Your Image Description Your Image Description

എറണാകുളം : കോതമംഗലം താലൂക്കിലെ കീരംപാറ വില്ലേജ് പുന്നേക്കാട് കരയിൽ ലൂസി ജോണിന് ഇഷ്ടദാനമായി ലഭിച്ച സ്ഥലം പോക്ക് വരവ് ചെയ്യാൻ കഴിഞ്ഞിരുന്നില്ല. സർവേ നമ്പർ 4-55/1/1 ലെ മൂന്ന് സെൻ്റ് സ്ഥലത്തിന് 1994 വരെ കരം അടച്ചിരുന്നു. കോതമംഗലം രജിസ്ട്രാർ ഓഫീസിൽ ആധാരം ചെയ്തിരുന്നെങ്കിലും ലൂസിക്ക് പോക്ക് വരവ് ചെയ്ത് കരം അടയ്ക്കാൻ സാധിച്ചിരുന്നില്ല. രോഗിയായ ഭർത്താവും മൂന്നു പെൺമക്കളും മാത്രമാണ് ലൂസിക്കുള്ളത്.

ജനുവരി 25 ന് സർവെയർ പരിശോധന നടത്തി ഫെബ്രുവരി 15 നുള്ളിൽ കൈവശമുള്ളതും രേഖയിൽ പറയുന്നതുമായ സ്ഥലത്തിന് പോക്ക് വരവ് ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കാൻ ഭൂരേഖാ തഹസിൽദാരെ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് ചുമതലപ്പെടുത്തി.

ഇരമല്ലൂർ വില്ലേജിൽ ചെറുവട്ടൂർ കവലയിൽ സ്ഥിതി ചെയ്യുന്ന ഹിദായത്തുൽ ഇസ്ലാം മദ്രസയുടെ പോക്കുവരവ് രേഖ കൈമാറി.സർവെ നമ്പറിൽ വന്ന വ്യതാസം മൂലം 19 സെൻ്റ് സ്ഥലം ഭൂമി പോക്കുവരവ് ചെയ്ത് നൽകുന്നതിൽ കാലതാമസം നേരിട്ടിരുന്നു. രണ്ടുവർഷം ഇതിനായി ശ്രമിച്ചെങ്കിലും നടന്നില്ല. അദാലത്തിൽ പോക്ക് വരവ് ചെയ്ത രേഖ മന്ത്രി പി രാജീവ് കൈമാറി.
കീരംപാറ സ്വദേശിയായ തോട്ടത്തികുടി ടി ജെ ജെയ്സൺ ഒറിജിനൽ വിൽപത്രം നഷ്ടപ്പെട്ടതിനാൽ ഭൂമി പോക്ക് വരവ് ചെയ്യാൻ സാധിക്കാത്ത വിഷമവുമായാണ് അദാലത്തിലെത്തിയത്. നിലവിലെ പ്രശ്നങ്ങൾ പരിഹരിച്ച് അദാലത്തിൽ പോക്ക് വരവ് രേഖ അനുവദിച്ചു.

കീരംപാറ സ്വദേശിയായ വട്ടക്കുടിയിൽ വി വി ജോസഫ് എത്തിയത് അപേക്ഷകനു ലഭിച്ച ഭൂമിയുടെ മുന്നാധാരത്തിൽ കൂട്ടവകാശ ഒഴിമുറിയിൽ മൈനറായ അവകാശി വന്നതിനാൽ ഭൂമി പോക്കുവരവ് ചെയ്യുന്നതിൽ വന്ന കാലതാമസവുമായാണ്. നിലവിലെ പ്രശ്നങ്ങൾ വേഗത്തിൽ പരിഹരിച്ച് മന്ത്രി അദാലത്തിൽ തന്നെ പോക്കുവരവ് രേഖ നൽകി.

Leave a Reply

Your email address will not be published. Required fields are marked *