Your Image Description Your Image Description

ദുബായ്: 2025ലെ ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് മത്സരങ്ങളുടെ ഷെഡ്യൂൾ പ്രഖ്യാപിച്ചു. ഹൈബ്രിഡ് മോഡലിലാകും വരുന്ന ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് മത്സരമെന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) വ്യക്തമാക്കി. ഫെബ്രുവരി 19 മുതൽ മാർച്ച് ഒമ്പതുവരെയാകും മത്സരങ്ങളെന്നും ഐ.സി.സി വ്യക്തമാക്കി. ഫെബ്രുവരി 19-ന് കറാച്ചിയിൽ നടക്കുന്ന ഉദ്ഘാടനമത്സരത്തിൽ പാകിസ്താൻ ന്യൂസീലൻഡിനെ നേരിടും. മാർച്ച് ഒമ്പതിന് ദുബായിലോ ലാഹോറിലോ വെച്ചായിരിക്കും ഫൈനൽ മത്സരം നടക്കുക.

ഫെബ്രുവരി 20-നാണ് ഇന്ത്യയുടെ ആദ്യമത്സരം. ഫെബ്രുവരി 23-നാണ് ആരാധകർ കാത്തിരിക്കുന്ന ഇന്ത്യ-പാക് പോരാട്ടം. ദുബായിൽവെച്ചായിരിക്കും ഇന്ത്യയുടെ മത്സരങ്ങളെല്ലാം. ഇന്ത്യ ഫൈനലിൽ പ്രവേശിച്ചാൽ മാർച്ച് ഒമ്പതിന് ദുബായിൽ വെച്ചായിരിക്കും ഫൈനൽ. അല്ലാത്തപക്ഷം, ലാഹോറിലാണ് ഈ മത്സരം നിശ്ചയിച്ചിരിക്കുന്നത്. സെമിഫൈനലിനും ഫൈനൽ മത്സരത്തിനും റിസർവ് ദിവസങ്ങളുണ്ടാകും.

മത്സരിക്കുന്ന എട്ട് ടീമുകളെ രണ്ട് ​ഗ്രൂപ്പുകളായി തിരിച്ചിട്ടുണ്ട്. ഗ്രൂപ്പ് എ-യിൽ പാകിസ്താൻ, ഇന്ത്യ, ന്യൂസീലാൻഡ്, ബംഗ്ലാദേശ് എന്നിവരും ഗ്രൂപ്പ് ബി-യിൽ ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ, അഫ്ഗാനിസ്ഥാൻ, ഇംഗ്ലണ്ട് എന്നീ ടീമുകളും ഉൾപ്പെടുന്നു. 2008-ലെ മുംബൈ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യൻ ടീം പാകിസ്താനിൽ കളിച്ചിട്ടില്ല. സുരക്ഷാകാരണങ്ങൾ മുൻനിർത്തിയാണ് ഇന്ത്യൻ ടീമിനെ പാകിസ്താനിലേക്ക് അയക്കില്ലെന്ന് ബി.സി.സി.ഐ. നിലപാട് സ്വീകരിച്ചത്. സർക്കാർ നിർദേശത്തിന് വിരുദ്ധമായി പ്രവർത്തിക്കാൻ ക്രിക്കറ്റ് ബോർഡുകളെ തങ്ങൾ നിർബന്ധിക്കില്ലെന്നാണ് ഐ.സി.സി നിലപാടെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *