Your Image Description Your Image Description

ജർമൻ ആഡംബര വാഹന നിർമാതാക്കളായ ബി.എം.ഡബ്ല്യുവിന്റെ ഇരുചക്ര വാഹന വിഭാഗമായ ബി.എം.ഡബ്ല്യു മോട്ടോറാഡ് ആദ്യ ഇലക്ട്രിക് സ്കൂട്ടർ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ബി.എം.ഡബ്ല്യു. സി.ഇ.ഒ4 എന്ന് പേരിട്ടിരിക്കുന്ന ഈ ഇലക്ട്രിക് സ്കൂട്ടറിന് 14.99 ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില. ഇന്ത്യയിൽ ഏറ്റവും അധികം വിലയുള്ള സ്കൂട്ടർ, ഏറ്റവും ഉയർന്ന വിലയുള്ള ഇലക്ട്രിക് ടൂ വീലർ എന്നീ ഖ്യാതികളും ഇനി ഈ മോഡലിനാണ്.

മാക്സി സ്കൂട്ടറുകൾക്ക് സമാനമായ ഡിസൈനിൽ പ്രീമിയം ലുക്കിൽ ഒരുങ്ങുന്നതാണ് സി.ഇ.ഒ4-ന്റെ പ്രധാന സവിശേഷത. എൽ.ഇ.ഡി. ഡി.ആർ.എൽ നൽകിയിട്ടുള്ള ഡ്യുവൽ ഹെഡ്ലാമ്പ്, വിശാലമായ ഏപ്രൺ, ഉയർന്ന് നിൽക്കുന്ന ഹാൻഡിൽ, വശങ്ങളിൽ നൽകിയിട്ടുള്ള കവറിങ്ങിൽ ബി.എം.ഡബ്ല്യു ലോഗോയും ഒ4 ബാഡ്ജിങ്ങും നൽകിയിട്ടുണ്ട്. ഫ്ളാറ്റ് ആയിട്ടുള്ള ബെഞ്ച് സീറ്റാണ് ഇതിലുള്ളത്. 15 ഇഞ്ച് വലിപ്പമുള്ള അലോയി വീലുകളാണ് വാഹനത്തെ റോഡിൽ ഉറപ്പിക്കുന്നത്.

കാറുകളുമായി താരതമ്യം ചെയ്യാൻ സാധിക്കുന്ന ഫീച്ചറുകളാണ് ഈ വാഹനത്തിൽ ഒരുക്കിയിരിക്കുന്നത്. 10.25 ഇഞ്ച് വലിപ്പത്തിലുള്ള ടി.എഫ്.ടി. സ്ക്രീനാണ് ഇതിൽ ഇൻസ്ട്രുമെന്റ് ക്ലെസ്റ്ററായി പ്രവർത്തിക്കുന്നത്. നാവിഗേഷൻ, കണക്ടിവിറ്റി, പെർഫോമെൻസ് ഡാറ്റ, റേഞ്ച്, ചാർജിങ്ങ് ടൈം തുടങ്ങിയവയാണ് ഇതിൽ ലഭിക്കുന്ന പ്രാഥമിക വിവരങ്ങൾ. സി-ടൈപ്പ് ചാർജിങ്ങ്, ഉൾപ്പെടെയുള്ള റെഗുലർ സ്കൂട്ടറുകളിലെ ഫീച്ചറുകളും ഇതിൽ ഒരുക്കിയിട്ടുണ്ട്.

സുരക്ഷ ഉറപ്പാക്കുന്നിനുള്ള നിരവധി ഫീച്ചറുകളും ഇതിലുണ്ട്. ട്രാക്ഷൻ കൺട്രോൾ, എ.ബി.എസ്. ബ്രേക്കിങ്ങ്, മുന്നിലും പിന്നിലും നൽകിയിട്ടുള്ള 265 എം.എം. വലിപ്പത്തിലുള്ള ഡിസ്ക് ബ്രേക്കുകൾ, ഇലക്ട്രോണിക് റിവേഴ്സ് ഫങ്ഷൻ എന്നിങ്ങനെ നീളുന്നതാണ് സുരക്ഷ ഫീച്ചറുകൾ. 2285 എം.എം. നീളവും 1150 എം.എം. ഉയരവും 855 എം.എം. വീതിയുമാണ് ഈ സ്കൂട്ടറിനുള്ളത്. 780 എം.എം. ആണ് സീറ്റ് ഹൈറ്റ് എങ്കിലും ഇത് 800 എം.എം. വരെ ഉയർത്താനുള്ള സൗകര്യവും ഇതിൽ ഒരുക്കുന്നുണ്ട്.

മെക്കാനിക്കൽ സവിശേഷതകളും താരതമ്യേന ആകർഷകമാണ്. 8.5 കിലോവാട്ട് ശേഷിയുള്ള ബാറ്ററി പാക്കാണ് ബി.എം.ഡബ്ല്യു സി.ഇ.ഒ4-ൽ നൽകിയിട്ടുള്ളത്. ഇത് 41 ബി.എച്ച്.പി. പവറും 62 എൻ.എം. ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ഒറ്റത്തവണ ചാർജ് ചെയ്താൽ 130 കിലോ മീറ്റർ റേഞ്ച് ലഭിക്കുമെന്നാണ് നിർമാതാക്കൾ അവകാശപ്പെടുന്നത്. മൂന്ന് റൈഡിങ്ങ് മോഡലുകളുള്ള ഈ സ്കൂട്ടർ 2.6 സെക്കന്റിൽ പൂജ്യത്തിൽ നിന്ന് 50 കിലോ മീറ്റർ വേഗത കൈവരിക്കും.

Leave a Reply

Your email address will not be published. Required fields are marked *