Your Image Description Your Image Description

തിരുവന്തപുരം: ആറ്റിങ്ങലിൽ യുവാവിനെ പൊലീസ് മർദ്ദിച്ചു. ഗുരുതര പരിക്കേറ്റ യുവാവ് ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ആറ്റിങ്ങൽ ചെമ്പൂർ സ്വദേശി നിഖിലാണ് ചികിത്സയിൽ കഴിയുന്നത്.

31ന് രാത്രി 10നായിരുന്നു ആക്രമണം നടന്നത്. വീടിനടുത്തുള്ള സുഹൃത്തായ അഖിലിന്റെ വീട്ടിൽ ഭക്ഷണം കഴിക്കാനായി പോയതായിരുന്നു നിഖിൽ. സുഹൃത്തിന്റെ വീട്ടിലെത്തിയ സമയം അഖിലിന്റെ അച്ഛൻ മദ്യപിച്ച് ബഹളമുണ്ടാക്കി. തുടർന്ന് അഖിലും അച്ഛനും തമ്മിൽ തർക്കത്തിലായി. നിഖിൽ ഇരുവരെയും പിടിച്ചു മാറ്റുകയും പിന്നീട് റോഡിൽ വന്നു നിൽക്കുകയും ചെയ്തു.

വാക്കേറ്റവും ഉന്തും തള്ളും നടന്നതിന് ദൃക്സാക്ഷി നിഖിലാണെന്നും പൊലീസ് വരുമ്പോൾ സാക്ഷി പറയണമെന്നും അഖിലിന്റെ അച്ഛൻ നിഖിലിനോട് ആവശ്യപ്പെട്ടു. തുടർന്ന് ഈ വിഷയം അറിഞ്ഞെത്തിയ ആറ്റിങ്ങൽ പൊലീസ് റോഡിൽ നിൽക്കുകയായിരുന്ന നിഖിലിനെ ഒരു കാരണവുമില്ലാതെ മർദ്ദിച്ചെന്നാണ് പരാതി.

നിഖിലിന്റെ ദേഹമാസകലം അടിയേറ്റ പാടുകളും കൈക്ക് പൊട്ടലുമുണ്ട്. കണ്ടാലറിയാവുന്ന അഞ്ചോളം പൊലീസുകാർ ചേർന്നാണ് നിഖിലിനെ മർദ്ദിച്ചതെന്നാണ് ആരോപണം. നിഖിലിന്റെ അമ്മ ജയ ആറ്റിങ്ങൽ എസ്.എച്ച്.ഒയ്ക്ക് പരാതി നൽകി. എന്നാൽ തുടർനടപടികൾ ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി, മറ്റ് ഉന്നത പൊലീസ് മേധാവികൾക്കും പരാതി നൽകുമെന്നും കുടുംബം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *