Your Image Description Your Image Description

തിരുവനന്തപുരം : ചരിത്രവും രാഷ്ട്രീയവും സമകാലീന സംഭവങ്ങളും നിറഞ്ഞു നിന്ന പ്രമേയങ്ങളുമായി സംസ്ഥാന സ്‌കൂൾ കലോത്സവത്തിലെ എച്ച് എസ് എസ് വിഭാഗം നാടക മത്സരങ്ങൾ. നാടിറങ്ങുന്ന കാട്ടാനകൾ, ആമയിഴഞ്ചാൻ തോട്ടിൽ വീണു മരിച്ച ജോയ് , ഗുസ്തി താരം വിനേഷ് ഫഗോട്ട്, അയ്യങ്കാളി പട എന്നിങ്ങനെ വ്യത്യസ്തവും പ്രസക്തവുമായ കഥാപാത്രങ്ങളുമായി എത്തിയ മികവാർന്ന നാടകങ്ങൾക്കാണ് കലോത്സവ വേദിയായ ടാഗോർ തിയറ്റർ സാക്ഷ്യം വഹിച്ചത്. നിറഞ്ഞു കവിഞ്ഞ സദസ്സിനു മുന്നിൽ മാറ്റുരച്ച ഓരോ അഭിനയ മികവിനും കൈയടി ഉയർന്നു കൊണ്ടേയിരുന്നു.

രാവിലെ തുടങ്ങിയ മത്സരം രാത്രിയിലേക്കു നീണ്ടിട്ടും ഒഴിയുന്ന കസേരകൾ നിമിഷ നേരം കൊണ്ട് നിറഞ്ഞു.ആമയിഴഞ്ചാൻ തോട്ടിൽ വീണു മരിച്ച ജോയി എന്ന ശുചീകരണ തൊഴിലാളിയുടെ കഥ പറഞ്ഞ ‘കക്കൂസ് ‘ എന്ന നാടകം ശുചീകരണ തൊഴിലാളികൾ നേരിടുന്ന അടിച്ചമർത്തലും അരികവൽകരണവുമാണ് ചർച്ച ചെയ്തത്.

മത്സരത്തിൽ എ ഗ്രേഡും നാടകം നേടി.നാടേറുന്ന കാട്ടാനകളുടെ കഥ പറഞ്ഞ ‘ഏറ്റം ‘ വനനശീകരണവും വന്യ മൃഗങ്ങൾ നേരിടുന്ന ചൂഷണങ്ങളും സ്റ്റേജിൽ അവതരിപ്പിച്ചു. നാടകത്തിന് എ ഗ്രേഡും ലഭിച്ചു.ഒളിമ്പ്യൻ വിനേഷ് ഫഗോട്ട് കഥാപാത്രമായി എത്തിയ ഫൈറ്റർ എന്ന നാടകം, പോരാട്ട വീര്യത്തിന്റെയും സാമൂഹ അടിച്ചമർത്തലുകളുടെയും കഥ പറഞ്ഞു.അയ്യങ്കാളി പടയുടേയും അതിന് നേതൃത്വം നൽകിയ നാലംഗ സംഘത്തിന്റെയും കഥ പറഞ്ഞ കയം കേരളത്തിന്റെ സമര ചരിത്രത്തിന്റെ ഓർമ്മപ്പെടുത്തലായി മാറി.

Leave a Reply

Your email address will not be published. Required fields are marked *