെയും രക്ഷപ്പെടാൻ അനുവദിക്കാത്ത തരത്തിലുള്ള അന്വേഷണവും പഴുതടച്ചുള്ള തെളിവ് ശേഖരണവുമാണ് വേണമെന്നും പ്രതിപക്ഷ നേതാവ് അവശ്യപ്പെട്ടു. ഇതിനായി വനിത ഐപിഎസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തെ അടിയന്തിരമായി നിയമിക്കാൻ സർക്കാർ തയാറാക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. വാർത്താക്കുറിപ്പിലൂടെയായിരുന്നു പ്രതിപക്ഷ നേതാവിൻ്റെ ആവശ്യം.

അഞ്ച് വർഷത്തോളം പെൺകുട്ടി പീഡനത്തിന് ഇരയായിട്ടും മാതാപിതാക്കളോ അധ്യാപകരോ സഹപാഠികളോ അറിഞ്ഞില്ലെന്നതും കേരള സമൂഹത്തെ ഭയപ്പെടുത്തുന്നതാണ്. ഈ സാഹചര്യത്തിൽ ഇനിയും പുറത്തു വരാത്ത കുറ്റകൃത്യങ്ങൾ ഉണ്ടോയെന്നും പരിശോധിക്കപ്പെടേണ്ടതുണ്ട്. നമ്മുടെ സംവിധാനങ്ങൾ എത്രമാത്രം ദുർബമാണെന്നതിന്റെ തെളിവ് കൂടിയാണ് പത്തനംതിട്ടയിൽ ദലിത് പെൺകുട്ടി നേരിട്ട കൊടിയ പീഡനമെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാണിച്ചു.

എല്ലാ സ്‌കൂളുകളിലും കൗൺസിലിങ് സംവിധാനം കാര്യക്ഷമമാക്കണം. കുട്ടികളുടെ പ്രശ്‌നങ്ങളിലേക്ക് നേരിട്ട് ഇറങ്ങിച്ചെല്ലുന്ന രീതിയിലേക്ക് അധ്യാപനവും മാറണം. പിടിഎ യോഗങ്ങൾ കാര്യക്ഷമമായി നടക്കുന്നുവെന്ന് വിദ്യാഭ്യാസ വകുപ്പ് ഉറപ്പ് വരുത്തണം. സാധാരണക്കാരയ കുട്ടികളും പാർശ്വവത്ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളും കൂടുതലായുള്ള വിദ്യാലയങ്ങളിൽ സർക്കാരിന്റെ പ്രത്യേക ശ്രദ്ധവേണം. കൗൺസിലിങിനൊപ്പം മൂന്നു മാസത്തിൽ ഒരിക്കലെങ്കിലും മെഡിക്കൽ ക്യാമ്പുകളും ഉറപ്പാക്കണമെന്നും പ്രതിപക്ഷ നേതാവ് വാ‍ർത്താ കുറിപ്പിൽ ആവശ്യപ്പെട്ടു.

നമ്മുടെ കുഞ്ഞുമക്കൾ വീടുകളിലും വിദ്യാലയങ്ങളിലും സമൂഹത്തിലും സുരക്ഷിതരാണെന്ന് ഉറപ്പു വരുത്താനുള്ള ഉത്തരവാദിത്തം നിയമ സംവിധാനങ്ങൾക്കൊപ്പം ഓരോ പൗരനുമുണ്ട്. ഇതിനായി ബോധവത്ക്കരണവും നടത്തേണ്ടതുണ്ട്. പത്തനംതിട്ടയിലെ കുട്ടിക്ക് ഉണ്ടായ ദുരനുഭവം ഇനി നമ്മുടെ നാട്ടിലെ ഒരു കുട്ടിക്കും ഉണ്ടാകില്ലെന്ന് ഉറപ്പു വരുത്തുമ്പോഴാണ് നമ്മുടെ സംവിധാനങ്ങൾ എല്ലാം ഫലപ്രദമാകുന്നതെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാണിച്ചു.

Leave a Reply

Your email address will not be published. Required fields are marked *