Your Image Description Your Image Description

 

കേരളം ആകാംക്ഷയോടെ കാത്തിരുന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ രണ്ടു മണ്ഡലങ്ങളിലും റെക്കോർഡ് വിജയം നേടി ഐക്യജനാധിപത്യ മുന്നണി ശക്‌തമായ തിരിച്ചുവരവ് നടത്തിയ വർഷമാണിത്. ഉപതെരഞ്ഞെടുപ്പില്‍ പാലക്കാട് റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെ യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലും വയനാട്ടില്‍ യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്കാ ഗാന്ധിയും വിജയിച്ചു. ചേലക്കരയിൽ എല്‍ഡിഎഫ് സ്ഥാനാര്‍ഥി യുആര്‍ പ്രദീപാണ് തെരഞ്ഞെടുക്കപ്പെട്ടത്.

വയനാട്ടിലെ കഴിഞ്ഞ തെരഞ്ഞെടുപ്പിലെ രാഹുല്‍ ഗാന്ധിയുടെ റെക്കോര്‍ഡ് തകര്‍ത്താണ് കന്നിയങ്കത്തില്‍ പ്രിയങ്ക തന്‍റെ സീറ്റ് ഉറപ്പിച്ചത്. 2016ല്‍ ഷാഫി പറമ്പില്‍ നേടിയ 17,483 വോട്ടിന്‍റെ റെക്കോര്‍ഡ് പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിലും മറികടന്നു. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വേണ്ടി പാലക്കാട് മത്സരിച്ച മെട്രോമാന്‍ ഇ ശ്രീധരനോട് കഷ്‌ടിച്ച് 3859 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ഷാഫി പറമ്പില്‍ വിജയിച്ചത്. കോണ്‍ഗ്രസ് പാളയത്തില്‍ നിന്ന് സ്ഥാനാര്‍ഥിയെ അടര്‍ത്തിയെടുത്ത് മത്സരിപ്പിച്ചിട്ടും പാലക്കാട് എല്‍ഡിഎഫിന് മൂന്നാം സ്ഥാനത്ത് നിന്ന് നിലമെച്ചപ്പെടുത്താനായില്ല.

ചേലക്കരയില്‍ 2021ല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ രാധാകൃഷ്‌ണന്‍ 39,400 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. ആ ഭൂരിപക്ഷത്തിനടുത്തേക്കെത്താന്‍ ഈ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് സാധിച്ചില്ല. എന്നാല്‍ 2016ല്‍ യു ആര്‍ പ്രദീപ് ചേലക്കരയില്‍ കന്നി മത്സരത്തില്‍ നേടിയ 10,200 വോട്ടിന്‍റെ ഭൂരിപക്ഷം അദ്ദേഹം തന്‍റെ രണ്ടാം മത്സരത്തില്‍ മറികടന്നു.

രാഹുൽ മാങ്കൂട്ടത്തിൽ സത്യപ്രതിജ്ഞ ചെയ്തതോടെ നിയമസഭയിൽ പുതുമുഖങ്ങളുടെ എണ്ണത്തിലും വർധനവാണ്. ഭരണ–പ്രതിപക്ഷ ഏറ്റുമുട്ടലുകൾക്കു വഴിയൊരുക്കുന്ന അടിയന്തര പ്രമേയങ്ങൾ പൊതുവേ യുവാക്കളാണ് അവതരിപ്പിക്കാറ്. കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പിലൂടെ 53 പുതുമുഖങ്ങളാണു നിയമസഭയിലെത്തിയത്. പി.ടി.തോമസിനു പകരം ഉമ തോമസ് എത്തിയതോടെ ഇത് 54 ആയി. രാഹുൽ മാങ്കൂട്ടത്തിൽ കൂടിയെത്തുമ്പോൾ ആകെ പുതുമുഖങ്ങൾ 55 ആകും.

Leave a Reply

Your email address will not be published. Required fields are marked *