Your Image Description Your Image Description

വാഹന ഉടമയുടെ സ്ഥിരം മേൽവിലാസ പരിധിയിൽ വരുന്ന മോട്ടോർവാഹന ഓഫീസിൽ അല്ലാതെ സംസ്ഥാനത്തെവിടെയും വാഹനം രജിസ്റ്റർ ചെയ്യാൻ അനുവദിക്കുന്ന നിയമം നടപ്പാക്കുന്നതിന് മുന്നോടിയായി ഒരുക്കേണ്ട ക്രമീകരണങ്ങൾ നിർദേശിക്കുന്നതിനായി മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ സമിതി രൂപീകരിച്ചു.

വാഹനം സ്വന്തമാക്കുന്നയാളുടെ മേൽവിലാസം ഏത് ആർ.ടി.ഓഫീസിന്റെ പരിധിയിലാണോ അവിടെ രജിസ്‌ട്രേഷൻ അനുവദിക്കുന്ന രീതിയാണ് ഇപ്പോഴുള്ളത്. ഇത് ഒഴിവാക്കാനുള്ള നീക്കങ്ങളിലാണ് കേന്ദ്ര സർക്കാർ. ഇതിനായി കേന്ദ്ര മോട്ടോർവാഹന ചട്ടത്തിൽ ഭേദഗതി വരുത്തിയെങ്കിലും അവ്യക്തയുണ്ടായിരുന്നു. ഇതൊഴിവാക്കുന്നതിനായി വീണ്ടും നിയമഭേദഗതിക്ക് കരട് പ്രസിദ്ധീകരിച്ച് സമയപരിധി കഴിഞ്ഞെങ്കിലും അന്തിമവിജ്ഞാപനം ഇറങ്ങിയിട്ടില്ല.

ഇതിനിടെ ആറ്റിങ്ങൽ സ്വദേശി നൽകിയ കേസിൽ, ഓഫീസ് പരിധി പരിഗണിക്കാതെ രജിസ്ട്രേഷൻ അനുവദിക്കാൻ ഹൈക്കോടതി വിധിക്കുകയും ചെയ്തിരുന്നു. ഇതിൽ രജിസ്ട്രേഷൻ അനുവദിക്കാൻ സീനിയർ ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മിഷണർ ഇറക്കിയ ഉത്തരവും ആശയക്കുഴപ്പത്തിനിടയാക്കി. ഒരു കേസിൽ മാത്രം ബാധകമായ വിധി സംസ്ഥാന വ്യാപകമായി നടപ്പാക്കാൻ നിർദേശിച്ചുകൊണ്ടാണ് സർക്കുലർ ഇറങ്ങിയത്.

എന്നാൽ, സോഫ്റ്റ്‌വെയറിൽ മാറ്റം വരുത്താതെ സംസ്ഥാനത്ത് ഉടനീളം ഇത് നടപ്പാക്കാൻ സാധിക്കില്ല. ഈ സർക്കുലർ താത്കാലികമായി മരവിപ്പിച്ചുകൊണ്ടാണ് ഇതേപ്പറ്റി പഠിക്കാൻ സമിതി രൂപീകരിച്ചത്. എന്നാൽ പോലും കേന്ദ്രനയം പിന്തുടർന്ന് സംസ്ഥാനത്ത് എവിടെയും വാഹന രജിസ്ട്രേഷൻ അനുവദിക്കാമെന്ന നിലപാടിലാണ് മോട്ടോർ വാഹനവകുപ്പ്. സംസ്ഥാനത്തെ സാഹചര്യത്തിൽ ഇത് സുഗമമായി നടപ്പാക്കുന്നതിന് വെല്ലുവിളികളേറെയുണ്ട്.

തിരുവനന്തപുരത്തെ രജിസ്‌ട്രേഷൻ നമ്പർ സീരീസായ കെ.എൽ.01, എറണാകുളത്തെ കെ.എൽ.07, കോഴിക്കോട്ടെ കെ.എൽ.11 രജിസ്‌ട്രേഷനുകൾക്ക് ആവശ്യക്കാർ ഏറെ ഉണ്ടാകാനുള്ള സാധ്യതയേറെയാണ്. ഓൺലൈനാണെങ്കിലും അപേക്ഷകൾ ഒന്നോ രണ്ടോ ഓഫീസുകളിലേക്ക് കേന്ദ്രീകരിക്കുന്നതും ബുദ്ധിമുട്ടാണ്. ഇതിനും പരിഹാരം കാണേണ്ടതുണ്ട്. കേന്ദ്രത്തിന്റെ അന്തിമവിജ്ഞാപനംവരെ കാത്തിരിക്കുന്നതാണ് ഉചിതമെന്ന ഉപദേശവും വകുപ്പിന് ലഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *