Your Image Description Your Image Description

വീൽചെയർ അവലംബരായി പരിമിതികളോട് പോരാടുന്ന ഭിന്നശേ
ഷിക്കാരെ ചേർത്ത് പിടിക്കാൻ മലപ്പുറം ജില്ലാഭരണകൂടവും ജില്ലാ സ്പോർട്സ് കൗൺസിലും. വീൽചെയറിൽ ജീവിതം തള്ളിനീക്കുന്ന ഭിന്നശേഷിക്കാർക്ക് സമയം ക്രിയാത്മകവും ആനന്ദകരവുമായി ചെലവഴിക്കാനും വിരസത നിറഞ്ഞ സാചര്യത്തിന് മാറ്റമുണ്ടാക്കാനുമുള്ള നൂതന പദ്ധതിയാണ് ജില്ലാ കളക്ടർ വി.ആർ. വിനോദിന്റെ നേതൃത്വത്തിൽ ആവിഷ്കരിക്കുന്നത്.

ഭിന്നശേഷിക്കാർ വീടുകളിലെ മുറികളിൽ മാത്രം ഒതുങ്ങേണ്ടവരല്ല.
അവരുടെ താല്പര്യമനുസരിച്ചുള്ള വിനോദങ്ങളിലും പഠന പ്രവർത്തനങ്ങളിലും ഏർപ്പെടുന്നതിനുള്ള അവസരം ഒരുക്കേണ്ടതുണ്ട്. ഈ സാഹചര്യത്തിൽ ഭിന്ന ശേഷിക്കാരുടെ കായികവും കലാപരവും ബുദ്ധിപരവുമായ കഴിവുകൾ തെളിയിക്കുന്നതിനുള്ള അവസരങ്ങൾ ഒരുക്കാൻ ഉദ്ദേശിക്കുന്നതായി ജില്ലാ കളക്ടർ അറിയിച്ചു. ഇത്തരം ശേഷികളെ കണ്ടെത്തി പരിപോഷിപ്പിച്ച് സമൂഹത്തിന്റെ മുഖ്യധാരയില്‍ ഭിന്ന ശേഷിക്കാരെ എത്തിക്കാനുള്ള തീവ്രപരിശീലനം നൽകുകയും കഴിവനുസരിച്ച് ഐ.ടി. സാധ്യതകൾ ഉപയോഗപ്പെടുത്തി വരുമാനം കണ്ടെത്തുന്നതിന് അവരെ പ്രാപ്തരാക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.

പരിമിതികൾക്കിടയിലും ഉത്സാഹത്തോടെ മുന്നോട്ടു നീങ്ങുന്നതിന് വീൽചെയർ അവലംബരെ പ്രാപ്തരാക്കുന്ന പദ്ധതിയാണ് ആദ്യഘട്ടത്തിൽ ജില്ലാഭരണകൂടവും സ്പോർട്സ് കൗൺസിലും ചേർന്ന് ജില്ലയിലെ ചെസ്സ് കളിക്കാരുടെ കൂട്ടായ്മയുടെ സഹായത്തോടുകൂടി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഭാഗമായി ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള സേവന സന്നദ്ധരായ ചെസ് പരിശീലകരെ ഉപയോഗപ്പെടുത്തി ഭിന്നശേഷിക്കാർക്ക് ചെസ് പരിശീലനം സംഘടിപ്പിക്കും. ജില്ലയിലെ ആറ് കേന്ദ്രങ്ങളിൽ അടുത്ത ദിവസങ്ങളിലായി പരിശീലന പരിപാടി നടത്താനാണ് ആലോചന.

ആദ്യത്തെ പരിശീലന പരിപാടിയും ജില്ലാതല ഉദ്ഘാടനവും ജനുവരി 7ന് രാവിലെ 10 ന് തിരൂർ ഫാത്തിമ മാതാ ഹയർ സെക്കൻഡറി സ്കൂളിൽ കായിക- ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടർ വി.ആർ. വിനോദ് മുഖ്യാതിഥിയാകും. അന്നേ ദിവസം 11:30 മണിക്ക്
കുറ്റിപ്പുറത്ത് ഇല ഫൗണ്ടേഷൻ പരിശീലന പരിപാടി സംഘടിപ്പിക്കും. ജില്ലാ കളക്ടർ ഉദ്ഘാടനം ചെയ്യും. തുടർന്ന് 13 ന് മലപ്പുറം, പെരിന്തൽമണ്ണ, 14 ന് മഞ്ചേരി, നിലമ്പൂർ എന്നിവിടങ്ങളിലാണ് പരിശീലന പരിപാടികൾ.

സന്നദ്ധ സേവകരായ ചെസ് കളിക്കാർ ഭിന്നശേഷിക്കാരുടെ വീടുകളിൽ ആഴ്ചയിൽ രണ്ടുദിവസം സന്ദർശിച്ച് അവരോടൊപ്പം ചിലവഴിക്കുകയും തുടർ പരിശീലനം നൽകുകയും മാനസികോല്ലാസത്തിന് ഉതകുന്ന വിവിധ പ്രവൃത്തികളിൽ ഏർപ്പെടുകയും ചെയ്യും. ഇതോടൊപ്പം ഐ.ടി സാധ്യതകൾ ഉപയോഗിച്ച് ഭിന്നശേഷിക്കാർക്ക് തൊഴിലവസരങ്ങൾ കണ്ടെത്താനും പരിശീലനം നൽകും. പൂർണ്ണമായും സൗജന്യമായാണ് സേവനം നൽകുക. പങ്കെടുക്കാൻ താല്പര്യമുള്ള ഭിന്നശേഷിക്കാരിൽ ട്രാൻസ്പോർട്ടേഷൻ ആവശ്യമുള്ളവർ മുൻകൂറായി ജില്ലാ സ്പോർട്സ് കൗൺസിലിൽ പേര് രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ഫോൺ / വാട്സാപ്പ്: 7012835273

Leave a Reply

Your email address will not be published. Required fields are marked *