Your Image Description Your Image Description
Your Image Alt Text

മുംബൈ: ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന ആദ്യമായി സ്പേസ് എക്സിന്റെ സേവനങ്ങള്‍ ഉപയോഗപ്പെടുത്താനൊരുങ്ങുന്നു. സ്പേസ് എക്സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റില്‍ വാര്‍ത്താ വിനിമയ ഉപഗ്രഹമായ ജിസാറ്റ്-20 വിക്ഷേപിക്കാന്‍ ഒരുങ്ങുകയാണ് ഐഎസ്ആര്‍ഒ. ഈ വര്‍ഷം പകുതിയില്‍ വിക്ഷേപണം നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഉള്‍നാടുകളിലും ഒറ്റപ്പെട്ട പ്രദേശങ്ങളിലും അതിവേഗ ഇന്റര്‍നെറ്റ് എത്തിക്കുന്നതിന് ജിസാറ്റ്-20 ഉപഗ്രഹം സഹായിക്കും. ആന്‍ഡമാന്‍ നികോബാര്‍, ലക്ഷദ്വീപ്, എന്നിവിടങ്ങളിലും അതിവേഗ കണക്ടിവിറ്റി എത്തും. വിമാനങ്ങള്‍ക്കുള്ളില്‍ ഇന്റര്‍നെറ്റ് സേവനം ഒരുക്കുന്നതിനും ഇത് സഹായിക്കും. 2018 ല്‍ ആണ് ഇത് ആദ്യം വിക്ഷേപിക്കാനിരുന്നത് എന്നാല്‍ പിന്നീട് 2020 ലേക്ക് നീട്ടിവെച്ചു. പിന്നീട് അത് വീണ്ടും വൈകുകയായിരുന്നു.പുനരുപയോഗിക്കാന്‍ കഴിയുന്ന ഫാല്‍ക്കണ്‍-9 റോക്കറ്റിന് ജിയോ സ്റ്റേഷനറി ട്രാന്‍സ്ഫര്‍ ഓര്‍ബിറ്റിലേക്ക് ജിസാറ്റ്-20 യുടെ ഇരട്ടി ഭാരം വഹിച്ചുകൊണ്ടുപോവാന്‍ ശേഷിയുണ്ട്. 2010 ല്‍ സേവനം ആരംഭിച്ച ഫാല്‍ക്കണ്‍ 9 റോക്കറ്റുകള്‍ ഉപയോഗിച്ച് ഇതുവരെ 296 തവണ വിക്ഷേപണങ്ങള്‍ നടന്നിട്ടുണ്ട്.

ഐഎസ്ആര്‍ഒയുടെ വാണിജ്യ വിഭാഗമായ ന്യൂസ്പേസ് ഇന്ത്യ ലിമിറ്റഡും സ്പേസ് എക്സും തമ്മിലുണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിലാണ് ജിസാറ്റ്-20 വിക്ഷേപണത്തിനായി ഫാല്‍ക്കണ്‍-9 ഉപയോഗിക്കുന്നത്. എന്‍എസ്ഐഎല്‍ തന്നെയാണ് ബുധനാഴ്ച ഈ വിവരം പുറത്തുവിട്ടത്.ടെലികോം ഉപഭോക്താക്കള്‍ക്ക് അതിവേഗ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നല്‍കാന്‍ ജിസാറ്റ്-20 സഹായിക്കും. 4700 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹം ഐഎസ്ആര്‍ഒയുടെ ഏറ്റവും ശക്തിയേറിയ റോക്കര്റായ എല്‍വിഎം-3 യുടെ പരമാവധി വാഹന ശേഷിയേക്കാള്‍ കൂടുതലാണ്. 4000 കിലോഗ്രാം വരെ ഭാരമുള്ള പേലോഡാണ് എല്‍വിഎം3 റോക്കറ്റിന് വഹിക്കാനാവുക.

Leave a Reply

Your email address will not be published. Required fields are marked *