Your Image Description Your Image Description

ഫറോക്ക്: സാക്ഷരതാമിഷൻറെ പത്താംതരം പരീക്ഷ പാസായതിന്റെ സന്തോഷത്തിലാണ് കോഴിക്കോട്ടെ ഈ ദമ്പതികൾ. പത്താംക്ലാസ് കൊണ്ട് നിർത്താനും ഇരുവർക്കും താത്പര്യമില്ല. ഇനി പ്ലസ്ടു പഠിക്കാനൊരുങ്ങുകയാണിവർ. ഫറോക്ക് ചെറുവണ്ണൂർ മധുര ബസാറിലെ പാറായിൽ വീട്ടിൽ മുഹമ്മദ് സനീറും ഭാര്യ മുർഷിദയുമാണ് പത്താം ക്ലാസ് തുല്യത പരീക്ഷ പാസയതിന് പിന്നാലെ പ്ലസ്ടു പഠനത്തിന് തയ്യാറെടുക്കാൻ ഒരുങ്ങുന്നത്.

തമിഴ്നാട്ടിലെ നീലഗിരിയിലെ ബിതൃക്കാട്ട് സ്വദേശിനിയാണ് മുർഷിദ. പതിമ്മൂന്നുവർഷം മുൻപാണ് യുവതി ചെറുവണ്ണൂർ മധുരബസാറിലെ പാറായിൽ വീട്ടിൽ മുഹമ്മദ് സനീറിന്റെ സഖിയായത്. എട്ടാംക്ലാസിൽ പഠനം നിർത്തിയിരുന്ന മുർഷിദയ്ക്ക്‌ തമിഴ് മാത്രമാണ് എഴുതാനറിയാമായിരുന്നത്. മലയാളം പഠിക്കണമെന്ന വലിയ ആഗ്രഹം ഭർത്താവിനോട് പറഞ്ഞപ്പോൾ മലയാള അക്ഷരമാല പുസ്തകങ്ങൾ വാങ്ങിച്ചുനൽകി. ചിത്രങ്ങൾനോക്കി മലയാളം വശമാക്കി. മൂത്തമകൾ ഇസ ഫാത്തിമയെ സ്കൂളിൽ ചേർത്തശേഷം മകളെ പഠിപ്പിക്കുന്നതിനായി തനിക്ക് പഠിക്കണമെന്ന് മുർഷിദ ഭർത്താവിനോട് ആവശ്യപ്പെട്ടു. എന്നാൽ, പഠനമോഹം നീണ്ടുനീണ്ടു പോയി. ഒടുവിൽ കഴിഞ്ഞവർഷം ഫറോക്കിൽ സാക്ഷരതാമിഷന്റെ പത്താംക്ലാസ് തുല്യതാപഠനത്തിനു ചേരുകയായിരുന്നു.

ഭാര്യ ക്ലാസിന് പോകാൻ തുടങ്ങിയതോടെ മുഹമ്മദ് സനീറിനും ഒരു മോ​ഹമുദിച്ചു. തനിക്ക് പൂർത്തിയാക്കാനാവാതിരുന്ന പത്താംക്ലാസ് പഠനം പൂർത്തിയാക്കണമെന്നായിരുന്നു ആ ആ​ഗ്രഹം. അങ്ങനെ മുഹമ്മദ് സനീറും പഠനം ആരംഭിച്ചു. ഭാര്യക്ക്‌ കൂട്ടായി മുഹമ്മദ് സനീറും ഫറോക്കിൽത്തന്നെ തുല്യതാപഠനത്തിന്‌ ചേർന്നു. പിന്നെ ഭാര്യയും ഭർത്താവും ഒരുമിച്ചായി പഠനം. ഇതിനിടെ മന്ത്രി മുഹമ്മദ് റിയാസ് ഇരുവരെയും ഫോണിൽവിളിച്ച് അഭിനന്ദിച്ചിരുന്നു. പത്താം ക്ലാസ് പാസായതോടെ പ്സ്ടു പഠനം തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ് ഇരുവരും.

Leave a Reply

Your email address will not be published. Required fields are marked *