Your Image Description Your Image Description

തിരുവനന്തപുരം: ഇന്നലെ സര്‍ക്കാര്‍ പുറത്തിറക്കിയ യുവ ഐ.പി.എസ് ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റ പട്ടികയാണ് ഇപ്പോൾ സോഷ്യല്‍ മീഡിയകളില്‍ ഹിറ്റായിരിക്കുന്നത്. ഇതിനു പിന്നിൽ ഒറ്റകാരണമേയുള്ളൂ ഉദ്യോഗക്കയറ്റം ലഭിച്ച ഐ.പി.എസ് ഉദ്യോഗസ്ഥരുടെ കൂട്ടത്തില്‍ യതീഷ് ചന്ദ്ര ഐ.പി.എസ് ഉണ്ട്. അതെ, ക്രിമിനലുകളുടെ പേടി സ്വപ്നമായ ഏറ്റവും ജനപ്രിയനായ ഐപിഎസുകാരന്റെ മടങ്ങിവരവ് ആഘോഷമാക്കുകയാണ് സോഷ്യൽ മീഡിയ.
ഡെപ്യൂട്ടേഷനായി ബെംഗളുരുവിലേക്ക് പോയ യതീഷ് ചന്ദ്രയെ പിന്നീട് നീണ്ട ഒരു ഇടവേളയ്ക്ക് ശേഷമാണ് എല്ലാവരും കാണുന്നത്. ഡെപ്യൂട്ടേഷന്‍ കാലാവധി പൂര്‍ത്തിയാക്കിയ അദ്ദേഹം അവധിയിലായിരുന്നു. കണ്ണൂര്‍ ഡി.ഐ.ജി ആയാണ് ഇപ്പോള്‍ നിയമനം ലഭിച്ചിരിക്കുന്നത്. കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട് ജില്ലകളും കോഴിക്കോട് റൂറല്‍ ജില്ലയും അധികാര പരിധിയില്‍ വരുന്ന തസ്തികയാണിത്.

ഒരു രാഷ്ട്രീയ പാർട്ടിയുടെ ഓഫീസിൽ ഇന്ന് വരെ കയറിയിട്ടില്ലാതെ കേരള പോലീസ് യതീഷ് ചന്ദ്രയുടെ നേതൃത്വത്തിൽ അങ്കമാലിയിലെ സിപിഎം ഓഫീസിൽ കയറി പ്രവർത്തകരെ അടിച്ചൊതുക്കിയത് വലിയ സംഭവമായി മാറിയിരുന്നു. 2015 മാർച്ച് 14ന് നടന്ന ഹർത്താലിൻ്റെ പ്രകടനത്തിനിടെ പോലീസുകാരെ ആക്രമിക്കാൻ ആരോ മുതിർന്നതാണ് പ്രകോപനമായത്. അന്ന് സോഷ്യൽ മീഡിയ ഇത്രയും സജീവമായിട്ടില്ലെങ്കിലും, ‘പോലീസുകാരെ അടിക്കുന്നോടാ’ എന്ന യതീഷ് ചന്ദ്രയുടെ ആക്രോശം പലരും ഷെയർ ചെയ്തത് വൈറൽ ആയിരുന്നു.

പിന്നീട് 2018ലെ ശബരിമല സമരകാലത്ത് സ്വകാര്യ വാഹനങ്ങൾ നിലയ്ക്കലിൽ തടഞ്ഞിടുന്ന പോലീസ് നടപടിക്ക് വഴങ്ങാതിരുന്ന കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനെ വരച്ച വരയിൽ നിർത്തിയതും സംഘപരിവാർ നേതാവ് കെ.പി ശശികലയെ ഒതുക്കിയതും വിവാദമായി. ഇതോടെ
യതീഷ് മലയാളികളുടെ മനസ്സിൽ സ്റ്റാറായി തിളങ്ങി. ഉന്നത ഉദ്യോഗസ്ഥരുടെ താക്കിതുകൾ വകവെക്കാതെ മുന്നേറിയ യതീഷ് ചന്ദ്ര ഇതിനോടകം മലയാളികളുടെ മനസിലെ ‘ഭാരത് ചന്ദ്രനായി’ മാറിയിരുന്നു. കണ്ണൂരിൽ കോവിഡ് ലോക്ക്ഡൌൺ ലംഘിച്ചവരെ പൊതുവഴിയിൽ ഏത്തമിടീച്ചത്, കൊച്ചിയിൽ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം തടയാൻ നിന്ന പുതുവൈപ്പിൻ സമരക്കാരെ ലാത്തിച്ചാർജ് ചെയ്തത് തുടങ്ങി യതീഷ് വില്ലൻസ്ഥാനത്ത് വന്ന ഒട്ടേറെ സംഭവങ്ങളും ഉണ്ടായെങ്കിലും ജനപ്രീതിക്ക് അധികം മങ്ങലേറ്റില്ല.

അടുത്തിടെ തൃശൂർ പൂരത്തെക്കുറിച്ചുള്ള വിവാദമുണ്ടായപ്പോഴും പൂര പ്രേമികൾക്കൊപ്പം ഫോട്ടോക്ക് പോസ്സ് ചെയ്യുന്ന യതീഷ് ചന്ദ്ര സോഷ്യൽ മീഡിയയിൽ നിറഞ്ഞാടി. കണ്ണൂർ എഎസ്പി ആയിട്ടായിരുന്നു കേരള കേഡറിലേക്കുള്ള പ്രവേശനം. പിന്നീട് കണ്ണൂർ എസ്പി, കൊച്ചി സിറ്റി ഡെപ്യൂട്ടി കമ്മിഷണർ, തൃശൂർ കമ്മിഷണർ തുടങ്ങിയ പദവികളൊക്കെ വഹിച്ച ശേഷം ബെംഗളൂരു സിറ്റി പോലീസിൽ അഴിമതി വിരുദ്ധവിഭാഗം എസ്പിയായി. ഇതിനു ശേഷമുള്ള ആദ്യ നിയമനമാണിത്.

Leave a Reply

Your email address will not be published. Required fields are marked *