Your Image Description Your Image Description

ഡല്‍ഹി: കേരളാ പ്രവാസി അസോസിയേഷന്‍ ചെയര്‍മാനും മാവൂര്‍ ഗ്രാസിം സമര സമിതി നേതാവുമായ രാജേന്ദ്രന്‍ വെള്ളപ്പാലത്ത് മാവൂര്‍ ഗ്രാസിം കേസില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ്. കേസില്‍ എതിര്‍കക്ഷികളായ ഗ്രാസിം ഇന്‍ഡസ്ട്രീസിനും കേരള സര്‍ക്കാരിനുമാണ് നോട്ടീസ്. ജസ്റ്റിസ് പി.എസ്. നരസിംഹ, ജസ്റ്റിസ് മനോജ് മിശ്ര എന്നിവര്‍ അടങ്ങുന്ന ബെഞ്ചാണ് നോട്ടീസ് അയച്ചത്.

കോഴിക്കോട് മവൂരിലെ 320.78 ഏക്കര്‍ ഭൂമിയുടെ നിയന്ത്രണവുമായി ബന്ധപ്പെട്ടാണ് ഹര്‍ജി. ഇതില്‍ 238.41 ഏക്കര്‍ 1960-കളില്‍ വ്യവസായ ആവശ്യങ്ങള്‍ക്കായി കേരള സര്‍ക്കാര്‍ ഏറ്റെടുത്ത് കൈമാറിയതും, 82.37 ഏക്കര്‍ കമ്പനി സ്വകാര്യമായി വാങ്ങിയതുമാണ്. ഇതില്‍ സര്‍ക്കാര്‍ നല്‍കിയ ഭൂമി കമ്പനി നിര്‍ത്തിയതോടെ തിരികെ ഏറ്റെടുക്കാന്‍ നടപടികള്‍ തുടങ്ങിയിരുന്നു. ഇതിനെതിരെ ഗ്രാസിം കമ്പനി നല്‍കിയ ഹര്‍ജി നിലവില്‍ കേരള ഹൈക്കോടതിയുടെ പരിഗണനയിലാണ്.

ഇതില്‍ കക്ഷി ചേരാന്‍ സമര സമിതി നല്‍കിയ അപേക്ഷ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തള്ളിയിരുന്നു. ഇതിനെതിരെ ഡിവിഷന്‍ ബെഞ്ചില്‍ നിന്നും അനൂകൂല തീരുമാനം ലഭിക്കാതെ വന്നതോടെയാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഗ്രാസിമിന്റെ കൈവശമുള്ള ഭൂമി തിരിച്ചെടുക്കാനുള്ള ഉത്തരവിനെ ചോദ്യം ചെയ്ത് ഹൈക്കോടതിയിലുള്ള റിട്ട് ഹര്‍ജിയില്‍ തങ്ങളുടെ വാദങ്ങള്‍ കേള്‍ക്കണമെന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം. കേസില്‍ ഹര്‍ജിക്കാര്‍ക്ക് വേണ്ടി അഭിഭാഷകരായ കുര്യാക്കോസ് വര്‍ഗീസ്, ശ്യംമോഹനന്‍ എന്നിവര്‍ ഹാജരായി.

Leave a Reply

Your email address will not be published. Required fields are marked *