Your Image Description Your Image Description

സനാ: യമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ സഹായം നൽകണമെന്ന് അപേക്ഷിച്ച് അമ്മ പ്രേമകുമാരി. ദിവസങ്ങൾ അധികം ബാക്കിയില്ലെന്നും വധശിക്ഷയിൽ നിന്നും മോചിപ്പിക്കാൻ എല്ലാവരും സഹായിക്കണമെന്നും നിമിഷ പ്രിയയുടെ അമ്മ. ഇത് തന്റെ അവസാന അപേക്ഷയാണെന്നും പ്രേമകുമാരി കൂട്ടിച്ചേർത്തു.

മകളെ രക്ഷിക്കാനായി ഇതുവരെ സഹായിച്ചവർക്കെല്ലാം അമ്മ പ്രേമകുമാരി നന്ദി അറിയിച്ചു. നിമിഷ പ്രിയയുടെ മോചനത്തിനായി സാധ്യമായ എല്ലാ സഹായവും കേന്ദ്രസർക്കാർ നൽകുന്നുണ്ടെന്ന് വിദേശകാര്യ വക്താവ് രൺധീർ ജസ്‌വാൾ അറിയിച്ചു. നിമിഷ പ്രിയയുടെ കുടുംബം എല്ലാ വഴിയും ഇതിനായി തേടുന്നുണ്ടെന്നത് തങ്ങൾ മനസ്സിലാക്കുന്നുണ്ടെന്നും. യമനിൽ ശിക്ഷ വിധിച്ചതിനെ കുറിച്ച് അറിയാമെന്നും വധശിക്ഷയിലെ കേന്ദ്രസർക്കാറിന്റെ ഇടപെടൽ നിർണായകമായിരിക്കുമെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ഇന്നലെയാണ് നിമിഷപ്രിയയുടെ വധശിക്ഷ ശരിവെച്ചുവെന്നും ദയാഹർജി തള്ളിക്കളഞ്ഞു എന്നുമുള്ള വാർത്ത പുറത്തുവന്നത്. ഒരു മാസത്തിനുള്ളിൽ ശിക്ഷ നടപ്പാക്കും എന്ന സൂചനയും പുറത്തുവന്നിരുന്നു. യെമൻ പ്രസിഡന്റാണ് വധശിക്ഷയ്ക്ക് അനുമതി നൽകിയത്.

2017 മുതൽ യമൻ പൗരന്‍ തലാല്‍ അബ്ദുല്‍ മഹ്ദിയെ കൊലപ്പെടുത്തിയ കേസിൽ പാലക്കാട് കൊല്ലങ്കോട് സ്വദേശിനിയായ നിമിഷപ്രിയ ജയിലിൽ കഴിയുകയാണ്. 2018 ലാണ് നിമിഷ പ്രിയക്ക് വധശിക്ഷ വിധിച്ചത് തൊടുപുഴ സ്വദേശി ടോമി തോമസിന്റെ ഭാര്യയാണ് നിമിഷ പ്രിയ. നഴ്‌സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാൻ സഹായ വാഗ്ദാനവുമായി വന്ന തലാൽ അബ്ദു മഹ്ദി പാസ്‌പോർട്ട് പിടിച്ചെടുത്തു ക്രൂരമായി പീഡിപ്പിച്ചതിനാലാണ് കൊലപാതകം നടത്തിയതെന്നാണ് നിമിഷ പ്രിയയുടെ വാദം.

കൊല്ലപ്പെട്ട യമൻ പൗരന്റെ കുടുംബം മാപ്പ് നൽകുക മാത്രമാണ് നിമിഷ പ്രിയയുടെ മോചനത്തിനായി ശേഷിക്കുന്ന ഒരേയൊരു മാർഗം. ഇതിനായി നിമിഷ പ്രിയയുടെ അമ്മ കൊല്ലപ്പെട്ട തലാലിന്റെ കുടുംബത്തെ കണ്ട് സംസാരിക്കാനായി യമനിൽ എത്തിയിരുന്നു. എന്നാൽ ചർച്ചകൾ വിജയം കാണാത്ത പക്ഷം നിലവിൽ യമനിൽ തന്നെ തുടരുകയാണ് നിമിഷ പ്രിയയുടെ അമ്മ.

Leave a Reply

Your email address will not be published. Required fields are marked *