Your Image Description Your Image Description

ബഹിരാകാശത്ത് ജീവൻ മുളയ്ക്കുന്നു. വിഎസ്എസ്‌സിയുടെ പിഎസ്എല്‍വി-സി60 പോയം-നാലിലെ ക്രോപ്‌സ് പരീക്ഷണം വിജയകരമായി നാല് ദിവസം കൊണ്ട് പയര്‍ വിത്തുകള്‍ മുളപ്പിച്ചു. ഇലകള്‍ ഉടന്‍ പ്രതീക്ഷിക്കുന്നു”-ഐഎസ്ആര്‍ഒ കഴിഞ്ഞ ദിവസം എക്‌സില്‍ പങ്കുവച്ച കുറിപ്പാണിത്. പിഎസ്എൽവി-സി 60 പോയം-4 പ്ലാറ്റ്‌ഫോമിൽ ബഹിരാകാശത്തേക്ക് അയച്ച പയര്‍ വിത്തുകള്‍ വിക്ഷേപിച്ച് നാലു ദിവസത്തിനുള്ളില്‍ മൈക്രോ ഗ്രാവിറ്റി കണ്ടീഷനില്‍ മുളച്ചെന്ന വാര്‍ത്ത ശാസ്ത്രലോകത്ത് ഏറെ പ്രതീക്ഷ പകരുന്നതാണ്.

മൈക്രോ ഗ്രാവിറ്റി അവസ്ഥയിൽ സസ്യവളർച്ച പഠിക്കാൻ തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്പേസ് സെൻ്റർ (വിഎസ്എസ്സി) നടത്തിയ കോംപാക്റ്റ് റിസർച്ച് മോഡ്യൂൾ ഫോർ ഓർബിറ്റൽ പ്ലാൻ്റ് സ്റ്റഡീസ് (ക്രോപ്സ്) പരീക്ഷണത്തിൻ്റെ ഭാഗമായി എട്ട് പയര്‍ വിത്തുകളാണ് ബഹിരാകാശത്തേക്ക് അയച്ചത്. ഈ ദൗത്യത്തിന്റെ ആദ്യഘട്ടമാണ് വിജയകരമായത്. ഇലകള്‍ ഉടന്‍ പ്രതീക്ഷിക്കുന്നുവെന്നാണ് ഐഎസ്ആര്‍ഒ വ്യക്തമാക്കുന്നത്.

ഭാവിയിലെ ദീർഘകാല ബഹിരാകാശ ദൗത്യങ്ങൾക്ക് അത്യന്താപേക്ഷിതമാണ് ഈ പരീക്ഷണം. ബഹിരാകാശത്തിൻ്റെ തനതായ സാഹചര്യങ്ങളിൽ സസ്യങ്ങൾ എങ്ങനെ വളരുന്നുവെന്ന് മനസിലാക്കുകയാണ് ലക്ഷ്യം. സജീവമായ താപ നിയന്ത്രണത്തോടെ നിയന്ത്രിത പരിതസ്ഥിതിയിൽ പയര്‍ വിത്തുകള്‍ വളര്‍ത്തുന്ന പരീക്ഷണമാണ് നടത്തുന്നത്. അന്യഗ്രഹ പരിതസ്ഥിതികളിൽ സസ്യജാലങ്ങളെ വളർത്തുന്നതിനും നിലനിർത്തുന്നതിനും ഈ ദൗത്യം സഹായകരമാകും. ഇത്തരം കഴിവുകള്‍ വികസിപ്പിക്കുന്നതിനുള്ള ഒരു മൾട്ടി ഫേസ് പ്ലാറ്റ്ഫോമായാണ് കോംപാക്റ്റ് റിസർച്ച് മോഡ്യൂൾ ഫോർ ഓർബിറ്റൽ പ്ലാൻ്റ് സ്റ്റഡീസിനെ വിലയിരുത്തുന്നത്.

ഇത് പൂര്‍ണമായും ഓട്ടോമേറ്റഡ് സംവിധാനമായാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്. വിത്ത് മുളയ്ക്കല്‍, ഇലകളുടെ വളര്‍ച്ച തുടങ്ങിയവയുമായി ബന്ധപ്പെട്ട്‌ അഞ്ച് മുതൽ ഏഴ് ദിവസത്തെ പരീക്ഷണം ആസൂത്രണം ചെയ്തിട്ടുണ്ട്. താപനിയന്ത്രണത്തോടെ ഒരു ക്ലോസ്ഡ് ബോക്‌സിലാണ് വിത്തുകള്‍ വച്ചിരിക്കുന്നത്. ഓക്സിജൻ, കാർബൺ ഡൈ ഓക്സൈഡ്, താപനില, മണ്ണിലെ ഈർപ്പം തുടങ്ങിയ ഉള്‍പ്പെടെ ലഭ്യമാക്കിയിട്ടുണ്ട്. നിരീക്ഷണത്തിനായി ക്യാമറയും സജ്ജീകരിച്ചിട്ടുണ്ട്. ബഹിരാകാശത്ത് ഡോക്കിങ്ങും അണ്‍ഡോക്കിങ്ങും നടത്താന്‍ ലക്ഷ്യമിട്ടുള്ള സ്‌പേഡെക്‌സ് ദൗത്യത്തിനൊപ്പമായിരുന്നു ഈ വിക്ഷേപണവും.

Leave a Reply

Your email address will not be published. Required fields are marked *