Your Image Description Your Image Description

മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലി ഉടൻ ഇന്ത്യ വിടുമെന്ന് വെളിപ്പെടുത്തൽ. കോലിയുടെ ആദ്യകാല പരിശീലകൻ രാജ്കുമാർ ശർമ ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ലണ്ടനിൽ താമസമാക്കാനാണ് താരം ആ​ഗ്രഹിക്കുന്നതെന്നാണ് രാജ്കുമാർ ശർമ വെളിപ്പെടുത്തിയിരിക്കുന്നത്. കുടുംബത്തോടൊപ്പം ലണ്ടൻ നഗരത്തിൽ വീടെടുത്ത് താമസിക്കാനാണ് കോലി ആ​ഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കോലിക്ക് വിരമിക്കൽ പ്രായം ആയിട്ടില്ലെന്നും അഞ്ചു വർഷം കൂടി കളിക്കുമെന്നാണ് തനിക്ക് തോന്നുന്നതെന്നും രാജ്കുമാർ ശർമ പറയുന്നു.

‘‘വിരാടിന് ഭാര്യയ്ക്കും മക്കൾക്കുമൊപ്പം ലണ്ടനിലേക്കു പോയി താമസിക്കാൻ താൽപര്യമുണ്ട്. അദ്ദേഹം ഉടൻ തന്നെ ഇന്ത്യ വിട്ട് അവിടെ സ്ഥിരതാമസമാക്കും.’’– രാജ്കുമാർ ശർമ പ്രതികരിച്ചു. ‘‘കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് കോലി ഇപ്പോൾ നടത്തുന്നത്. ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ ടെസ്റ്റിൽ കോലി സെഞ്ചറി നേടി. അടുത്ത മത്സരങ്ങളിൽ കോലി രണ്ടു സെഞ്ചറികൾ കൂടി നേടുമെന്നാണ് എനിക്കു തോന്നുന്നത്.’’

‘‘കോലി ആസ്വദിച്ചു ക്രിക്കറ്റ് കളിക്കുകയാണ്. അദ്ദേഹത്തിന്റെ ഫോം ഇവിടെ വിഷയമല്ല. ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളിൽ എങ്ങനെ കളിക്കണമെന്നും ടീമിനെ വിജയിപ്പിക്കണമെന്നും വിരാട് കോലിക്കു നന്നായി അറിയാം. അദ്ദേഹം ഫിറ്റാണ്. വിരമിക്കാൻ പ്രായമായിട്ടില്ല. കോലി അഞ്ചു വർഷം കൂടി കളിക്കുമെന്നാണ് എനിക്കു തോന്നുന്നത്. 2027 ലെ ഏകദിന ലോകകപ്പും കളിക്കും. കോലിയെ എനിക്ക് കഴിഞ്ഞ 26 വർഷമായി അറിയാം. അതുകൊണ്ടാണ് ഇങ്ങനെ പറയുന്നത്.’’– രാജ്കുമാർ ശർമ വ്യക്തമാക്കി.

നിലവിൽ ഓസ്ട്രേലിയയിലാണ് കോലിയുള്ളത്. ബോർഡർ– ഗാവസ്കർ ട്രോഫി ടെസ്റ്റ് പരമ്പരയുടെ ഭാഗമായാണ് കോലി ഓസ്ട്രേലിയയിലേക്ക് പോയത്.

Leave a Reply

Your email address will not be published. Required fields are marked *