Your Image Description Your Image Description

ലോക ചെസ്സ് ചാമ്പ്യനായി ഗുകേഷ് തിളങ്ങിയെങ്കിലും ചാമ്പ്യൻ ആരുടെ സ്വന്തമെന്ന പോരിന് തിരികൊളുത്തിയിരിക്കുകയാണ് തമിഴ്നാടും ആന്ധ്രാപ്രദേശും. ഗുകേഷ് തങ്ങളുടെ സംസ്ഥാനക്കാരനെന്ന് പറഞ്ഞാണ് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ.ചന്ദ്രബാബു നായിഡുവും തമ്മിൽ തർക്കം. തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനാണ് തർക്കത്തിന് തിരി കൊളുത്തിയിരുന്നത്. “ശ്രദ്ധേയമായ നേട്ടം.. മറ്റൊരു ചാമ്പ്യനെക്കൂടി സൃഷ്ടിച്ച് ആഗോള ചെസ്സ് തലസ്ഥാനമെന്ന സ്ഥാനം വീണ്ടുമുറപ്പിക്കാൻ ചെന്നൈ” – എന്നാണ് വ്യാഴാഴ്ച രാത്രി സ്റ്റാലിന്‍ എക്സില്‍ പോസ്റ്റ് ചെയ്തത്. സ്റ്റാലിൻ ഗുകേഷിന് ഗോള്‍ഡ് മെഡല്‍ അണിയിക്കുന്ന ചിത്രത്തോടൊപ്പമാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

രണ്ടു മിനിറ്റു കഴിഞ്ഞു ഉടൻ വന്നു ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ.ചന്ദ്രബാബു നായിഡുവിന്റെ ട്വീറ്റ്. “നമ്മുടെ സ്വന്തം തെലുങ്ക് ഭാഷക്കാരന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ” എന്നായിരുന്നു പോസ്റ്റ്. ഗുകേഷ് ജനിച്ചതും വളർന്നതും ചെന്നൈയിലാണ്. എന്നാൽ പാരമ്പര്യ വേരുകൾ ആന്ധ്രയിലാണ്. ഇരു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ കൂടാതെ എക്സിലെ ഉപയോക്താക്കള്‍ തമ്മിലും ഗുകേഷിന്റെ പേരിൽ വലിയ തർക്കങ്ങൾ നടത്തുന്നുണ്ട്. ഇദ്ദേഹത്തിന്റെ വളർച്ചയിൽ തമിഴ്‌നാട് വലിയ സാമ്പത്തിക സഹായം നൽകിയിട്ടുണ്ടെന്ന് പലരും ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ 75 ലക്ഷം രൂപ പാരിതോഷികമായി നല്‍കിയതിന്റെ തെളിവായി വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ടടക്കമാണ് പലരും പോസ്റ്റ് ചെയ്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *