Your Image Description Your Image Description

തെന്നിന്ത്യയിൽ ആരാധകർ ഏറെയുള്ള നടനാണ് യാഷ്. കെജിഎഫ് എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലൂടെ നടൻ ആഗോളതലത്തിൽ തന്നെ ശ്രദ്ധ നേടിയിരുന്നു. എല്ലാ വർഷവും നടന്റെ ജന്മദിനം ആരാധകർ കൊണ്ടാടാറുണ്ട്. എന്നാൽ തന്റെ ജന്മദിനത്തിനോട് അനുബന്ധിച്ച് ആരാധകർ നടത്തുന്ന പരിപാടികളിൽ കരുതൽ വേണമെന്ന് അഭ്യര്‍ത്ഥിച്ചിരിക്കുകയാണ് യാഷ്. കഴിഞ്ഞ വർഷം യാഷിന്‍റെ ജന്മദിനത്തിന് ബാനർ സ്ഥാപിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് മൂന്ന് ആരാധകർ മരിച്ചിരുന്നു. ഈ സംഭവം കണക്കിലെടുത്താണ് യാഷിന്റെ അഭ്യര്‍ത്ഥന. ആരാധകർ നൽകുന്ന സ്നേഹത്തിന് നന്ദിയും, സന്തോഷവും താരത്തിനുണ്ട്. എന്നാൽ സ്നേഹത്തിന്റെ ഭാഷ മാറ്റേണ്ടത് അനിവാര്യമാണെന്ന് നടൻ പറഞ്ഞു. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് പങ്കുവെച്ചാണ് നടൻ ഇക്കാര്യം ആരാധകരെ അറിയിച്ചത്.

‘പുതു വർഷത്തിൽ പുതിയ തീരുമാനങ്ങൾ എടുക്കേണ്ട സമയമാണ്. വർഷങ്ങളായി നിങ്ങൾ എല്ലാവരും എന്നിൽ ചൊരിഞ്ഞ സ്നേഹത്തിന് നന്ദിയുണ്ട്. പക്ഷേ, നിർഭാഗ്യകരമായ ചില സംഭവങ്ങളും നടന്നിട്ടുണ്ട്. എടുത്തു പറയുകയാണെങ്കിൽ എന്‍റെ ജന്മദിനം ആഘോഷിക്കുന്ന വേളകളിൽ നിങ്ങളുടെ സ്നേഹത്തിന്റെ ഭാഷ, അത് മാറ്റേണ്ട സമയമായിരിക്കുന്നു. നിങ്ങൾ സുരക്ഷിതരാണെന്ന് അറിയുക എന്നതാണ് എനിക്കുള്ള ഏറ്റവും വലിയ സമ്മാനം. നിങ്ങളുടെ ലക്ഷ്യങ്ങൾ കൈവരിക്കുക, സന്തോഷം പകരുക’, യാഷ് പറഞ്ഞു.

പിറന്നാൾ ദിനത്തിൽ ഷൂട്ടിംഗ് തിരക്കിലായിരിക്കുമെന്നും നാട്ടിൽ ഉണ്ടാകില്ലെന്നും അറിയിച്ച യാഷ് പുതുവത്സര ആശംസകളും ആരാധകർക്ക് നേർന്നിട്ടുണ്ട്. ജനുവരി എട്ടിനാണ് നടന്റെ പിറന്നാൾ. യാഷിന്റെ ജന്മദിനത്തിന് ബാനർ സ്ഥാപിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് മരിച്ച ആരാധകർക്ക് അനുശോചനം അറിയിക്കാൻ യാഷ് മരിച്ചവരുടെ വീട് സന്ദർശിച്ചിരുന്നു. ഒപ്പം ഇവര്‍ക്ക് വേണ്ട സഹായവും യാഷ് നൽകിയിരുന്നു. 2020 ൽ പുറത്തിറങ്ങിയ കെജിഎഫ് 2 ആണ് യാഷിന്‍റെ ഒടുവിൽ തിയേറ്ററുകളിൽ എത്തിയ ചിത്രം.

Leave a Reply

Your email address will not be published. Required fields are marked *