Your Image Description Your Image Description

ഐസായി ഉറഞ്ഞുപോയ ഒരു തടാകത്തിൽ കുടുങ്ങിയ മുതലയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ ചർച്ചാ വിഷയമായി മാറിയിരിക്കുകയാണ്. അയേണ്‍.ഗേറ്റർ എന്ന ഇന്‍സ്റ്റാഗ്രാം പേജിലാണ് കഴിഞ്ഞ ദിവസം ഇതി​ന്റെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയുടെ തുടക്കത്തില്‍ വെളുത്ത ഐസ് കഷ്ണങ്ങള്‍ ചിതറിക്കിടക്കുന്ന ഒരു താടകത്തിലെ തെളിഞ്ഞ ഐസിനടിയില്‍ കിടക്കുന്ന ഒരു മുതലയെ കാണാം. കാമറ അനങ്ങുന്നത് കൊണ്ട് തന്നെ മുതലയ്ക്ക് ജീവനുണ്ടോയെന്ന കാര്യത്തിൽ നമുക്ക് ചെറിയൊരു സംശയം തോന്നാം.

വീഡിയോയുടെ മുകളിലായി എഴുതിരിക്കുന്നത് വായിക്കുമ്പോഴാണ് നമ്മൾ മറ്റൊരു സാധ്യതയെ കുറിച്ച് ചിന്തിക്കുക. ‘ഐസില്‍ ഉറഞ്ഞ് പോയ മുതല’, ഒരു പക്ഷേ, തന്‍റെ ജീവിതകാലം മുഴുവനും ആ മുതല ആ കുളത്തിലോ നദിയിലോ ആകാം ജീവിച്ചിരുന്നത്. അന്ന് ഒരുനാൾ, പുറത്ത് കടക്കും മുമ്പ് ഉറഞ്ഞ് പോയൊരു തടാകം അവന് മരണക്കെണിയൊരുക്കി. എന്നാല്‍, മുതലകൾക്ക് തണുപ്പിനെ ഏറെ പ്രതിരോധിക്കാനുള്ള ശേഷിയുണ്ടെന്ന് അയേണ്‍.ഗേറ്റര്‍ വിശദീകരിക്കുന്നു. ഒപ്പം മുതല ചത്ത് പോയെ എന്ന് പറഞ്ഞ് ബഹളം വയ്ക്കേണ്ടെന്നും അവയുടെ ശരീരപ്രകൃതി അവയെ അതീജീവനത്തിന് സഹിക്കുമെന്നും അദ്ദേഹം വീഡിയോയില്‍ പറയുന്നു.

67 ലക്ഷം പേരാണ് വീഡിയോ കണ്ടത്. രണ്ട് ലക്ഷത്തിന് മുകളില്‍ പേർ വീഡിയോ ലൈക്ക് ചെയ്തു. നിരവധി പേര്‍ കുറിപ്പുകളെഴുതാനെത്തിയപ്പോള്‍ പതിനായിരത്തോളം പേരാണ് വീഡിയോ പങ്കുവച്ചത്. ‘ബഹളം വയ്ക്കാതെ ശാന്തരാകൂ, ഞാന്‍ ഓക്കെയാണ്. നിങ്ങളുടെ ശ്രദ്ധയ്ക്ക് നന്ദി’. ഒരു കാഴ്ചക്കാരന്‍ മുതലയുടെ വാക്കുകൾ എന്ന രീതിയില്‍ കുറിച്ചു. മറ്റ് ചിലര്‍ ഐസിന് മുകളിലായി തള്ളി നില്‍ക്കുന്ന മുതലയുടെ മൂക്കിന് ഇടിക്കുമെന്ന് വീരസം പറഞ്ഞു. അതേസമയം ചിലര്‍ ഏറെ സന്തോഷത്തോടെ കുറിച്ചത്. ‘ഇല്ല അത് അനങ്ങുന്നുണ്ടെ’ന്നായിരുന്നു. വീഡിയോയുടെ അവസാനം മുതല ചെറുതായി അനങ്ങുന്നത് കാണാം. ഒരു കാഴ്ചക്കാരന്‍ അയേണ്‍. ഗേറ്ററിനോട് ആ ഐസ് തകര്‍ത്ത് അവനെ പുറത്തെടുത്ത് ഭക്ഷണം കൊടുക്കരുതോ അത് നിങ്ങളെ ഉപദ്രവിക്കുമോ എന്ന് സംശയം ചോദിച്ചു.

സാധാരണയായി മുതലകൾ മനുഷ്യനെ ആക്രമിക്കില്ലെന്നും എന്നാല്‍ തരം കിട്ടിയാല്‍ അവ ആക്രമിക്കാതെ ഇരിക്കുമെന്ന് പറയാന്‍ പറ്റില്ലെന്ന് അയേണ്‍. ഗേറ്റർ മറുപടി കുറിച്ചു. ഒപ്പം തണുപ്പ് കാലത്ത് മുതലകൾ പതുക്കെയാണെന്നും നിങ്ങള്‍ പറഞ്ഞ രീതിയില്‍ മുതലയെ ഒരിക്കലും പിടിക്കാന്‍ ശ്രമിക്കരുതെന്നും അത് പ്രൊഫഷണല്‍ രീതിയല്ലെന്നും അദ്ദേഹം എഴുതി. ഒപ്പം മുതലകളുമായി നിരന്തരം സഹവസിക്കുന്നതിനാല്‍ തനിക്ക് ഇത്തരം കാര്യങ്ങള്‍ അറിയാമെന്നും മുതലകളുമായി സാധാരണക്കാര്‍ ഇടപഴകരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *