പാറശാല: ബുള്ളറ്റ് മോഷണം നടത്തിയ കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. കോട്ടുകാൽ അടിമലത്തുറ അമ്പലത്തിൻമൂല വീട്ടിൽ സെൽസൻ(20) ആണ് പിടിയിലായത്.ജനുവരി 3ന് പാറശാല കോഴിവിളക്ക് സമീപത്ത് റോഡ് സൈഡിൽ പാർക്ക് ചെയ്തിരുന്ന അയ്ങ്കാമം സ്വദേശിയുടെ ബുള്ളറ്റാണ് മോഷ്ടിച്ചത്.
ബുള്ളറ്റ് മോഷണം നടന്ന സ്ഥലത്ത് നിന്നും ലഭിച്ച ആക്ടിവ സ്കൂട്ടർ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിൽ തമിഴ്നാട്ടിലെ സാത്തൂർ എന്ന സ്ഥലത്ത് മോഷണം പോയ ആക്ടിവ സ്കൂട്ടറാണന്ന് മനസിലായി.
കന്യാകുമാരി ജില്ലയിലെ നിരവധി സി.സി.ടിവി ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷണസംഘം മോഷ്ടാവിലേക്ക് എത്തിയത്.സാത്തൂരിൽ നിന്നും മോഷ്ടിച്ച ശേഷം കോഴിവിളയിലെത്തുകയും അവിടെ സ്കൂട്ടർ ഉപേക്ഷിച്ച് ബുള്ളറ്റുമായി കടക്കുകയുമായിരുന്നു. മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പൊലീസിന്റെ വലയിലായത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.