Your Image Description Your Image Description

തൃശൂർ: മലയാളികളായ ബിനിൽ ബാബുവും ജെയിൻ കുര്യനും റഷ്യയിൽ അകപ്പെട്ടിട്ട് നാളുകളേറെയായി .കൂലിപട്ടാളത്തോടൊപ്പം എട്ട് മാസത്തിലേറെയായി ക്യാമ്പുകളിലാണ് താമസം. എന്നാൽ യുദ്ധഭൂമിയിലേക്ക് ഏതുനിമിഷവും പോകേണ്ടി വരുമെന്നും , നാലുപേർ ഇന്നലെ പോയെന്നും ,ഇരുവരും വീട്ടുകാർക്കയച്ച സന്ദേശത്തിൽ പറഞ്ഞു .റഷ്യൻ സൈന്യത്തോടൊപ്പം ചേർന്ന് യുദ്ധം ചെയ്യുന്നതിനിടെ കൊല്ലപ്പെട്ട തൃക്കൂർ സ്വദേശി സന്ദീപിനൊപ്പം പോയവരാണ് ബിനിലും ജെയിനും .കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് ഇവർ റഷ്യയിലെത്തിയത് . ഇരുവർക്കും ഇനി യുദ്ധഭൂമിയെ നേരിൽ കാണാനുള്ള ദിനങ്ങളാണ്.

”പോവാൻ വേണ്ടി റെഡിയാവാൻ പറഞ്ഞിട്ടുണ്ട്. ബാഗൊക്കെ ഒരുക്കാൻ പറഞ്ഞു. നാല് പേര് പോയി. ഇപ്പോൾ ഞങ്ങൾ ഫുഡ് എടുക്കാൻ വേണ്ടി താഴത്തേക്ക് വന്നിരിക്കുകയാണ്. പാഴ്സല് വരുന്ന സ്ഥലത്താണ്.അവിടെ വൈഫൈയുണ്ട്. വെടിവെപ്പ് ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് പറയുന്ന കേട്ടു. തോക്കും ഗ്രനേഡും എല്ലാം സാധനങ്ങളും തന്നിട്ടുണ്ട്” ബിനിൽ പറയുന്നു. ”ഒരാള് പോലും ഇല്ലാത്ത സ്ഥലത്തേക്കാണ് പോകേണ്ടത്…അത്ര പൊട്ടല് അവിടെ പൊട്ടിയിട്ടുണ്ട്. ചെന്ന് കഴിഞ്ഞാൽ തീരുമാനമാകുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ല .പോയിക്കഴിഞ്ഞാൽ തിരിച്ചുവരില്ലെന്നാണ് അവിടെയുള്ള റഷ്യക്കാര് പറയുന്നത്” ജെയിൻ പറയുന്നു.

ഇലക്ട്രീഷ്യൻ ജോലി വാഗ്ദാനം ചെയ്താണ് ഇവരെ റഷ്യയിൽ എത്തിച്ചത്. എന്നാൽ മലയാളി ഏജൻറ് കബളിപ്പിച്ചതിനെ തുടർന്ന് ജെയിനും ബിനിലും കൂലിപ്പട്ടാളത്തിന്റെ കൂട്ടത്തിൽപെടുകയായിരുന്നു. എപ്പോൾ വേണമെങ്കിലും ജീവൻ പോയേക്കാമെന്നും, പ്രതീക്ഷകളെല്ലാം നഷ്ടപ്പെട്ടുവെന്നും വീട്ടുകാർക്കയച്ച സന്ദേശത്തിൽ ഇരുവരും പറയുന്നുണ്ട്. റഷ്യയിൽ കുടുങ്ങിയ ഉറ്റവരെ നാട്ടിലെത്തിക്കണമെന്ന ആവശ്യവുമായി പലരുടെയും ബന്ധുക്കൾ വിദേശകാര്യ മന്ത്രാലയത്തിന് നിവേദനം നൽകിയിട്ടുണ്ട്. എന്നാൽ ജെയിനിനെയും ബിനിലിനെയും നാട്ടിലെത്തിക്കാനുള്ള നീക്കങ്ങളിൽ റഷ്യൻ എംബസി സഹകരിക്കുന്നില്ല എന്നാണ് ഇന്ത്യൻ എംബസിയിൽ നിന്ന് ലഭിച്ച വിവരം. എത്രയും പെട്ടെന്ന് ഇരുവരെയും നാട്ടിലെത്തിക്കണം എന്നാണ് ഇവരുടെ കുടുംബത്തിന്റെ അപേക്ഷ.

Leave a Reply

Your email address will not be published. Required fields are marked *