Your Image Description Your Image Description

തിരുവനന്തപുരം : സംസ്ഥാനത്ത് പുത്തൻ കൃഷി രീതികൾ നടപ്പിലാക്കേണ്ടത് ആവശ്യമാണെന്നും അതിന് കൃത്യമായ ഭൂവിനിയോഗത്തിന് പ്രധാന പങ്കുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന ഭൂവിനിയോഗ ബോർഡ് മാസ്‌ക്കറ്റ് ഹോട്ടലിൽ സംഘടിപ്പിച്ച തെങ്ങ് അധിഷ്ഠിത ഭൂവിനിയോഗവും മാറുന്ന കാലാവസ്ഥയും സെമിനാർ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഭൂവിനിയോഗത്തിന് സാറ്റലൈറ്റ് മാപ്പിങ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേർണിങ് തുടങ്ങിയ നവീനസാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തണം. കേരളത്തിലെ വിഭവങ്ങൾ, തണ്ണീർത്തടങ്ങൾ, മറ്റ് ജലാശയങ്ങൾ, ഓരോ കൃഷിക്കും അനുയോജ്യമായ ഭൂഘടന എന്നിവ സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ ഉണ്ടാകണം. ഭൂവിസ്തൃതിയിൽ കുറവുണ്ടാകുന്നതുൾപ്പടെയുള്ള കാര്യങ്ങൾ പഠനവിധേയമാക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാനുള്ള വിശാലമായ സമീപനം അന്താരാഷ്ട്ര തലത്തിൽ സ്വീകരിക്കേണ്ടതാണ്. കാലാവസ്ഥ വ്യതിയാനം കാരണമുണ്ടായ പ്രളയം, വരൾച്ച, മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, ചുഴലിക്കാറ്റ് തുടങ്ങിയ ദുരന്തങ്ങൾ സംസ്ഥാനത്തിന്റെ ഭൂപ്രകൃതിയെയും കൃഷിരീതികളെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഇത്തരം ദുരന്തങ്ങൾ പ്രതിരോധിക്കാൻ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും സ്വന്തമായി ഡിസാസ്റ്റർ മാനേജ്‌മെന്റ് പ്ലാനുകൾ തയ്യാറാക്കി വരുന്നു. ഭൂവിനിയോഗ ബോർഡിന്റെ കൈവശമുള്ള പഠനരേഖകളും ഇതിനായി പ്രയോജനപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ മൊത്തം കൃഷിവിസ്തൃതിയുടെ മുപ്പത് ശതമാനവും നാളികേര കൃഷിയാണ്. നാളികേര ഉൽപാദനത്തിൽ ഇടയ്ക്ക് പിന്നോട്ട് പോയെങ്കിലും കഴിഞ്ഞവർഷം ഒന്നാംസ്ഥാനം നമ്മൾ തിരിച്ചു പിടിച്ചിട്ടുണ്ട്. നാളികേര കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി കേരഗ്രാമം പദ്ധതിയും, ആവർത്തന നടീൽ കൃഷിരീതിയും, ഇടവിള സമ്മിശ്ര കൃഷിരീതികളും കേരളത്തിലുണ്ട്. അതോടൊപ്പം പുത്തൻ കൃഷിരീതികൾ നടപ്പിലാക്കുന്നതിനുള്ള ഭൂവിനിയോഗ നടപടികളും സ്വീകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

 

Leave a Reply

Your email address will not be published. Required fields are marked *