Your Image Description Your Image Description

2024 -ലെ മലയാള സിനിമയുടെ കുതിച്ചു ചാട്ടത്തെ ഇന്ത്യൻ സിനിമ വ്യവസായത്തിലെ എല്ലാ ഇൻഡസ്ട്രികളും ഒരേ കൗതുകത്തോടെയാണ് നോക്കി കണ്ടത്. ബോളിവുഡ് അടക്കമുള്ള ഇൻഡസ്ട്രികൾ ബോക്സ് ഓഫീസിൽ തുടർച്ചയായ പരാജയം രുചിക്കുമ്പോൾ മിനിമം ബഡ്ജറ്റിലും താരത്തിളക്കുമില്ലാതെ എത്തിയ മലയാള സിനിമകൾ ബോക്സ് ഓഫീസ് അടക്കി വാഴുന്ന കാഴ്ചയും പ്രേക്ഷകർ കണ്ടു. 2024 ല്‍ മലയാള സിനിമ 1550 കോടി രൂപയാണ് ആകെ നേടിയത് എന്നാണ് റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നത്.

അഞ്ച് സിനിമകളാണ് ഈ വർഷം മലയാളത്തിൽ നിന്നും 100 കോടി കടന്നിരിക്കുന്നത്. ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മൽ ബോയ്സാണ് ബോക്സ് ഓഫീസ് കളക്ഷനിൽ മുന്നിൽ നിൽക്കുന്നത്. 241 കോടിയോളം രൂപയാണ് ചിത്രത്തിന്റെ ആ​ഗോള ​ഗ്രോസ് കളക്ഷനായി നേടിയെന്നാണ് വിലയിരുത്തൽ. മഞ്ഞുമ്മൽ ബോയ്സ് കണ്ട് കമൽ ഹാസൻ, ഉദയനിധി സ്റ്റാലിൻ, കാർത്തിക് സുബ്ബരാജ്, സിദ്ധാർത്ഥ് എന്നിവർ അഭിനന്ദനങ്ങളുമായി എത്തിയതും കമൽ ഹാസൻ- ​ഗുണ ട്രിബ്യൂട്ട് എന്ന നിലക്കുള്ള സോഷ്യൽ മീഡിയ ചർച്ചകളും തമിഴ് റിലീസുകൾക്ക് മുകളിലുള്ള ഒരു സ്വീകാര്യത തമിഴ്നാട്ടിലും മഞ്ഞുമ്മലിന് നേടിക്കൊടുത്തിരുന്നു. ഇതും ചിത്രത്തിന്റെ മികച്ച ബോക്സ് ഓഫീസ് പ്രകടനത്തിന് കാരണമായിട്ടുണ്ട്. 2024ലെ ഏറ്റവും വലിയ മലയാളം ഹിറ്റും മഞ്ഞുമ്മൽ ബോയ്സാണ്.

റിലീസിന് മുൻപായെത്തിയ ട്രെയ്‍ലറിലൂടെയാണ് ഇതൊരു സർവൈവൽ ത്രില്ലർ ആണെന്നും യഥാർഥ സംഭവത്തെ ആസ്പദമാക്കിയുള്ള ചിത്രമാണെന്നുമൊക്കെ പ്രേക്ഷകർ അറിയുന്നത്. പിന്നീടങ്ങോട്ട് ചിത്രത്തിന് മികച്ച ഹൈപ്പ് ലഭിച്ചു. റിലീസിന് ഒരു ദിവസം മുൻപ് മാത്രമാണ് അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചതെങ്കിലും മികച്ച ബുക്കിംഗ് ആണ് ചിത്രം നേടിയത്. ആദ്യദിനം തന്നെ മസ്റ്റ് വാച്ച് എന്ന അഭിപ്രായം നേടിയതോടെ ചിത്രം തിയറ്ററുകളിൽ തരം​ഗമായി.

ജാന്‍ എ മനിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ചിത്രം 2006 ല്‍ നടന്ന യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയുള്ളതാണ്. ആദ്യദിനം തന്നെ മൂന്ന് കോടിക്ക് മുകളിലാണ് ചിത്രം വാരിക്കൂട്ടിയത്. എറണാകുളത്തെ മഞ്ഞുമ്മലില്‍ നിന്ന് കൊടൈക്കനാലിലേക്ക് യാത്ര പോകുന്ന ഒരുകൂട്ടം യുവാക്കളുടെ കഥയാണ് മഞ്ഞുമ്മല്‍ ബോയ്സ് പറയുന്നത്. സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, ജീന്‍ പോള്‍ ലാല്‍, ഗണപതി, ചന്തു സലിംകുമാര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. സംവിധായകന്‍ ഖാലിദ് റഹ്‌മാനും ചിത്രത്തിൽ പ്രധാനവേഷത്തിലെത്തി.

Leave a Reply

Your email address will not be published. Required fields are marked *