Your Image Description Your Image Description

കോഴിക്കോട്:  അതുല്യപ്രതിഭ എം.ടി. വാസുദേവൻ നായർ അന്തരിച്ചു. കോഴിക്കോട്ടെ ആശുപത്രിയിൽ ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്ന് രാത്രിയോടെയാണ് മരണം സംഭവിച്ചത്. ഏഴുപതിറ്റാണ്ട് എഴുത്തിന്റെ ‘സുകൃത’മായി നിറഞ്ഞ അതുല്യ വ്യക്തിത്വമാണ് മലയാളത്തോട് വിടപറയുന്നത്. കൈവെച്ച മേഖലകളിൽ എല്ലാം ‘ഉയരങ്ങളിൽ’ എത്തിയ പ്രതിഭാശാലിയായിരുന്നു എം.ടി. മലയാള ഭാഷയ്ക്ക് ‘രണ്ടാമൂഴം’ നൽകിയ എഴുത്തിന്റെ ‘ഓളവും തീരവും’ ഇനി എന്നേക്കും അക്ഷരലോകത്ത് ഓർമ്മയായി നിലകൊള്ളും.

ഹൃദ്രോഗവും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടർന്ന് 11 ദിവസമായി എം ടി വാസുദേവൻ നായർ ആശുപത്രിയിൽ കഴിയുകയായിരുന്നു. 91 വയസായിരുന്നു. ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം ഹൃദയാഘാതം ഉണ്ടായതാണ് ആരോഗ്യനില വഷളാക്കിയത്. ഇന്ന് കിഡ്നിയുടെയും ഹൃദയത്തിന്റെയും പ്രവർത്തനം മന്ദഗതിയിലായതിന് പിന്നാലെയാണ് മരണം സംഭവിച്ചത്.

ഒരു മാസത്തിനിടെ പല തവണ എം.ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഏറ്റവുമൊടുവിൽ ശ്വാസ തടസത്തെ തുടര്‍ന്നാണ് ഇക്കഴിഞ്ഞ 15ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

എല്ലാ അർഥത്തിലും വിസ്‌മയമായിരുന്നു, ഇതിഹാസമായിരുന്നു എം.ടി. മനുഷ്യൻ്റെ മനോവ്യഥയും സംഘർഷവും സമ്മേളിക്കുന്ന അക്ഷരനക്ഷത്രങ്ങളുടെ ഭാവതീവ്രത തലമുറകൾക്കു പകർന്നു നൽകിയ എഴുത്തിന്റെ പുണ്യം. സാഹിത്യവും സിനിമയും പത്രപ്രവർത്തനവുമടക്കം കൈവെച്ചതെല്ലാം പൊന്നാക്കിയ സർഗതീവ്രത. മുഖവുരകളാവശ്യമില്ലാത്ത, സമാനതകളില്ലാത്ത വൈഭവം. കണ്ണാടിയിലെന്നപോലെ മലയാളി സ്വയം പ്രതിഫലിക്കുന്ന കഥാപാത്രങ്ങളെ സൃഷ്ടിച്ച സൂക്ഷ്മ‌ത.

1933 ജൂലായ് 15-ന് പൊന്നാനി താലൂക്കിലെ കൂടല്ലൂരിലായിരുന്നു എം.ടിയുടെ ജനനം. പുന്നയൂർക്കുളം ടി. നാരായണൻ നായരും അമ്മാളുഅമ്മയുമാണ് മാതാപിതാക്കൾ. നാല് ആൺമക്കളിൽ ഇളയ മകൻ. മലമക്കാവ് എലിമെന്ററി സ്‌കൂൾ, കുമരനെല്ലൂർ ഹൈസ്കൂൾ എന്നിവിടങ്ങളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം പാലക്കാട് വിക്ടോറിയ കോളേജിൽനിന്ന് 1953-ൽ രസതന്ത്രത്തിൽ ബിരുദം നേടി. കുറച്ചുകാലം അധ്യാപകൻ. തുടർന്ന് 1956- ൽ മാതൃഭൂമിയിൽ സബ് എഡിറ്ററായി ദീർഘകാലത്തെ ഔദ്യോഗിക സേവനത്തിനു തുടക്കം.

നൃത്താധ്യാപിക കലാമണ്ഡലം സരസ്വതിയാണ് ഭാര്യ. യു.എസിൽ ബിസിനസ് എക്‌സിക്യുട്ടീവായ സിതാര, നർത്തകിയും സംവിധായികയുമായ അശ്വതി എന്നിവർ മക്കളാണ്. മരുമക്കൾ: സഞജയ് ഗിർമേ, ശ്രീകാന്ത് നടരാജൻ. അധ്യാപികയും വിവർത്തകയുമായിരുന്ന പരേതയായ പ്രമീള നായർ ആദ്യഭാര്യ. സംസ്കാരം വ്യാഴാഴ്‌ച കോഴിക്കോട് മാവൂർ റോഡ് ശ്മ‌ശാനത്തിൽ നടക്കും

 

Leave a Reply

Your email address will not be published. Required fields are marked *