Your Image Description Your Image Description

മലപ്പുറം: പല ഘട്ടങ്ങളായി നടത്തുന്ന പ്രവർത്തനങ്ങളിലൂടെയും പ്രചാരണ പരിപാടികളിലൂടെയും ജില്ലയിലെ പ്രമേഹ രോഗികളുടെ എണ്ണത്തിൽ പത്ത് വർഷം കൊണ്ട് 10 ശതമാനം കുറവുണ്ടാകുമെന്ന് മലപ്പുറം ജില്ലാ കലക്ടർ വി ആർ വിനോദ്. ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന ജീവിതശൈലീരോഗ നിയന്ത്രണ ക്യാംപയിനുമായി ബന്ധപ്പെട്ട് കളക്ടറേറ്റിൽ സംഘടിപ്പിച്ച യോഗത്തിൽ സംസാരിച്ചുകൊണ്ടായിരുന്നു കലക്ടറുടെ ഈ പ്രസ്താവന.

ഹോട്ടലുകളിൽ ആരോഗ്യകരമായ ഭക്ഷണം ഉറപ്പാക്കുന്ന വിധത്തിൽ ഹെൽത്തി പ്ലേറ്റുകൾ ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമെന്നും കളക്ടർ പറഞ്ഞു. പഞ്ചസാരയും കാർബോ ഹൈഡ്രേറ്റ്സും കുറവുള്ള പോഷകസമൃദ്ധമായ ഭക്ഷണം ഹോട്ടലുകളിൽ ലഭ്യമാക്കുക എന്നതാണ് ഹെൽത്തി പ്ലേറ്റ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. എന്ത് ഭക്ഷണം കഴിക്കണമെന്നത് ഒരു വ്യക്തിക്ക് സ്വയമേ തെരഞ്ഞെടുക്കാം.

ജനങ്ങൾക്കിടയിൽ ആരോഗ്യകരമായ ഭക്ഷണത്തെക്കുറിച്ച് അവബോധമുണ്ടാക്കുന്നതിനും അത് ലഭ്യമാക്കുന്നതിനുമാണ് ജില്ലാഭരണകൂടം ഇത്തരമൊരു സംരംഭം കൊണ്ടുവരുന്നത്. ഇതിലൂടെ പ്രമേഹം ഉൾപ്പെടെ ജീവിതശൈലീരോഗങ്ങളിൽ നിന്ന് ആളുകൾക്ക് പൂർണ്ണമായും മുക്തിനേടാനാവുമെന്നും കലക്ടർ വിശദീകരിച്ചു. സർക്കാർ ജീവനക്കാർക്കിടയിൽ വ്യായാമം പ്രോത്സാഹിപ്പിക്കുമെന്നും ജീവനക്കാരിൽ കൃത്യമായ ഇടവേളകളിൽ ആരോഗ്യപരിശോധന നടത്തുമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ആർ രേണുക പറഞ്ഞു.

ടെക്നിക്കൽ അസിസ്റ്റന്‍റ് വി വി ദിനേശ് ജീവിതശൈലീരോഗ നിയന്ത്രണ പ്രചാരണ പരിപാടികളുടെ ഭാഗമായി ജില്ലയിൽ നടപ്പാക്കേണ്ട കർമപരിപാടികൾ അവതരിപ്പിച്ചു. ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ ഭാരവാഹികൾ, സന്നദ്ധ സംഘടനാപ്രതിനിധികൾ, സർവീസ് സംഘടനാഭാരവാഹികൾ, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിന്റെ ഭാഗമായി.

Leave a Reply

Your email address will not be published. Required fields are marked *