Your Image Description Your Image Description

ഓസ്‍ലോ: ലോക ഒന്നാം നമ്പർ ചെസ് താരം മാഗ്നസ് കാൾസൻ വിവാ​ഹിതനാകുന്നു. നോർവേയിൽ വച്ചായിരിക്കും കാൾസൻ തന്റെ കാമുകി എല്ല വിക്ടോറിയ മലോനയെ വിവാഹം കഴിക്കുക. എന്നാൽ, വിവാഹം നടക്കുന്ന സ്ഥലവും തീയതിയും താരം ഇനിയും വെളിപ്പെടുത്തിയിട്ടില്ല. കാൾസന്റെ കാമുകിയും നോർവെ സ്വദേശിനിയാണ്. നോർവേയിലെ പ്രമുഖ മാധ്യമങ്ങളിൽ ഒന്നായ വെർഡൻസ് ഗാങ് (വിജി) ആണ് മാഗ്നസ് കാൾസൻ്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളെ ഉദ്ധരിച്ച് വിവാഹ വാർത്ത പുറത്തുവിട്ടത്. അജ്ഞാത സ്ഥലത്ത് വച്ച് താരവും കാമുകിയും വിവാഹിതരാകുമെന്നാണ് വെർഡൻസ് ഗാങ് റിപ്പോർട്ട് ചെയ്യുന്നത്.

ഈ വർഷം ഫെബ്രുവരിയിൽ ഒരു ചെസ് ടൂർണമെന്റിലാണ് കാൾസനും എല്ലയും മാധ്യമങ്ങൾക്കു മുന്നിൽ ഒരുമിച്ചെത്തിയത്. പിന്നീട് കാൾസൻ പങ്കെടുത്ത നോർവേ ചെസ്, അടുത്തിടെ അവസാനിച്ച ഫി‍ഡെ ലോക റാപ്പിഡ്, ബ്ലിറ്റ്സ് ചാംപ്യൻഷിപ് എന്നീ വേദികളിലും എല്ലയും എത്തിയിരുന്നു. “ചിലപ്പോൾ ടൂർണമെൻ്റുകളിൽ അവനോടൊപ്പം പോകുന്നത് ബുദ്ധിമുട്ടാണ്, പക്ഷേ ഞാൻ അത് ചെയ്യുന്നത് ഒരു നല്ല കാമുകിയാകാനും അവനെ പിന്തുണയ്ക്കാനും ആഗ്രഹിക്കുന്നു. ” എന്നായിരുന്നു നോർവെയിലെ ഒരു ടെലിവിഷൻ ചാനലിനോട് എല്ല പ്രതികരിച്ചത്.

നോർവേ തലസ്ഥാനമായ ഓസ്‍ലോയിലാണ് 25 വയസ്സുകാരിയായ എല്ല വിക്ടോറിയ താമസിക്കുന്നത്. അതേസമയം ഇവരുടെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. എല്ലയുടെ പിതാവ് യുഎസ് പൗരനും മാതാവ് നോർവേക്കാരിയുമാണെന്നു ചില രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നോർവേയിലെ ഏതു നഗരത്തിൽവച്ചാണ് വിവാഹം നടക്കുകയെന്ന വിവരം പുറത്തുവിട്ടിട്ടില്ല.

ലോക ബ്ലിറ്റ്സ് ചെസ് ചാംപ്യൻഷിപ് കിരീടം മാഗ്നസ് കാൾസനും യാൻ നീപോംനീഷിയും പങ്കുവച്ചത് വൻ വിവാദമായിരുന്നു. ചെസിന്റെ നിയമങ്ങളിലോ ചരിത്രത്തിലോ കേട്ടുകേൾവിയില്ലാത്ത ഒന്നാണ് ‘പങ്കുവയ്ക്കൽ’ എന്നാണ് വിമർശനം. ടൈബ്രേക്കറിൽ മൂന്ന് സ‍ഡൻ ഡെത്ത് മത്സരങ്ങൾക്കു ശേഷം കിരീടം പങ്കുവയ്ക്കാമെന്ന് ഇരുവരും തീരുമാനിക്കുകയും സംഘാടകർ ഇത് അംഗീകരിക്കുകയുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *