Your Image Description Your Image Description

മുംബൈ: എയർഇന്ത്യ പൈലറ്റായ യുവതിയെ ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ഗോരഖ്പുർ സ്വദേശിനിയായ സൃഷ്ടി തുലിയാണ് മരിച്ചത്. മുംബൈയിലെ അന്ധേരിയിലെ താമസസ്ഥലത്താണ് ഇരുപത്തഞ്ചുകാരിയായ സൃഷ്ടിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ ആൺ സുഹൃത്ത് ഡൽഹി സ്വദേശിയായ ആദിത്യ പണ്ഡിറ്റിനെ (27) പോലീസ് അറസ്റ്റുചെയ്തു. ആത്മഹത്യാപ്രേരണാ കുറ്റം ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

അന്ധേരി ഈസ്റ്റിലെ മാറോൽ പോലീസ് കാംപിന് പിന്നിലായുള്ള വാടക ഫ്‌ളാറ്റിലാണ് യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. ആദിത്യ ഇവിടെ വരാറുണ്ടായിരുന്നു. ഞായറാഴ്ച ജോലി കഴിഞ്ഞെത്തിയ സൃഷ്ടിയും ആദിത്യയും തമ്മിൽ വാക്കുതർക്കമുണ്ടായി. പിന്നാലെ ആദിത്യ ഡൽഹിയിലേക്ക് തിരിച്ചു. ആദിത്യയെ ഫോണിൽ വിളിച്ച സൃഷ്ടി, താൻ ആത്മഹത്യചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. പിന്നാലെ ആദിത്യ സൃഷ്ടിയുടെ താമസസ്ഥലത്തേക്ക് തിരിച്ചു. വാതിൽ അകത്തുനിന്ന് പൂട്ടിയതായി മനസിലാക്കിയ ആദിത്യ, പകരം താക്കോൽ എത്തിച്ച്‌ വാതിൽ തുറന്നു. ചലനമറ്റുകിടക്കുന്ന സൃഷ്ടിയെ കണ്ട് പോലീസിനെ വിവരം അറിയിച്ചു. ആദിത്യ തന്നെ സൃഷ്ടിയെ സ്വകാര്യ ആശുപത്രയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിന്നാലെ ഇക്കാര്യം കുടുംബത്തേയും പോലീസിനേയും അറിയിച്ചു.

ആദിത്യയുടെ പീഡനത്തിൽ സൃഷ്ടി മാനസികമായി തകർന്നിരുന്നുവെന്നും ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നുമാണ് പ്രാഥമിക നിഗമനമെന്ന് പോലീസ് പറഞ്ഞു. അതേസമയം, യുവതിയുടെ മരണം കൊലപാതകമാണെന്ന് സംശയിക്കുന്നതായി കുടുംബം ആരോപിച്ചു. ആദിത്യ കൊലപ്പെടുത്തിയതാണെന്നും മരണം ആത്മഹത്യയെന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുകയാണെന്നുമാണ് കുടുംബം പറയുന്നത്. ആദിത്യ പൊതുസ്ഥലത്തുവെച്ച് സൃഷ്ടിയെ അപമാനിച്ചുവെന്നും മാംസാഹാരം കഴിക്കുന്നതിൽനിന്ന് വിലക്കിയെന്നുമാണ് കുടുംബത്തിന്റെ ആരോപണം. സമഗ്രമായ അന്വേഷണം വേണമെന്നും പോലീസിനോട് കുടുംബം ആവശ്യപ്പെട്ടു.

കോടതിയിൽ ഹാജരാക്കിയ ആദിത്യയെ നാലുദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. സൃഷ്ടിയുടെ ഫോൺ ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചു. കുടുംബത്തിന്റേയും അടുത്ത സുഹൃത്തുക്കളുടേയും സഹപ്രവർത്തകരുടേയും കൂടെത്താമസിക്കുന്നവരുടേയും മൊഴി രേഖപ്പെടുത്തിയതായി പോലീസ് പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *