Your Image Description Your Image Description

കൊച്ചി : കേരള പുനര്‍നിര്‍മ്മാണ പദ്ധതിയുടെ സഹായത്തോടെ ഹരിതകേരളം മിഷന്‍ എറണാകുളം ജില്ലയിലെ കരുമാലൂര്‍ ഗ്രാമപഞ്ചായത്തിലെ എഫ്എംസിടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സ്ഥാപിച്ച ജല ഗുണനിലവാര പരിശോധനാ ലാബിന്റെ ഉദ്ഘാടനം കരുമാലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീലത ലാലു നിര്‍വഹിച്ചു.

എഫ് എംസിടി സ്‌കൂള്‍ മാനേജര്‍ ഫാ. അലക്‌സ് കരീമാടം അധ്യക്ഷനായ ചടങ്ങില്‍ ഹരിതകേരളം മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍ ടി എസ് ദീപു മുഖ്യപ്രഭാഷണം നടത്തി. പൊതുജനങ്ങള്‍ക്കു തങ്ങളുടെ കിണര്‍ വെള്ളത്തിന്റെ സാമ്പിള്‍ സ്‌കൂളുകളിലെ ലാബുകളില്‍ നേരിട്ടെത്തിച്ചു ഗുണനിലവാര പരിശോധന നടത്താം.

ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ കെമിസ്ട്രി ലാബുകള്‍ പ്രയോജനപ്പെടുത്തി ഹരിതകേരളം മിഷന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണു പദ്ധതി നടപ്പാക്കുന്നത്. ജലത്തിന്റെ നിറം, ഗന്ധം, പി.എച്ച് മൂല്യം, വൈദ്യുതി ചാലകത, ലവണ സാന്നിദ്ധ്യം, ലയിച്ചു ചേര്‍ന്നിട്ടുള്ള ഖരപദാര്‍ത്ഥങ്ങളുടെ അളവ്, നൈട്രേറ്റിന്റെ അളവ്, അമോണിയയുടെ അളവ്, കോളിഫോം ബാക്ടീരിയയുടെ സാന്നിദ്ധ്യം എന്നിവയാണ് ലാബുകളില്‍ പ്രധാനമായും പരിശോധിക്കുന്നത്. സ്‌കൂളിലെ കെമിസ്ട്രി അധ്യാപകരുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തത്തോടെയാണു പദ്ധതി നടപ്പാക്കുന്നത്.

പ്രാദേശികമായി ലാബുകള്‍ സ്ഥാപിക്കുന്നതോടെ കുടിവെള്ള പരിശോധന വ്യാപകമാക്കാനും ജല ഗുണനിലവാരം ഉറപ്പാക്കാനും കഴിയും. പ്രിന്‍സിപ്പല്‍ പീറ്റര്‍ ജോണ്‍, ഹെഡ്മിസ്ട്രസ് ജിഷ വര്‍ഗീസ്, പിടിഎ പ്രസിഡന്റ് പോളി കളപ്പറമ്പത്ത്, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ റംല ലത്തീഫ്, ബ്ലോക്ക് പഞ്ചായത്തംഗം ജയശ്രീ ഗോപീകൃഷ്ണന്‍, വാര്‍ഡ് മെമ്പര്‍ ജിജി അനില്‍കുമാര്‍, പിടിഎ വൈസ് പ്രസിഡന്റ് വി എം ഫൈസല്‍, മദര്‍ പിടിഎ പ്രസിഡന്റ് ഡെല്‍മി സിജു എന്നിവര്‍ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *