Your Image Description Your Image Description

കൊച്ചി: ഇന്ത്യ, ഗള്‍ഫ്, തെക്കന്‍ ഏഷ്യ എന്നിവിടങ്ങളിലായി 51 ഇടങ്ങളിലേക്ക് സേവനം വിപുലപ്പെടുത്തി എയര്‍ ഇന്ത്യ എക്സ്പ്രസ്. ഡിസംബര്‍ 20 മുതല്‍ ബാങ്കോക്കിലേക്കും പുതിയ സര്‍വ്വീസ് ആരംഭിക്കും. പുനെ, സൂറത്ത് എന്നിവിടങ്ങളില്‍ നിന്നാണ് ബാങ്കോക്കിലേക്ക് നേരിട്ടുള്ള സര്‍വ്വീസുകള്‍. കൊച്ചിയില്‍ നിന്നും ഭുവനേശ്വറിലേക്കുള്ള പുതിയ സര്‍വ്വീസ് ജനുവരി മൂന്നിന് ആരംഭിക്കും. കൊച്ചി- തിരുവനന്തപുരം റൂട്ടിലും എയര്‍ ഇന്ത്യ എക്സ്പ്രസ് പുതിയ വിമാന സര്‍വ്വീസിന് തുടക്കമിട്ടിട്ടുണ്ട്. എയര്‍ ഇന്ത്യ എക്സ്പ്രസ് വെബ്സൈറ്റ്, മൊബൈല്‍ ആപ്ലിക്കേഷന്‍ മറ്റ് ബുക്കിംഗ് ചാനലുകള്‍ എന്നിവിടങ്ങളില്‍ നിന്നും ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം.

ബാങ്കോക്കിലേക്ക് പുതിയ സര്‍വ്വീസ് ആരംഭിക്കുന്നതോടെ തെക്ക് കിഴക്കന്‍ ഏഷ്യയിലെ തങ്ങളുടെ സാന്നിധ്യം അതിവേഗം വിപുലപ്പെടുത്തുകയാണെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് മാനേജിംഗ് ഡയറക്ടര്‍ അലോക് സിംഗ് പറഞ്ഞു. രാജ്യത്തെ വളര്‍ന്നു വരുന്ന സാമ്പത്തിക കേന്ദ്രങ്ങളായ പൂനെ, സൂറത്ത് എന്നിവിടങ്ങളില്‍ നിന്നും ഈ പുതിയ സര്‍വ്വീസുകള്‍ ആരംഭിക്കുന്നതില്‍ വളരെയധികം സന്തോഷമുണ്ട്. ഡല്‍ഹി, ബാംഗ്ലൂര്‍, ഹൈദരാബാദ് എന്നിവിടങ്ങളെ ബന്ധിപ്പിച്ചും കൂടുതല്‍ സര്‍വ്വീസുകള്‍ നടത്തുന്നത് വഴി ആഭ്യന്തര മേഖലയിലും മികച്ച യാത്രാ അനുഭവം ഒരുക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രതിദിനം 400 ലധികം സര്‍വീസുകളാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസിനുള്ളത്. കേരളത്തിലെ നാല് വിമാനത്താവളങ്ങളില്‍ നിന്ന് മാത്രം 344 വിമാന സര്‍വീസുകളാണ് ആഴ്ച തോറും എയര്‍ ഇന്ത്യ എക്‌സ്പ്രസിനുള്ളത്. കൊച്ചിയില്‍ നിന്നും 128, തിരുവനന്തപുരത്ത് നിന്നും 66, കോഴിക്കോട് നിന്നും 91, കണ്ണൂരില്‍ നിന്നും 59 എന്നിങ്ങനെയാണ് വിമാന സര്‍വീസുകളുടെ എണ്ണം.

Leave a Reply

Your email address will not be published. Required fields are marked *