Your Image Description Your Image Description

താനെ: മഹാരാഷ്ട്രയിലെ താനെയിൽ ഹണിമൂൺ ആഘോഷിക്കാൻ പോവുന്ന സ്ഥലത്തേച്ചൊല്ലിയുള്ള തർക്കത്തിൽ നവ വരന് മേൽ ആസിഡ് ഒഴിച്ച് ഭാര്യാ പിതാവ്. വിവാഹത്തിന് ശേഷം ഭാര്യയ്ക്കൊപ്പം കശ്മീരിലേക്ക് പോകണമെന്നാണ് താനെ സ്വദേശിയായ 29കാരൻ ഇബാദ് അതിക് ഫാൽകെ ഹണിമൂൺ പ്ലാനായി വിശദമാക്കിയത്. എന്നാൽ ഭാര്യാ വീട്ടുകാർ നിർദ്ദേശിച്ചത് വിദേശത്തുള്ള തീർത്ഥാടന കേന്ദ്രങ്ങളിലേക്ക് പോകാനായിരുന്നു. ഇതിനേച്ചൊല്ലിയുണ്ടായ തർക്കത്തിനിടയിലാണ് ഭാര്യാ പിതാവ് നവവരന്റെ മേൽ ആസിഡ് ഒഴിച്ചത്.

മുഖത്തും ദേഹത്തും പരിക്കേറ്റ 29കാരൻ ചികിത്സയിൽ കഴിയുകയാണ്. 65കാരനായ ഭാര്യാ പിതാവ് ജാകി ഗുലാം മുർതാസ് ഖോടാൽ സംഭവത്തിന് പിന്നാലെ ഒളിവിൽ പോയതായാണ് ബസാർപേട്ട് പൊലീസ് വിശദമാക്കുന്നത്. വിദേശത്തുള്ള തീർത്ഥാടന കേന്ദ്രം ദമ്പതികൾ ആദ്യം സന്ദർശിക്കണമെന്ന് ഭാര്യാ പിതാവ് നിർബന്ധം പിടിച്ചതോടെയാണ് നവവരനും ഭാര്യാപിതാവും വാക്കേറ്റമുണ്ടായത്.

ബുധനാഴ്ച നവവരൻ പുറത്ത് നിന്ന് വരുന്നത് കാത്തിരുന്ന ഭാര്യാ പിതാവ് ആസിഡ് ആക്രമണം നടത്തുകയായിരുന്നു. യുവാവ് കാർ പാർക്ക് ചെയ്ത് നടന്ന് വരുമ്പോഴായിരുന്നു ആക്രമണം. ബോട്ടിലിൽ കരുതിയ ആസിഡ് 65കാരൻ യുവാവിന് മേൽ ഒഴിക്കുകയായിരുന്നു. മകളുമായുള്ള യുവാവിന്റെ വിവാഹ ബന്ധം അവസാനിപ്പിക്കണമെന്ന താൽപര്യത്തോടെയായിരുന്നു നടപടിയെന്നാണ് പൊലീസ് വിശദമാക്കുന്നത്. ആസിഡ് ആക്രമണത്തിനും തടഞ്ഞ് വയ്ക്കലിനുമാണ് ഭാര്യാപിതാവിനെതിരെ കേസ് എടുത്തിരിക്കുന്നത്. കല്യാണിലെ ആശുപത്രിയിലാണ് യുവാവ് ചികിത്സയിൽ കഴിയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *