Your Image Description Your Image Description

തിരുവനന്തപുരം: കേരളത്തിന് അര്‍ഹമായ ദുരന്തസഹായം വൈകുന്നതിലുള്ള പ്രതിഷേധം പാര്‍ലമെന്റില്‍ അറിയിക്കണമെന്ന് കേരളത്തില്‍ നിന്നുള്ള എംപിമാരോട് മുഖ്യമന്ത്രി പിണറായി വിജയന്‍. വയനാട്ടിലെ മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട് കേന്ദ്രത്തില്‍ നിന്നു പ്രത്യേക ധനസഹായമൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നും ഇത് സ്ഥിതി കൂടുതല്‍ ഗുരുതരമാക്കുന്നുവെന്നും എംപിമാരുടെ യോഗത്തില്‍ മൃഖ്യമന്ത്രി പറഞ്ഞു.

കേരളത്തിനു ലഭിക്കുന്ന കേന്ദ്ര വിഹിതവും ഗ്രാന്റും വലിയതോതില്‍ കുറഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ 24,000 കോടി രൂപയുടെ സ്പെഷല്‍ പാക്കേജ് അനുവദിക്കണമെന്നും കടമെടുപ്പ് പരിധി 3.5 ശതമാനമായി ഉയര്‍ത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് 15-ാം ധനകാര്യ കമ്മിഷന്‍ വകയിരുത്തിയ തുകയും, എന്‍എച്ച്എമ്മിന്റെ ഭാഗമായി അനുവദിക്കാനുള്ള തുകയും യുജിസി ശമ്പളപരിഷ്‌ക്കരണ കുടിശികയും കേന്ദ്ര സര്‍ക്കാര്‍ ഇനിയും ലഭ്യമാക്കിയിട്ടില്ലെന്നും മുഖ്യമന്ത്രി എംപിമാരെ അറിയിച്ചു. വിഴിഞ്ഞത്തിനുള്ള സഹായവും എയിംസും മറ്റും നേടിയെടുക്കാന്‍ കൂട്ടായ പരിശ്രമം ആവശ്യമാണെന്നും മുഖ്യമന്ത്രി എംപിമാരോടു പറഞ്ഞു.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 1,202 കോടി രൂപയുടെ പ്രാഥമിക സഹായമാണ് സംസ്ഥാനം ആവശ്യപ്പെട്ടത്. കേന്ദ്രം പല സംസ്ഥാനങ്ങള്‍ക്കും അവര്‍ രേഖാമൂലം ആവശ്യപ്പെടാതെ തന്നെ സഹായം നല്‍കിയിട്ടുണ്ട്. എന്നിട്ടും പ്രത്യേക ധനസഹായമായി ഒരു രൂപ പോലും കേരളത്തിന് ഇതുവരെ ലഭിച്ചിട്ടില്ല. മരിച്ചവരുടെ ആശ്രിതര്‍ക്കുള്ള സഹായമായും ഗുരുതര പരുക്കേറ്റവര്‍ക്കുള്ള ചികിത്സാ സഹായമായും പിഎംഎന്‍ആര്‍എഫില്‍ നിന്ന് ആകെ 3.31 കോടി രൂപ മാത്രമാണ് കേന്ദ്രം ലഭ്യമാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിഴിഞ്ഞം പദ്ധതിക്കായി 817.80 കോടി രൂപ വയബിലിറ്റി ഗ്യാപ് ഫണ്ടായി അനുവദിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാലിപ്പോൾ ഈ തുക പ്രീമിയം റവന്യൂ ഷെയറിങിലൂടെ തിരിച്ചടയ്ക്കണമെന്ന വ്യവസ്ഥ ചെയ്തിരിക്കുകയാണ്. ഭാവിയില്‍ ഇത് കേരളത്തിന് 12,000 കോടി രൂപയുടെ വരെ സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്നാണ് കണക്കാക്കുന്നത്. വയബിലിറ്റി ഗ്യാപ് ഫണ്ട് തിരിച്ചടയ്ക്കണമെന്ന വ്യവസ്ഥ മറ്റു സംസ്ഥാനങ്ങള്‍ക്ക് ബാധകമല്ല. അതുകൊണ്ടു തന്നെ വിഴിഞ്ഞത്തിനുള്ള വയബിലിറ്റി ഗ്യാപ് ഫണ്ട് തിരിച്ചടവ് വ്യവസ്ഥ ഒഴിവാക്കി ഗ്രാന്റായി തന്നെ ലഭ്യമാക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *