Your Image Description Your Image Description
Your Image Alt Text

നവകേരള സദസ്സ്‌ തലസ്ഥാന ജില്ലയിൽ പ്രവേശിക്കുന്ന ദിവസം കലാപം ലക്ഷ്യമിട്ട്‌ യൂത്ത്‌കോൺഗ്രസുകാർ അഴിഞ്ഞാടി. പൊലീസിനെ പ്രകോപിപ്പിച്ച്‌ ലാത്തിച്ചാർജിലേക്ക്‌ നയിച്ച്‌ മുതലെടുപ്പായിരുന്നു ലക്ഷ്യം. പൊലീസ്‌ സംയമനം പാലിച്ചതോടെ അത്‌ പാളി.

സെക്രട്ടറിയറ്റ്‌ മാർച്ച്‌ ഉദ്‌ഘാടനംചെയ്‌ത പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ കലാപത്തിന്‌ ആഹ്വാനം നൽകി മടങ്ങിയതിനുപിന്നാലെ വനിതകളുൾപ്പെടെ പൊലീസുകാരെ ആക്രമിച്ചു. പൊലീസിന്റെ രണ്ട്‌ ബസും ഒരു കാറും തകർത്തു.

സിപിഎം, ഡിവൈഎഫ്‌ഐ പ്രവർത്തകരെ ആക്രമിക്കണമെന്ന്‌ പ്രസംഗത്തിൽ വി ഡി സതീശനും യൂത്ത്‌കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്റ്‌ രാഹുൽ മാങ്കൂട്ടത്തിലും ആഹ്വാനം ചെയ്‌തു. എംഎൽഎമാരായ എം വിൻസന്റും ഷാഫി പറമ്പിലും അക്രമത്തിന്‌ പ്രോത്സാഹനം നൽകി.

ആണിയടിച്ച പട്ടികയും മുളവടിയും കൊണ്ട്‌ പൊലീസിനെ ആക്രമിച്ചു. കുപ്പികളും കല്ലുകളും വലിച്ചെറിഞ്ഞു. പൊലീസിന്റെ ഷീൽഡുകൾ അടിച്ചുപൊട്ടിച്ചു. കന്റോൺമെന്റ്‌ എസ്‌ഐ ദിൽജിത്തിന്റെ മുഖമടിച്ച്‌ പൊട്ടിച്ചു. അക്രമം തുടർന്നതോടെ പൊലീസ്‌ ജലപീരങ്കി പ്രയോഗിച്ചു. രണ്ടുതവണ ലാത്തിവീശി.

സെക്രട്ടറിയറ്റിനുസമീപത്തെ കെട്ടിടങ്ങളിൽ ഒളിച്ചവരെ പിടിക്കാനെത്തിയ പൊലീസുകാരെ തടഞ്ഞുവച്ചു. പൊലീസിനെ ആക്രമിച്ച പ്രവർത്തകരെ വി ഡി സതീശന്റെ നേതൃത്വത്തിൽ മോചിപ്പിച്ചു. പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വാഹനത്തിലാണ്‌ ഇവരെ ഡിസിസി ഓഫീസിലേക്ക്‌ കൊണ്ടുപോയത്‌.

പ്രവർത്തകയുടെ വസ്ത്രം പുരുഷ പൊലീസ്‌ കീറിയെന്നാരോപിച്ച്‌ സതീശൻ പ്രകോപനത്തിനു ശ്രമിച്ചു. എന്നാൽ, സംഘർഷം ലക്ഷ്യമിട്ട്‌ വസ്‌ത്രം നേരത്തേ കീറിവച്ച്‌ ഷാളിട്ട്‌ മറച്ചതാണെന്നും പ്രവർത്തകയെ പിടിച്ചുമാറ്റിയത്‌ വനിതാ പൊലീസുകാരാണെന്നും വ്യക്തമാക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ ആരോപണം പൊളിഞ്ഞു.

പൊലീസുകാരെ ആക്രമിച്ച രണ്ടുപേരെ സ്പെൻസർ ജങ്‌ഷനിൽ നിന്ന്‌ കസ്റ്റഡിയിലെടുത്ത്‌ നന്ദാവനം എആർ ക്യാമ്പിലേക്ക്‌ കൊണ്ടുപോകുന്നതിനിടെ വാഹനം തടഞ്ഞുനിർത്തി മോചിപ്പിച്ചു. ഇവരെ ഡിസിസി ഓഫീസിൽ ഒളിപ്പിച്ചു. ഇതുവഴി വന്ന പിങ്ക്‌ പൊലീസിന്റെ കാറും അടിച്ചുതകർത്തു. ഡിസിസി ഓഫീസിൽ ഒളിപ്പിച്ച ക്രിമിനലുകളെ അറസ്റ്റ്‌ ചെയ്യാനെത്തിയ പൊലീസിനെ തടഞ്ഞ്‌ ഭീഷണിപ്പെടുത്തി.

രണ്ടുപേർ പിന്നീട്‌ കീഴടങ്ങി. എട്ട്‌ പൊലീസുകാർക്കും ഒരു മാധ്യമപ്രവർത്തകനും പരിക്കേറ്റു. വി ഡി സതീശൻ, ഷാഫി പറമ്പിൽ, രാഹുൽ മാങ്കൂട്ടത്തിൽ, എം വിൻസന്റ്‌ തുടങ്ങി കണ്ടാലറിയാവുന്ന മുന്നൂറോളം പേരെ പ്രതിചേർത്ത്‌ കേസെടുത്തു.

തിരിച്ചറിഞ്ഞ 26 പേരും കണ്ടാലറിയാവുന്ന മുന്നൂറോളം പേരും പ്രതികളാണ്‌. 19 പേരെ കസ്റ്റഡിയിലെടുത്തു. പിങ്ക്‌ പൊലീസിന്റെ വാഹനം തകർത്ത കേസിലും രണ്ടു പേരെ മ്യൂസിയം പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു.

Leave a Reply

Your email address will not be published. Required fields are marked *