Your Image Description Your Image Description

2025ലെ പുതുവർഷത്തെ വരവേൽക്കാൻ ഒരുങ്ങുമ്പോൾ ഭവന വിപണിയിൽ കുതിച്ചുയർന്ന് ഇന്ത്യ. പലവിധ സാമ്പത്തിക വെല്ലുവിളികൾക്കിപ്പുറവുംഭവനവിൽപനയിൽ മികച്ച പ്രകടനമാണ് 2024 ൽ ഇന്ത്യ കാഴ്ചവച്ചത്. കണക്കുകൾ പ്രകാരം രാജ്യത്തെ പ്രധാന നഗരങ്ങളായ മുംബൈ, ഡൽഹി എൻസിആർ, ബെംഗളൂരു, പുണെ, ഹൈദരാബാദ്, ചെന്നൈ, കൊൽക്കത്ത എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് ഭൂരിഭാഗം വിൽപ്പനയും നടന്നിട്ടുള്ളത്.

ആഗോളതല റിയൽ എ‌സ്റ്റേറ്റ് സ്ഥാപനമായ ജെ.എൽ.എൽ പുറത്തുവിട്ടിരിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം 2024 അവസാനിക്കുമ്പോഴേക്കും ഈ നഗരങ്ങളിലെ ആകെ ഭവനവിൽപനയുടെ മൂല്യം 510,000 കോടി രൂപ ആയിരിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. 485 ദശലക്ഷം ചതുരശ്ര അടിയിൽ വ്യാപിച്ചുകിടക്കുന്ന 300,000 വീടുകളുടെ വിൽപന 2024 അവസാനത്തോടെ പൂർത്തിയാകുമെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. നഗരങ്ങൾ തിരിച്ചുള്ള കണക്കെടുത്താൽ വിൽപന മൂല്യത്തിലും വിറ്റ ഏരിയയുടെ കാര്യത്തിലും ഡൽഹി എൻസിആർ ആണ് മുന്നിട്ട് നിൽക്കുന്നത്. 120,000 കോടി രൂപ വിലമതിക്കുന്ന 39,300 യൂണിറ്റുകൾ ഈ കാലയളവിൽ ഡൽഹി എൻസിആറിൽ കൈമാറ്റം ചെയ്യപ്പെട്ടിരുന്നു. 2023ലെ ആകെ ഭവന വിൽപന കണക്കുകളെ ഈ കാലയളവിനുള്ളിൽ തന്നെ ഡൽഹി എൻസിആർ മറികടക്കുകയും ചെയ്തിരുന്നു.

കോവിഡിന് ശേഷം സുരക്ഷിത നിക്ഷേപം എന്ന നിലയിൽ ആളുകൾ റിയൽ എസ്റ്റേറ്റിലേക്ക് തിരിഞ്ഞതും അനുകൂല ഘടകമാണ്. കോവിഡിനു ശേഷം രാജ്യത്ത് ഭവന വിൽപനയുടെ പ്രതിവർഷ കണക്കുകൾ കൃത്യമായി ഉയരുന്നുണ്ട്. 2023 ൽ 2.7 ലക്ഷം ഭവന വിൽപന എന്ന ഉയർന്ന നിലയിലേക്ക് കണക്കുകൾ എത്തിയിരുന്നു. എന്നാൽ 2024 ജനുവരി മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിനിടയിൽ 2.3 ലക്ഷം ഭവന ഇടപാടുകൾ പൂർത്തിയായി കഴിഞ്ഞു. ഇവയെല്ലാം ചേർത്ത് 380,000 കോടി രൂപയാണ് വിലമതിപ്പ്. ശരാശരി കണക്കെടുത്താൽ വർഷത്തിൻ ഓരോ പാദത്തിലും 110,000 കോടി രൂപയുടെ ഭവന കച്ചവടങ്ങൾ നടന്നിട്ടുണ്ട്.

ഭവന വിപണിയുടെ ഈ കുതിച്ചു കയറ്റം 2025ലും തുടരുമെന്നാണ് പ്രതീക്ഷ.

 

 

Leave a Reply

Your email address will not be published. Required fields are marked *