Your Image Description Your Image Description

തിരുവനന്തപുരം: കഴിഞ്ഞ വർഷത്തെ കായിക മേളയിൽ പ്രതിഷേധിച്ച രണ്ട് സ്‌കൂളുകള്‍ക്ക് അടുത്ത കായിക മേളയില്‍ വിലക്കേര്‍പ്പെടുത്തിയ സർക്കാർ തീരുമാനത്തിനെതിരേ വിദ്യാഭ്യാസമന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷനേതാവ്. തീരുമാനം പുനഃപരിശോധിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ വിദ്യാഭ്യാസമന്ത്രി ശിവൻകുട്ടിക്ക് അയച്ച കത്തിലൂടെ ആവശ്യപ്പെട്ടു. എറണാകുളത്ത് നടന്ന സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ സമാപന ചടങ്ങില്‍ പ്രതിഷേധിച്ചു എന്നതിന്റെ പേരിലാണ് തിരുനാവായ നാവാമുകുന്ദ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനെയും കോതമംഗംലം മാര്‍ബേസില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനെയും അടുത്ത കായിക മേളയില്‍നിന്ന് വിലക്കിയത്.

ജനാധിപത്യ സംവിധാനത്തില്‍ പ്രതിഷേധങ്ങള്‍ ഉയരുന്നത് സ്വാഭാവികമാണ്. അധികാരത്തില്‍ ഇരിക്കുന്നവര്‍ അതിനെയൊക്കെ സഹിഷ്ണുതയോടെയാണ് സമീപിക്കേണ്ടത്. ആരും പ്രതിഷേധിക്കരുതെന്ന് ജനാധിപത്യ സംവിധാനത്തിലൂടെ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകള്‍ തീരുമാനിക്കുന്നത് തന്നെ ഏകാധിപത്യവും ഫാഷിസവുമാണെന്ന് വി.ഡി സതീശൻ കത്തിൽ ചൂണ്ടിക്കാട്ടി.

വിദ്യാഭ്യാസമന്ത്രി സ്ഥാനത്ത് ഇരിക്കുന്ന അങ്ങ് എത്രയോ സമരങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും നേതൃത്വം നല്‍കിയ ആളാണ്. എത്രയോ കാലം വിദ്യാര്‍ഥി സംഘടനയെ നയിച്ചു. പ്രതിഷേധിച്ചും പ്രതികരിച്ചും രാഷ്ട്രീയ സമരാനുഭവങ്ങളിലൂടെ കടന്ന് വരികയും മന്ത്രിയായിരിക്കുമ്പോള്‍ പ്രതിഷേധിച്ചതിന്റെ പേരില്‍ രണ്ട് സ്‌കൂളുകളെ വിലക്കുന്നത് ശരിയായ നടപടിയല്ലെന്നും പ്രതിപക്ഷ നേതാവ് കത്തില്‍ ചൂണ്ടിക്കാട്ടി.

2024-ലെ സ്‌കൂള്‍ കായികമേളയുടെ സമാപന ചടങ്ങിലായിരുന്നു സംഘര്‍ഷം. സ്കൂളുകളുടെ വിഭാഗത്തിൽ 80 പോയിന്റോടെ ഒന്നാമതെത്തിയത് കടകശ്ശേരി ഐഡിയൽ ഇ.എച്ച്.എസ്.എസ്. ആണ്. ഔദ്യോഗിക സൈറ്റിലെ പോയിന്റ് ടേബിളിൽ 44 പോയിന്റോടെ തിരുനാവായ നാവാമുകുന്ദ എച്ച്.എസ്.എസും 43 പോയിന്റോടെ കോതമംഗലം മാർ ബേസിലുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ഇവർക്കു പകരം സ്പോർട്സ് സ്കൂളായ ജി.വി. രാജയ്ക്ക് രണ്ടാം സ്ഥാനം നല്‍കി എന്ന ആക്ഷേപമാണ് സംഘര്‍ഷത്തിനിടയാക്കിയത്‌. വിദ്യാര്‍ഥികളും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടാവുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *